അസുരാബാദ് വെസ്റ്റ്

ഉത്തരദേശവും കെ.എം. ഹസന്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കഥ
ശൂന്യതയുടെ കവാടത്തില്‍ രണ്ടു തോണി. ഒന്ന് പൂര്‍ണതയിലേക്ക്, രണ്ട് പൂജ്യത്തിലേക്ക്, ഒന്നില്‍ കയറിയാല്‍ പരിസമാപ്തി, രണ്ടിലാണേല്‍ പുനര്‍ പ്രയാണം. ഒന്നിലേക്ക് കാലെടുത്തുവെച്ച എനിക്ക് നേരെ കാവല്‍ ദൂതന്‍ വലതുപിരികം കൊണ്ടൊരു ചോദ്യചിഹ്നം അയച്ചു. അതിനും മാത്രമുള്ള കുറ്റങ്ങളൊക്കെ ഉണ്ടോ? തികട്ടി വന്ന ചിരി കണ്‍പീലിയില്‍ ഒതുക്കി ഞാന്‍ പറഞ്ഞു: ഞാനേ ഒരു കഥ എഴുതി.
കമ്മ്യൂണിസ്റ്റ് പച്ചയില്‍ കാടന്‍ കോറിയിട്ട വാക്കുകള്‍ ഈ മഴയിലും ഭിത്തിയില്‍ പാതി മാഞ്ഞുകിടപ്പുണ്ട്. തമ്പാക്ക് ഉള്ളം കയ്യില്‍ ഇട്ടു ഞരടിക്കൊണ്ട് ഹല്‍വ കുറച്ചു നേരം ആ വരികളില്‍ തട്ടിയും തടഞ്ഞും നിന്നു. നീണ്ട പതിനാറ് മാസം കഴിഞ്ഞുള്ള തിരിച്ചുവരവാണ്. പടുവ വരെ വെയില്‍ കാഞ്ഞുള്ള കാല്‍ നട, പിന്നെ മലയില്‍ നിന്നും ഒരു ലോറി പിടിച്ചു താഴേക്ക്, വണ്ടിയില്‍ ഉള്ളവര്‍ക്ക് മുഖം കൊടുക്കാതെ ഹല്‍വ എങ്ങനെയൊക്കെയോ അവിടം വരെ ജീവന്‍ എത്തിച്ചു. ഒരു മയക്കം കഴിഞ്ഞു. പിന്നെ കണ്ണ് തുറക്കുമ്പോ കാണുന്നത് ഈ ഭിത്തിയാണ്. അസുരാബാദില്‍ തലേന്നത്തെ മഴ വരച്ചിട്ട ചിത്രത്തില്‍ തന്റെ മുഖമുണ്ടോ എന്ന് നോക്കി ഹല്‍വ കുറച്ചുനേരം കൂടി അവിടെ സമയം പായിച്ചു. പിന്നെ ആ ചളിയും ചവിട്ടി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യം വെച്ച് മുന്നോട്ടു നടന്നു. പതിനൊന്നരക്കുള്ള സാകേതി പോയതിന്റെ ചൂട് ഇപ്പോയും പാളത്തില്‍ ഉണ്ട്; ഇനി രണ്ടര മണിക്കൂര്‍, പല്ലികളെ പിടിക്കാന്‍ റോന്തുചുറ്റുന്ന കുറുക്കന്മാരുടെ കണ്ണുവെട്ടിച്ച് ഇവിടെ വല്ലയിടത്തും തങ്ങണം. ഹല്‍വ ഇരുട്ടിലേക്ക് ഒന്ന് കണ്ണ് പായിച്ചു നോക്കി, ജനാലയിലൂടെ വരുന്ന മഞ്ഞ വെളിച്ചത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ റാം നാഥിനെ വ്യക്തമായി കാണാം. അയാളേതോ അപസര്‍പക കഥയില്‍ കസേരയും ഇട്ട് ഇരിപ്പാണ്. ഇടയ്ക്ക് വാലെടുത്തു ചെവിയില്‍ ഇട്ട് രസം പിടിക്കുന്നുണ്ട്. ചുറ്റിലുമായി സില്‍ബന്തി ഊളകള്‍ തോക്കും പിടിച്ച് നിപ്പുണ്ട്. ഇവറ്റകളുടെ കയ്യില്‍ ഉള്ളതൊക്കെ റബ്ബര്‍ തുപ്പുന്നതാണ്. വണ്ടി ഇറങ്ങി വരുന്നവരില്‍ സംശയം ഉള്ള ആരെ കണ്ടാലും ടപ്പേ... ഒന്ന് ഓരി ഇടുന്നതിന് മുന്നേ വെടി കൊണ്ടവന്‍ താഴെ കിടക്കും. പിന്നെ മലയിറങ്ങി കുറുക്കന്മാര് വരണം ചത്തവനെ കൊണ്ടോവാന്‍. വെടി കൊണ്ടവന്റെ വാല് അറുത്തതാണോ അല്ലയോ എന്നൊന്നും നോക്കില്ല, ഇനി വാല് ഉണ്ടെങ്കില്‍ തന്നെ പോകുന്ന വഴി വല്ല പാറയിലും കയറ്റി ചെത്തിക്കളയും. വാല് പോയിക്കഴിഞ്ഞാല്‍ അവനും പല്ലി, നാട് ചാമ്പലാക്കാന്‍ നടക്കുന്ന പല്ലികളെ കണ്ടാല്‍ അപ്പോ വെടി ഉതിര്‍ക്കണം എന്നാണ് മജിസ്‌ട്രേറ്റിന്റെ ഓര്‍ഡര്‍. കൂറ് വിട്ടു പോയി വാല് അറുക്കുന്നവന്‍ ആരായാലും അതിപ്പോ നരിയുടെ മകനായാലും കുറുക്കന്റെ മകനായാലും അവന്‍ പിന്നെ നാട്ടാരുടെ മുന്നില്‍ പല്ലിയാണ്. അല്ലേലും നാടൊട്ടുക്കെ ഇപ്പൊ പല്ലികള്‍ ആണല്ലോ...
രാജ്‌നാഥ് ഇപ്പോഴും കഥയിലാണ്, ഓരോ താളുകളും ഓരോ വാതില്‍ പോലെ അയാള്‍ തള്ളിത്തുറന്നുകൊണ്ടിരുന്നു. ഓരോ താള്‍ മറിയുമ്പോഴും അയാളുടെ താരന്‍ തട്ടിയ മീശക്ക് നീളം കൂടി വന്നു. അത് ജീവവായു പേറുന്ന ആല്‍വേരുപോലെ തറയിലേക്കു ഊര്‍ന്നുവീണു. പല നിറങ്ങളിലുള്ള കൊടിയിലും തട്ടി അതിന്റെ തുമ്പ് ഒന്നിന് മേലെ ഒന്നായി, ഓരോ ഇഴകളും ചേര്‍ന്ന് നൂറായി ചൂളം വിളിച്ചുകൊണ്ട് പാളത്തിലൂടെ പാഞ്ഞടുത്തു. അത് ഹല്‍വയുടെ ഇരു കരങ്ങളും ചുറ്റി വിരിഞ്ഞു മുറിവാലിന്റെ പഴുത്ത വിടവില്‍ ഒരു സൂചി പോലെ കയറാന്‍ തുടങ്ങി. 'തീ ഉണ്ടോ സഖാവെ ഒരു കഞ്ചാവെടുക്കാന്‍?'
ഹല്‍വയുടെ സഞ്ചിയിലെ കഠാര അവന് മുന്നേ ഉറക്കം കീറി ശബ്ദം വന്ന വഴി തിരിഞ്ഞുനോക്കി. 'ആരാ?' റാന്തലിന്റെ വെളിച്ചത്തില്‍ ഒരു നരി രൂപം നിഴല് വെട്ടി പുറത്തേക്കുവന്നു. 'പാരജൊക്കു...' 'ഹല്‍വ'
പരസ്പരമുള്ള ആ ചെറിയ അഭിസംബോധനക്കുശേഷം ഒരു വലിയ നിശബ്ദത അവര്‍ക്കിടയില്‍ നങ്കൂരമിട്ടുനിന്നു. അതവരെ ദശാബ്ദങ്ങള്‍ക്കും പിന്നിലായി ഭാഗീരഥിയുടെ തീരങ്ങളില്‍ കൊണ്ട് ചെന്നെത്തിച്ചു. ഗുംടിയുടെയും ഊന്‍ചിയുടെയും ഇടയില്‍ ഉള്ള ഭൂതകാല ഗല്ലികളില്‍ അവര്‍ പിന്നെയും മൂക്കളയും ഒലിപ്പിച്ചു നടന്നു. രത്‌നേഷിന്റെയും അന്‍സാരിയുടെയും കൂടെ കാടന്റെ കവിതകള്‍ പാടുന്ന ജീപ്പിന് പിന്നാലെ നാലുകാലില്‍ ഓരിയിട്ട് അവര്‍ പാഞ്ഞു. യശ്പാല്‍ സാഹിബിന്റെ മകന്‍ കപ്പല് കടത്തിക്കൊണ്ടുവന്ന അസുരാബാദിലെ ആദ്യത്തെ ടീവിയില്‍ അവര്‍ മൂന്ന് നേരവും 'സൂത്ര ഫലിതങ്ങള്‍' മുടങ്ങാതെ ഇരുന്നു കണ്ടു. ഓര്‍മ്മച്ചിത്രങ്ങളെല്ലാം ചേര്‍ന്ന് ഒരു വലിയ സമോവറിനുള്ളില്‍ തിളച്ചുപൊള്ളുന്ന കടലായി പൊന്തിവന്നു. അതിന്റെ ആവിയില്‍ വേവുന്ന നെഞ്ചുംകൂടിലേക്ക് ഒരു വലിയ പുക നീട്ടിവലിച്ച് അവര്‍ ആ കല്ലുങ്കലില്‍ ഇരുന്നു.
'ഹല്‍വേ നിനക്കറിയോ സകേതിയില്‍ അവര് തുടക്കമിട്ടതിന്റെ ഒരു ചെറിയ പതിപ്പ് ഇവിടെയും തുടങ്ങിയിട്ടുണ്ട്.' വാല് മുറിച്ചു കളഞ്ഞവര്‍ക്ക് പുനര്‍ചിന്തക്ക് വഴി ഒരുക്കി സര്‍ക്കാരിന്റെ പുതിയ പദ്ധതി. പൈസയും പൊടിച്ചു പരസ്യവും ചെയ്യുന്നുണ്ട്. മുറിച്ച വാലിന്റെ നീളം വ്യക്തമാക്കുന്ന പഞ്ചായത്തിന്റെ സാക്ഷ്യപത്രവും കുടുംബത്തില്‍ ആരുടേലും വാലിന്റെ ഒരു ഫോട്ടോയും... അത്രയും മതി. പുതുനിറത്തിലും മണത്തിലും പള പള മിന്നുന്ന പുതിയ വാല്‍ റെഡി. പടയ്ക്ക് രാത്രി കാവലിന് പോയപ്പോ ഞാന്‍ കണ്ടിട്ടുണ്ട് വലിയ ചില്ലുകൂടാരം പോലത്തെ ഫാക്ടറിക്കുള്ളില്‍ ശീതീകരിച്ച അറയില്‍ തൂക്കിയിട്ടിരിക്കുന്ന പല ഇനം മുന്തിയ വാലുകള്‍. അതിലൊന്നിന് നമ്മുടെ ചത്ത സത്‌നാമിന്റെ വാലിന്റെ ഛായ ഉള്ളത് പോലെ തോന്നി. കൂട്ടത്തില്‍ ചേര്‍ന്നപ്പോ അവന്റെ വാല് മുറിക്കല്‍ കര്‍മ്മം ചെയ്തത് ഞാനല്ല. അന്ന് അവന്റെ മുറിവില്‍ തേച്ച് പിടിപ്പിച്ച മഞ്ഞളിന്റെ ചോര പറ്റിയ മണം ഇപ്പോഴും എന്റെ മൂക്കില്‍ ഉണ്ട്. അതും പറഞ്ഞ് ജൊക്കു മൂക്കിലൂടെ ആഞ്ഞൊരു പുക പറത്തിവിട്ടു. സത്‌നാമിന്റെ ചോരയുടെ മണമുള്ള ആ പുക കുറെയേറെ ചെടികളെ തട്ടിത്തഴഞ്ഞ് അസുരാബാദിലെ പൊടിക്കാറ്റില്‍ ആരും അറിയാതെ അലിഞ്ഞുചേര്‍ന്നു. 'എന്താണ് പാരെ നിനക്കും കൂട്ടം വിട്ടു ചെന്ന് വാല് വെച്ചാല്‍ കൊള്ളാമെന്നുണ്ടോ?' ജൊക്കു തിരിഞ്ഞുനോക്കി ഒരു ചെറിയ ചിരി ചിരിച്ചു.
'കൂട്ടത്തെ തള്ളിപ്പറഞ്ഞുപോയ പലരേം ഫാക്ടറിയുടെ മുന്നിലെ വരിയില്‍ മുന്‍പന്തിയില്‍ തന്നെ കണ്ടിരുന്നു. അല്ലേലും വാല്‍മൂപ്പുള്ളോരുടെ സന്താനങ്ങള്‍ വാല് മുറിച്ചാലെന്താ ഇല്ലെങ്കില്‍ എന്താ? എന്നെപോലെ മരപ്പട്ടിക്ക് കുറുക്കനില്‍ ഉണ്ടായവനൊക്കെ അങ്ങോട്ട് ചെന്നാ മതി, വാ തുറക്കുന്നതിന് മുന്നേ തോക്കിന്റെ ഉണ്ട വായ പിളര്‍ന്ന് തൊണ്ടയില്‍ തറച്ചിട്ടുണ്ടാകും. അതാണ് ഹല്‍വേ കൂട്ടം ഒന്നാണേലും നീയും ഞാനും തമ്മില്‍ ഉള്ള അന്തരം.' ജൊക്കുവിന്റെ കണ്ണുകളിലെ തിളക്കം പെട്ടെന്ന് വഴിമാറി, അതും നാടും നാട്ടാരും ഉള്ള ഒരു അരങ്ങായി മാറി. അവിടെ ഒരു കിഴക്കന്‍, ധോത്തി മടക്കിക്കെട്ടി വയല് കിളക്കാന്‍ തുടങ്ങി. ധോത്തിക്കിടയില്‍ അവന്റെ കുറുനരി വാല് തെയ്യം തിത്തൈ കളിച്ചു. ഒരു നാഴി അരിക്ക് വാല്‍മൂപ്പ് ചോദിച്ച മുന്തിയന്മാര്‍ക്ക് അവന്‍ തന്റെ വാല് മുറിച്ചുനല്‍കി. അവന് പിന്നാലെ ഒരു തലമുറ അതടയാളമായിക്കണ്ട് മുന്നേ നടന്നു. കാലം മാറി... പ്രകീര്‍ത്തിച്ചോരും പാടി നടന്നോരും പിന്നെയും കാല് മാറി. അധികാരങ്ങള്‍ അടയാളങ്ങള്‍ക്കെതിരായി. അടയാളം പേറിയവന് അവകാശമില്ലാതായി. അവന്റെ പേര് ജൊക്കുവായി, അവന്റെ പേര് ഹല്‍വയായി... അവര് നാടൊട്ടുക്കും വളരുന്ന പല്ലികളായി... പൊടുന്നനെ അവര്‍ക്ക് ചുറ്റിലുമായി കുറെയേറെ കുറുക്കന്മാര്‍ ഓരിയിട്ടടുത്തു. ബൂട്ടുകളുടെയും ലാത്തികളുടെയും ചൂളം വിളികളുടെയും ഒച്ചകള്‍ക്ക് നടുവില്‍ കലുങ്ക് കലുഷിതമായി നിന്നു. ഞൊടിയിട കൊണ്ട് അവര്‍ ഹല്‍വയെയും ജൊക്കുവിനെ വളഞ്ഞു. ചുറ്റും നിന്നവര്‍ പല്ലികളുടെ ചോരക്ക് വേണ്ടി മുറവിളി കൂട്ടാന്‍ തുടങ്ങി. ഹല്‍വ കണ്ണടച്ച് പഴുത്തുനാറിയ തന്റെ മുറിവാല്‍ക്കഷണത്തില്‍ നിന്നും റാംനാഥിന്റെ മീശ വളര്‍ത്താന്‍ തുടങ്ങി. അത് വളരുന്ന കണക്കെ വട്ടത്തില്‍ ഇട്ട് അവനതിന്റെ തലപ്പത്ത് കയറി ഇരുന്നു. ചുറ്റും കൂടി നിന്ന കുറുക്കന്മാര്‍ അവന്റെ വാലറ്റം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കത്തുന്ന വാലുമായി അവന്‍ ആ അസുരാബാദ് മൊത്തം ഓരിയിട്ടു നടന്നു. നടക്കുന്നതൊന്നിന്റെയും പൊരുള്‍ അറിയാതെ ജൊക്കു അന്തംവിട്ടു നിന്നു. പൊടുന്നനെ അവന്റെ ആസനത്തിന് മോളിലായി സത്‌നാമിന്റെ ചോരപറ്റിയ മഞ്ഞള് പെരന്ന വാല് പടര്‍ന്നുവന്നു. അത് പാതാളം മുട്ടെ തഴച്ചു വളര്‍ന്നു. കുറുക്കന്മാര് ഓരോ തവണ വെട്ടിയപ്പോഴും അത് രണ്ടായി നാലായി പത്തായി മുളച്ചുപൊന്തി. സ്വപ്‌നമാണെന്ന് അറിയാം എന്നാലും എഴുന്നേല്‍ക്കുന്നില്ല. അസുരാബാദ് കുറച്ചു നേരം കൂടി ഇരുന്നുകത്തട്ടെ. കളി വിളക്കണഞ്ഞു, തിരശ്ശീല താഴ്ന്നു.