മറക്കാനാവാത്ത ഉര്‍ദിയോര്‍മ്മ...

2017ലെ റമദാനിന്റെ രാത്രി. തെരുവോരങ്ങളിലും പള്ളി മിനാരങ്ങളിലും തക്ബീര്‍ ധ്വനികളുടെ ശബ്ദങ്ങള്‍. ആദ്യത്തെ തറാവീഹ് നിസ്‌കാരത്തിന്റെ പ്രൗഢിക്കും മഹത്വത്തിനും വേണ്ടി ജനങ്ങള്‍ പള്ളികളിലേക്ക് പോകുമ്പോള്‍ ഞാനും പള്ളിയിലേക്ക് പോയി. തറാവീഹ് നിസ്‌കാരം കഴിഞ്ഞ് പെട്ടെന്ന് തന്നെ വീട്ടിലേക്ക് മടങ്ങി. ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ ഒരുങ്ങുന്ന സമയത്ത് ഉമ്മയുടെ പൊന്നുമോനെ എന്നുള്ള സ്‌നേഹത്തോടെയുള്ള വിളി. പക്ഷേ, എന്റെ മനസില്‍ പരിഭ്രാന്തി ഉണ്ടാക്കി.

എന്തിനാണ് ഉമ്മ ഈ സമയത്ത് വിളിച്ചത്? പള്ളിയില്‍ നിന്ന് വേഗം വന്നതിനാണോ? ഞാന്‍ വളരെ ഭയത്തോടെയും പരുങ്ങലിലും ഉമ്മയുടെ അടുത്ത് ചെന്നു. അപ്പോള്‍ ഉമ്മ പറഞ്ഞു: നാളെ റമദാന്‍ ഒന്ന് ആണ്. നാളെ മുതല്‍ എന്റെ പൊന്നുമോന്‍ ഉര്‍ദിക്ക് പോകണം. എനിക്ക് ചിരിയും കരച്ചിലും ഒപ്പം വന്നു. ഞാന്‍ പറഞ്ഞു: എന്റെ സ്വഭാവം തന്നെ മോശമാ, പിന്നെയല്ലേ ജനങ്ങളെ ഉപദേശിക്കാന്‍ പോകുന്നത്. അപ്പോള്‍ ഉമ്മ പറഞ്ഞു: അതൊന്നും മോന്‍ കാര്യമാക്കണ്ട. തെറ്റു നപറ്റും അത് മനുഷ്യ സഹജമാണ്. എന്റെ മോന്‍ ഉര്‍ദിക്ക് പോയി ആരെങ്കിലും ഒരാള്‍ നന്നായാല്‍ അത് കാരണമായി നിനക്ക് അതിന്റെ പ്രതിഫലം കിട്ടും. കഴിഞ്ഞുപോയ പണ്ഡിതന്മാര്‍ ഉര്‍ദിക്ക് പോയിട്ടാണ് വലിയ പ്രഭാഷകരായത്. അപ്പോള്‍ ആത്മധൈര്യവും ആവേശവും കിട്ടി. ഞാന്‍ സമ്മതിച്ചു.

റമദാന്‍ രണ്ടിന്റെ അന്ന് കാസര്‍കോടിനടുത്തുള്ള പ്രദേശത്ത് ഉര്‍ദിക്ക് പോകാന്‍ അവസരം ലഭിച്ചു. അങ്ങനെ ഉമ്മയോട് സലാം പറഞ്ഞുകൊണ്ട് ജീവിതത്തിലെ ആദ്യത്തെ ഉര്‍ദിക്ക് വേണ്ടി വീട്ടില്‍ നിന്നിറങ്ങി. ഇറങ്ങിയത് മുതല്‍ അവിടെ എത്തും വരെ എന്തുപറയണം, എങ്ങനെ പറയണം, എന്തൊക്കെ പറയണം, എങ്ങനെ തുടങ്ങണം എന്നായിരുന്നു ചിന്ത. നോമ്പ് തുറക്കാനാകുമ്പോള്‍ അവിടെ എത്തി. അപ്പോള്‍ മറ്റൊരു പുലിവാലും -മഗ്രിബ് ബാങ്ക് കൊടുക്കാന്‍ ഉസ്താദ് പറഞ്ഞു. ഞാന്‍ മനസില്ലാ മനസോടെ സമ്മതം മൂളി. അങ്ങനെ മഗ്രിബും ഇശാഉം തറാവീഹും കഴിഞ്ഞ് ഖത്വീബ് ഒരു മുതഅല്ലിം ഉര്‍ദിക്ക് ഉണ്ട് എന്ന് പറയുമ്പോള്‍ മനസില്‍ പേടി ഇരമ്പിച്ചു കയറി. പക്ഷേ, ഉമ്മ തന്ന ആത്മധൈര്യവും പ്രചോദനവും ശക്തിപ്പെടുത്തി. ഉസ്താദ് എന്റെ മുന്നിലേക്ക് മൈക്ക് നീട്ടിത്തന്നു. ഞാന്‍ പരുങ്ങലോടെ മൈക്കിന്റെ അടുത്ത് നീങ്ങി വാതോരാതെ പിച്ചും പേയും പറയാന്‍ തുടങ്ങി. ഒടുവില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുപോലെ എവിടെ നിര്‍ത്തണമെന്നറിയാതെയായി. ഒന്നും കിട്ടാതെയായപ്പോള്‍ കൂടുതല്‍ സമയം ഉര്‍ദി പറഞ്ഞ് നിങ്ങളുടെ വിലപ്പെട്ട സമയം കവര്‍ന്നെടുക്കുന്നില്ല എന്ന് പറഞ്ഞ് ഉര്‍ദി നിര്‍ത്തി. പിന്നെയാണ് രസം. ജനങ്ങളുടെ ചോദ്യം. എവിടെ പഠിക്കുന്നു, എവിടെയാ സ്ഥലം എന്നെല്ലാം. അതിനിടയിലാണ് ഉസ്താദ് പണം സ്വരൂപിച്ച് എന്റെ പോക്കറ്റില്‍ നിക്ഷേപിച്ചത്. അപ്പോള്‍ ഉസ്താദ് ഒരു കാര്യം പറഞ്ഞു. ഉര്‍ദിയൊക്കെ നല്ല അടിപൊളിയായിരുന്നു, പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. വാ ആഖിറു ദഅവാന അനില്‍ ഹംദുലില്ലാഹ് എന്ന് പറയേണ്ടത് ഉര്‍ദിയുടെ ആദ്യമല്ല അവസാനമാണെന്ന്. അപ്പോളാണ് എനിക്ക് തുടക്കത്തില്‍ പറ്റിയ അമളി മനസിലായത്.

വീട്ടിലെത്തി ഉമ്മയ്ക്ക് കിട്ടിയ പണം കൊടുത്തപ്പോള്‍ ഉമ്മ പറഞ്ഞ കാര്യം ഇപ്പോഴും മനസില്‍ തങ്ങിനില്‍ക്കുകയാണ്. എന്റെ മോന്‍ ഉര്‍ദി പറയേണ്ടത് പണത്തിനോ, സ്ഥാനത്തിനോ വേണ്ടിയാകരുത്. മറിച്ച് ആത്മസംസ്‌കരണത്തിന് വേണ്ടിയാകണം എന്ന്. ഉമ്മ പണം എനിക്ക് തന്നെ തിരിച്ചു തന്നു. എന്നിട്ട് പറഞ്ഞു: എന്റെ മോന്‍ നല്ല പ്രഭാഷകനായി വളരണം...

Related Articles
Next Story
Share it