വരണ്ടുണങ്ങിയ കാസര്‍കോടന്‍ സാഹിത്യ സദസ്സുകള്‍ക്ക് പുത്തന്‍ ഉണര്‍വാണിപ്പോള്‍. കാസര്‍കോട്ട് സാഹിത്യ-സാംസ്കാരിക വേദികള്‍ ഏറെ സജീവമാകുന്നതിന്റെ നല്ല കാഴ്ചകള്‍. അമ്പതാണ്ട് പിന്നിട്ട കാസര്‍കോട് സാഹിത്യവേദിയും പുതിയതും പഴയതുമായ ഇതര സംഘടനകളും ഇപ്പോള്‍ നിരന്തരം കാസര്‍കോടിന്റെ സാഹിത്യസദസുകളെ ഉണര്‍ത്തുന്നുണ്ട്.
തനിമ സാംസ്കാരിക വേദിയും പുരോഗമന കലാ സാഹിത്യ സംഘവും ഉബൈദ് പഠനകേന്ദ്രവും കോലായയും അടക്കമുള്ള സംഘടനകള്‍ നിരന്തരം സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് സാഹിത്യ സാംസ്കാരിക രംഗങ്ങളോട് അവര്‍ക്കുള്ള പ്രത്യേക താല്പര്യം ഒന്നു കൊണ്ട് മാത്രമാണ്. ചന്ദ്രഗിരി പാലത്തിനിപ്പുറം സാഹിത്യ സദസുകള്‍ വിരളമാണെന്ന് പൊതുവെ ഉയരാറുള്ള പരാതികള്‍ അസ്ഥാനത്തായിട്ടുണ്ട് എന്നു പറയാതെ വയ്യ.
കാസര്‍കോട് സാഹിത്യവേദി ഇന്നലെ സിറ്റിടവര്‍ ഹാളില്‍ സംഘടിപ്പിച്ച പ്രതിമാസ സാഹിത്യചര്‍ച്ച, ഉണരുന്ന കാസര്‍കോടന്‍ സാഹിത്യ സദസുകളുടെ ഒടുവിലത്തെ ഉദാഹരണമായി. വാക്കിന്റെ വടക്കന്‍ വഴികള്‍ എന്ന റഹ്മാന് തായലങ്ങാടിയുടെ നാട്ടുമൊഴി ഗ്രന്ഥത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയും അനുബന്ധമായി വിവിധ വിഷയങ്ങളില്‍ അവതരിപ്പിക്കപ്പെട്ട പഠനങ്ങളും ഗൃഹാതുരത്വം ഉണര്‍ത്തുന്നതായി. ഗ്രാമീണ നാട്ടുവഴികളിലൂടെ ഒരു തിരിഞ്ഞു നടത്തം നടത്തിയ അനുഭൂതിയാണ് വാക്കിന്റെ വടക്കന്‍ വഴികള്‍ വായിച്ചപ്പോള്‍ താന്‍ അനുഭവിച്ചതെന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ഡോ. സി. ബാലന് മാസ്റ്റര്‍ നടത്തിയ മനോഹരമായ പ്രഭാഷണം പോലെ തന്നെയാണ് സദസ്യര്‍ക്കും അനുഭവപ്പെട്ടത്.
തനിമ കലാ സാഹിത്യവേദി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ‘വാക്കുകള്‍ പൂക്കുന്ന കാലം’ എന്ന തലക്കെട്ടില്‍ കഥ-വായനയും ആസ്വാദനവും വേറിട്ട അനുഭവമായി. കാസര്‍കോടിന്റെ മുഖമുദ്രയായി, അഹ്മദ് മാഷോടൊപ്പം വളര്‍ന്ന, അരനൂറ്റാണ്ടിന്റെ പാരമ്പര്യം ഉള്ള കാസര്‍കോട് സാഹിത്യവേദിയും, അടുത്ത കാലത്തായി ഏറെ ശ്രദ്ധയൂന്നിയ പരിപാടികളുമായി തനിമയും കാസര്‍കോടിന്റെ സാഹിത്യ സദസ്സ് സജീവമാക്കുകയാണ്. കൂടെ ഉബൈദ് പഠനകേന്ദ്രവും കാസര്‍കോടന്‍ വേദികളെ ധന്യമാക്കുന്നുണ്ട്. ഇടക്കാലത്ത് അഹ്മദ് മാഷിന്റെ വേര്‍പാട് ഉണ്ടാക്കിയ ശൂന്യതയില്‍ നിന്ന് തിരിച്ചു വരികയാണ് കാസര്‍കോടന്‍ സാഹിത്യ സദസ്. തനിമ കാസര്‍കോട് ഡയലോഗ് സെന്ററില്‍ സംഘടിപ്പിച്ച സദസ്സ് പ്രൗഢ ഗംഭീരമായിരുന്നു. പ്രമുഖരെ പങ്കെടുപ്പിച്ച് ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്ന മഹത്തായ ചടങ്ങ് എന്ത് കൊണ്ടും ശ്ലാഘനീയാണ്. എ.എസ് മുഹമ്മദ് കുഞ്ഞിയുടെ, ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച കഥ ‘കള്ളനും കഥയും’ മനോഹരമായാണ് മുംതാസ് ടീച്ചര്‍ വായിച്ചുകേള്‍പ്പിച്ചത്. ആസ്വാദക മനസ്സിലേക്ക് ആഴ്ന്ന് ഇറങ്ങിയ ആ പതിനഞ്ച് മിനുട്ട് നേരത്തെ നിശബ്ദത ആ വായന നിറഞ്ഞ സദസ്സ് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു എന്ന് തന്നെ പറയാം.
അര്‍ദ്ധരാത്രിയില്‍ എപ്പോഴോ കടന്നുവന്ന കള്ളന് വീട്ടുടമയോട് തന്റെ കഥ പറഞ്ഞു സംവദിക്കുന്നതാണ് കഥാസാരം. പുന:ര്വായനയില് ടീച്ചര്‍ അതിന്റെ എല്ലാ ഭാവങ്ങളും പദങ്ങളും ശൈലികളും ഉള്കൊള്ളുന്നതാക്കി. കഥയെ ആസ്പദമാക്കി ഗവ. കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. നിജ. ആര്. നിരൂപണം ഭംഗിയായി നിര്‍വഹിച്ചു.
രണ്ടാമത്തെ കഥയായ് ഹരീഷ് പന്തക്കലിന്റെ ‘പാപനാശിനി’ അബ്ദുല്‍ ഷമീര്‍ പി.എം വായനയിലൂടെ സദസ്സിനു പരിചയപ്പെടുത്തി. 70കളിലെ നക്സലൈറ്റ് പ്രസ്ഥാനം നേരിട്ട അപചയത്തിലൂടെ അതിന്റെ പോരാളികള്‍ പുതിയ കാലത്ത് നേരിടുന്ന പ്രതിസന്ധികളാണ് ‘പാപനാശിനി’ എന്ന കഥയിലൂടെ ഹരീഷ് പന്തക്കല്‍ പറയുന്നത്. ചോര്‍ന്നു പോകാത്ത പുതിയ പോരാട്ടത്തില്‍ ഗ്രോ വാസുവിനെ ഓര്‍മ്മിക്കുന്നതായി വായനക്കിടയില്‍ അനുഭവപ്പെട്ടു. ബാലകൃഷ്ണന് മാസ്റ്റര്‍ നിരൂപണം ഭംഗിയായി നിര്‍വഹിച്ചു. മൂന്നാമത്തെ വായന കെ.എം അബ്ബാസിന്റെ കഥയായിരുന്നു. ‘കഥ കല്ലറകളുടെത്’ അബ്ബാസിന്റെ അസാന്നിധ്യത്തില്‍ അരീബ ഷംനാട് കഥ വായിച്ചു ആ കൃത്യം നിര്‍വഹിച്ചു. പ്രവാസ ജീവിതത്തില്‍ കൈപ്പും മധുരവും നിറഞ്ഞ ഉത്കണ്ഠ ഉളവാക്കുന്നതിനെ പറ്റിതന്നെയാണ് കഥാ കൃത്ത് പറഞ്ഞു വെച്ചത്. അതിജീവനത്തിനായി അന്യദേശത്തേക്കു പാലായനം ചെയ്യപ്പെടുന്ന വിചാര വികാരങ്ങള്‍ ഈ കഥയിലൂടെ കാണാം. പോരാട്ടങ്ങളുടെ അന്ത്യം കല്ലറയാണന്നു ഈ കഥ വിളിച്ചു പറയുന്നു. കെ.പി.എസ് വിദ്യാനഗര്‍ നിരൂപണം നിര്‍വ്വഹിച്ചു.
ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ച റഹ്മാന് തായലങ്ങാടി തന്റെ കയ്യക്ഷരം പോലെ വളരെ മനോഹരമായി വാക്കുകളിലൂടെ സാഹിത്യ രംഗത്തെ സജീവതയെയും ജീവിതത്തെയും വരച്ചു കാട്ടി. സമയത്തിന്റെ ദൗര്‍ബല്യം മൂലം കഥാകൃത്തുക്കളുമായി സംവദിക്കാന്‍ സദസ്സിനു കഴിയാതെ പോയത് ഒരു പോരായ്മയാണെന്ന് പറയാതെ വയ്യ.
പൊതുവെ മുരടിച്ചു കിടക്കുന്ന കാസര്‍കോട്ടെ സാഹിത്യ സദസ്സുകള്‍ക്ക് ഒരു ഉന്മേഷം പകരുകയാണ് വിവിധ സംഘടനകള്‍. സി. രാഘവന് മാഷ്, അഹ്മദ് മാഷ് തുടങ്ങിയവര്‍ കടന്നു പോയ വഴികളിലൂടെ ഇന്ന് വഴികാട്ടിയായി റഹ്മാന് തായലങ്ങാടിയും എം.എ റഹ്മാനും അംബികാസുതന്‍ മാങ്ങാടും ഇ.പി രാജഗോപാലനും പ്രൊഫ. എം. ശ്രീധരനും അടക്കമുള്ളവര്‍ സജീവമായി ഉണ്ട് എന്നത് സന്തോഷകരമാണ്. അടുത്തകാലത്തായി വായന മരിക്കുന്നു എന്ന മുറവിളി ഉയരുമ്പോഴും പുതിയ തലമുറ വായനയിലേക്ക് തന്നെ തിരികെ എത്തുന്നു എന്നത് തന്നെ ഇത്തരം സാഹിത്യ സദസ്സുകളുടെ സജീവതയാണ് വെളിവാക്കുന്നത്. എഴുത്തിന്റെയും വായനയുടെയും വഴികളിലൂടെ ഒരുപാട് പേര്‍ക്ക് കടന്നു വരാന്‍ ഇത്തരം സാഹിത്യ ചര്‍ച്ചകളും പരിപാടികളും ഉതകുമെന്നതില്‍ സംശയം ഒട്ടുംതന്നെ ഇല്ല. ഉബൈദ് പഠനകേന്ദ്രം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തളങ്കരയിലെ വെല്‍ഫിറ്റ് മാനറില്‍ സംഘടിപ്പിച്ച, റഹ്മാന് തായലങ്ങാടിയുടെ ‘വാക്കിന്റെ വടക്കന്‍ വഴികള്‍’ എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയും ആസ്വാദ്യകരമായിരുന്നു. ഈ പുസ്തകത്തെ കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നത് മറ്റൊരു സന്തോഷമാണ്.
കാസര്‍കോട്ട് അടുത്തിടെയായി നിരവധി പുസ്തകങ്ങളാണ് പ്രകാശിതമായത്. എഴുത്തുകാര്‍ക്ക് ഒരു പുസ്തകം ഇറക്കണമെങ്കില്‍ അതിന് വേണ്ടി മറ്റു ജില്ലകളെ ആശ്രയിക്കേണ്ട ഒരു സാഹചര്യമായിരുന്നു അടുത്ത കാലം വരെയെങ്കിലും ഈയിടെയായി കാസര്‍കോട് കേന്ദ്രീകരിച്ചും പുസ്തക പ്രസാധക സ്ഥാപനങ്ങള്‍ ആരംഭിച്ചതും ചില്ലറ കാര്യമല്ല.
-സെഡ്.എ. മൊഗ്രാല്‍