തുളുനാടും മലബാറും ചേര്‍ന്നു നില്‍ക്കുന്ന കാസര്‍കോടിന്റെ ഭാഷാ-സംസ്‌ക്കാര വൈവിധ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്- പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല ബഹുഭാഷ പഠന കേന്ദ്രവും കേരള കേന്ദ്ര സര്‍വ്വകലാശാല ഭാഷാ ശാസ്ത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന 'കാസര്‍കോട് ഒരു ഭാഷാ മേഖല' ദേശീയ സെമിനാര്‍ കാസര്‍കോട് ചാല ക്യാമ്പസില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുളുനാടും മലബാറും ചേര്‍ന്നു നില്‍ക്കുന്ന കാസര്‍കോടിന്റെ ഭാഷാ-സംസ്‌ക്കാര വൈവിധ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നാടിന്റെ സാംസ്‌ക്കാരിക രാഷ്ട്രീയ ഭാഷാ വൈവിധ്യങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന മികച്ച […]

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല ബഹുഭാഷ പഠന കേന്ദ്രവും കേരള കേന്ദ്ര സര്‍വ്വകലാശാല ഭാഷാ ശാസ്ത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന 'കാസര്‍കോട് ഒരു ഭാഷാ മേഖല' ദേശീയ സെമിനാര്‍ കാസര്‍കോട് ചാല ക്യാമ്പസില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുളുനാടും മലബാറും ചേര്‍ന്നു നില്‍ക്കുന്ന കാസര്‍കോടിന്റെ ഭാഷാ-സംസ്‌ക്കാര വൈവിധ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നാടിന്റെ സാംസ്‌ക്കാരിക രാഷ്ട്രീയ ഭാഷാ വൈവിധ്യങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന മികച്ച വേദിയാണ് ഇതെന്നും ബഹുഭാഷാ പഠന കേന്ദ്രത്തെ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.എ.അശോകന്‍ അധ്യക്ഷതവഹിച്ചു. വൈവിധ്യത്തില്‍ നിന്ന് ബഹുസ്വരതയിലേക്കുള്ള എത്തിച്ചേരലാകണം സെമിനാറിന് ശേഷം ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. എല്ലാ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും ഭാഷയിലുമുള്ളവരും ഒരുമയോടെ നില്‍ക്കുന്ന നാടാണ് കാസര്‍കോടെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. എത്ര ഭാഷയെയും സംസ്‌ക്കാരത്തെയും ഉള്‍ക്കൊള്ളാനാകുന്ന നാടാണ് നമ്മുടേതെന്നും ഭാഷാ സംസ്‌ക്കാര വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയുടെ ചെറുപതിപ്പാണ് ഈ ജില്ലയെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യവും പൈതൃകവും മൂല്യങ്ങളും ചോര്‍ന്നുപോകാതെ വരും തലമുറയ്ക്ക് കൈമാറുന്നതിന് അവയുടെ രേഖപ്പെടുത്തലുകള്‍ അനിവാര്യമാണെന്നും അതിനാണ് ബഹുഭാഷ പഠന കേന്ദ്രം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. എ.എം.ശ്രീധരന്‍ വിവര്‍ത്തനം ചെയ്ത ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ ആദ്യ പുസ്തകമായ സമാഹരണം തുളു നാടോടികഥകള്‍, ഡോ.എ.എം ശ്രീധരന്റെ തുളു സാഹിത്യത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന കഥാകദികെ-50, ഡോ. എ.എം ശ്രീധരന്റെ വിവര്‍ത്തനം കുതിരിലെ കൈത, രവീന്ദ്രന്‍ പാടിയുടെ കവിതാ സമാഹാരം താഴ്ന്ന് പറക്കുന്ന കിളി എന്നിവ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പ്രകാശനം ചെയ്തു.
ഭാഷാ പണ്ഡിതല്‍ പ്രൊഫ.എല്‍.രാമമൂര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. ഭാഷയുടെ വ്യാപനവും കൂടിച്ചേരലുകളും കൊടുക്കല്‍ വാങ്ങലുകളും നടന്നുകൊണ്ടേയിരിക്കുമെന്നും പിന്നീട് അത് സംസ്‌കാരത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ വ്യാത്യാസങ്ങള്‍ ഭാഷാ വൈവിധ്യത്തിന് കാരണമാകാറുണ്ട്. എന്നാല്‍ ഇവയെല്ലാം ചേര്‍ന്നു വരുന്ന പ്രദേശമാണ് കാസര്‍കോടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകം സെക്രട്ടറി ഉമേഷ് സാലിയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, വിവര്‍ത്തകന്‍ കെ.വി.കുമാരന്‍, കാസര്‍കോട് ഗവ. കോളേജ് കന്നഡ വിഭാഗം മേധാവി ഡോ. സുജാത, ചാല ബി.എഡ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. റിജുമോള്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കെ.വി.യദു കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബഹുഭാഷ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ.എ.എം. ശ്രീധരന്‍ സ്വാഗതവും കാമ്പസ് ഡയറക്ടര്‍ ഡോ. സി.സി. മണികണ്ഠന്‍ നന്ദിയും പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല ബഹുഭാഷ പഠന കേന്ദ്രം ജില്ലയില്‍ ആരംഭിച്ചതിന് ശേഷം ജില്ലയിലെ ഇരുപതിലധികം വരുന്ന ഭാഷാ വൈവിധ്യങ്ങളെ നഷ്ടപ്പെട്ടുപോകാതെ ചേര്‍ത്തു പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ചതുര്‍ഭാഷാ നിഖണ്ഡുവിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഹവ്യാന, മലയാളം, തുളു, കന്നഡ എന്നീ ഭാഷകളിലുള്ള ചതുര്‍ ഭാഷാ നിഖണ്ഡു ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. കന്നഡ നാടോടി പദ നിഖണ്ഡു രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകും. രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകവും ബഹുഭാഷാ ഗവേഷണ കേന്ദ്രവും സംയുക്തമായി 5000 ലധികം കന്നഡ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
തുടര്‍ന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ കാസര്‍കോട്ടെ ഭാഷ, സംസ്‌കാരം, നാടോടി വിജ്ഞാനീയം, സാഹിത്യം എന്നിവയെ അടിസ്ഥാനമാക്കി ഡോ.പി.ശ്രീകുമാര്‍ (കാസര്‍കോട് ഒരു ഭാഷാ മേഖല: ഗവേഷണ സാധ്യതകള്‍), ഡോ.രാജേഷ് ബജ്ജംഗള (പാഡ്ദണെയിലെ ഭാഷ), ഡോ.പി.കെ. ജയരാജന്‍ (തുളുനാടന്‍ രംഗ പാരമ്പര്യം) എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി.
രണ്ടാം ദിവസം ഡോ. രാധാകൃഷ്ണ ബെള്ളൂര്‍ (ഹവ്യക.കരാട: സാമാന്യ പരിചയം), ഡോ.രത്നാകര മല്ലമൂല (ബഹു ഭാഷയും സംസ്‌കാരവും), ഡോ.പി.മഞ്ജുള (തുളു ഭാഷാഭേദം), ഡോ.കെ.വി.സജീവന്‍, (തുളുനാടന്‍പാരമ്പര്യം മലയാള കഥയില്‍), ഡോ.ആശാലത (ദളിത് തുളു സാമൂഹിക ഭാഷാശാസ്ത്രപരമായ അപഗ്രഥനം), ഡോ.പി.പ്രജിത (തൊഴിലും നാടോടി വാങ്മയവും), ഡോ.ബി.സവിത (ശിവൊള്ളി തുളുവിന്റെ ഭാവി ), രവീന്ദ്രന്‍ പാടി (ചൊല്ലുകളിലെ ഭാഷ), സുന്ദര ബാറഡുക്ക (തുളു നാടന്‍ വൈദ്യ പാരമ്പര്യം), ഡോ.എം.വി.രസ്ന (തെയ്യം:കാസര്‍കോടിന്റെ തനത് കല), ഡോ.ബാലകൃഷ്ണ ഹൊസങ്കടി, (കന്നഡയും ഉപഭാഷകളും) ഡോ.വി.ബാലകൃഷ്ണന്‍ (നാടോടി ഭാഷയും ശാസ്ത്രവും), സുജാത മാണി മൂല (തുളു നാട്ടിലെ ഔഷധ ഭക്ഷണങ്ങള്‍) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങളവതരിപ്പിക്കും. നാരായണന്‍ പേരിയ, ബാലകൃഷ്ണന്‍ ചെര്‍ക്കള, രാധാകൃഷ്ണന്‍ പെരുമ്പള, പി.പി. ശോഭരാജ് എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും.
ജൂലൈ 26ന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം കണ്ണൂര്‍ സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ.എ.സാബു ഉദ്ഘാടനം ചെയ്യും. സിന്‍ഡിക്കേറ്റംഗം പ്രൊഫ.എം.സി.രാജു അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍വകലാശാല ഭാഷാ വിഭാഗം ഡീന്‍ പ്രൊഫ.വി.രാജീവ്, മുന്‍ സിന്‍ഡിക്കേറ്റംഗം വി.പി.പി മുസ്തഫ എന്നിവര്‍ മുഖ്യാതിഥികളാകും. കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം സംസാരിക്കും.

Related Articles
Next Story
Share it