പ്രകൃതിയുടെ വരദാനമാണ് ഭൂമിയിലെ ജീവന്‍

കുറേകാലമായി നമ്മള്‍ വീടിനകത്ത് അടച്ചിരുന്ന് കഴിയുന്നു. ലോകപരിസ്ഥിതി ദിനം ലോകമെമ്പാടും എന്തിന് ആചരിക്കുന്നു എന്നതിനെക്കുറിച്ചും നമ്മുടെ ചുമതല എന്തൊക്കെയാണെന്നതിനെക്കുറിച്ചും വ്യക്തമായ അറിവ് നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. എന്നിട്ടും ആവാസ വ്യവസ്ഥയിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയായ മനുഷ്യര്‍ പരിസ്ഥിതി പരിപാലനത്തില്‍ ഏറെ പിന്നോട്ട് പോയിരിക്കയാണ്. അതാണ് ഒട്ടനവധി പാരിസ്ഥിതിക പ്രശ്‌നങ്ങളെ നമുക്ക് നേരിടേണ്ടി വന്നത്. ലോകമൊട്ടാകെ നന്നാക്കിയെടുക്കാന്‍ നാം ആഹ്വാനം ചെയ്യുന്നതോടൊപ്പം ചെറിയ വലിയ കാര്യങ്ങള്‍ നമ്മള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ആവാസവ്യവസ്ഥയിലെ ജീവനുള്ള ഘടകങ്ങള്‍/ജീവനില്ലാത്തതും നമ്മുടെ ഊര്‍ജ്ജസ്രോതസ്സായ സൂര്യനാണ് ഇവിടെ […]

കുറേകാലമായി നമ്മള്‍ വീടിനകത്ത് അടച്ചിരുന്ന് കഴിയുന്നു. ലോകപരിസ്ഥിതി ദിനം ലോകമെമ്പാടും എന്തിന് ആചരിക്കുന്നു എന്നതിനെക്കുറിച്ചും നമ്മുടെ ചുമതല എന്തൊക്കെയാണെന്നതിനെക്കുറിച്ചും വ്യക്തമായ അറിവ് നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. എന്നിട്ടും ആവാസ വ്യവസ്ഥയിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയായ മനുഷ്യര്‍ പരിസ്ഥിതി പരിപാലനത്തില്‍ ഏറെ പിന്നോട്ട് പോയിരിക്കയാണ്. അതാണ് ഒട്ടനവധി പാരിസ്ഥിതിക പ്രശ്‌നങ്ങളെ നമുക്ക് നേരിടേണ്ടി വന്നത്. ലോകമൊട്ടാകെ നന്നാക്കിയെടുക്കാന്‍ നാം ആഹ്വാനം ചെയ്യുന്നതോടൊപ്പം ചെറിയ വലിയ കാര്യങ്ങള്‍ നമ്മള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
ആവാസവ്യവസ്ഥയിലെ ജീവനുള്ള ഘടകങ്ങള്‍/ജീവനില്ലാത്തതും
നമ്മുടെ ഊര്‍ജ്ജസ്രോതസ്സായ സൂര്യനാണ് ഇവിടെ നമുക്ക് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നത്. പ്രകാശ സംശ്ലേഷണം വഴി ചില തരം ബാക്ടീരിയകളും ആല്‍ഗകളും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും കൂടി നിര്‍മ്മിക്കുന്ന അന്നജമാണ് ജീവജാലങ്ങള്‍ ഉപയോഗിക്കുന്നത്. ഈ ജീവജാലങ്ങളെ ഭക്ഷിക്കുന്ന ഒട്ടനവധി ജീവജാലങ്ങളുണ്ട്. അവയെ ഭക്ഷിക്കുന്ന മൂന്നാമതൊരു വിഭാഗം ജീവജാലങ്ങളുമുണ്ട്. ഇവയെല്ലാം വന്നത് മണ്ണില്‍ നിന്നാണെങ്കില്‍ അവ നശിക്കുമ്പോള്‍ അതിനെ വിഘടിപ്പിച്ച് മണ്ണിലേക്ക് ചേര്‍ക്കുന്ന മറ്റൊരു വിഭാഗം സൂക്ഷ്മ ജീവികളും ഈ കണ്ണിയിലെ അംഗമാണ്. ഇവയെ കൂടാതെ ജീവനില്ലാത്ത അജൈവ വസ്തുക്കളായ മണ്ണ്, വായു, ജലം, താപനില, അന്തരീക്ഷ മര്‍ദ്ദം എന്നിവയും ഈ ആവാസ വ്യവസ്ഥയുടെ ഭാഗമാണ്.
കോവിഡാനന്തരം
മനുഷ്യരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ച കോവിഡ് 19 എന്ന മഹാമാരി നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. നമ്മുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ ആരോഗ്യമേഖലയെ വല്ലാതെ സ്വാധീനിച്ച ഈ മഹാമാരി ധ്രുവപ്രദേശത്തെയും ഭൂമധ്യരേഖ പ്രദേശത്തേയും സമുദ്രങ്ങളെയും മരുഭൂമിയേയും കാടുകളെയും ഒഴിവാക്കിയിട്ടില്ല. മനുഷ്യര്‍ തന്നെയാണ് ഈ വൈറസിനെ സൃഷ്ടിച്ചതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. ശരീരഭാഗങ്ങളില്‍ ഭീതി പരത്തുന്ന തരത്തിലുള്ള ആഘാതം കാഴ്ചയില്‍ സൃഷ്ടിക്കുന്നില്ലെങ്കിലും ഭീകരമായ ഒരു രോഗമാണ് കോവിഡ് 19 എന്ന് മനസ്സിലാക്കി കഴിഞ്ഞു നാം. സാമൂഹ്യ ജീവിതം താറുമാറാക്കി, സാമ്പത്തിക രംഗം ക്ലേശകരമാക്കി, തൊഴില്‍ രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രശ്‌നങ്ങളുണ്ടാക്കി നമ്മോടൊപ്പം നീങ്ങുകയാണ് ഈ മഹാമാരി. ഇതിനിടയിലാണ് 2021 പരിസ്ഥിതി ദിനം എത്തിച്ചേര്‍ന്നിരിക്കുന്നത്.
എന്താണ് മലിനീകരണം
ജീവജാലങ്ങളുടെ ആരോഗ്യത്തേയും നിലനില്‍പ്പിനേയും ബാധിക്കുന്ന ജലം, വായു, മണ്ണ് എന്നിവയിലുണ്ടാകുന്ന മാറ്റത്തെയാണ് മലിനീകരണം എന്ന് പറയുന്നത്. ഇതിന് മനുഷ്യര്‍ മാത്രമല്ല ഉത്തരവാദി. പ്രകൃതിയിലും ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലം വിഘടിക്കുന്ന, ഇല്ലാതാവുന്ന മാലിന്യങ്ങള്‍ (ഗാര്‍ഹിക, കാര്‍ഷിക, നഗരമാലിന്യങ്ങള്‍) സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തിന് വിധേയമാകാത്ത വിഘടിക്കാത്ത പദാര്‍ത്ഥങ്ങള്‍ പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. ഉപഭോഗ സംസ്‌കാരം സ്വായത്തമാക്കിയ നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കുക. ഇത്തരം പദാര്‍ത്ഥങ്ങള്‍ അനേക കാലം നശിക്കാതെ നിലനില്‍ക്കുകയും പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ഏറെ വിനാശകരമായിരിക്കുകയും ചെയ്യുന്നു.
കരയുന്നോ പുഴ ചിരിക്കുന്നോ? ചന്ദ്രഗിരിപ്പുഴ
ചന്ദ്രഗിരിപ്പുഴ കരയുകയാണ്. അടുത്തകാലത്ത് വന്‍തോതില്‍ മണലൂറ്റ് നടക്കുന്ന പ്രദേശമായി മാറിയിരിക്കയാണ് ചന്ദ്രഗിരി നദീതടം. മണല്‍ വാരല്‍ അഭൂത പൂര്‍വ്വമായി വര്‍ധിച്ചിരിക്കയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നദികളിലൊന്നായ ചന്ദ്രഗിരി ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയാണ്. നിയമപ്രാബല്യമുള്ള കടവുകള്‍ കൂടാതെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വള്ളങ്ങളിലും തലച്ചുമടായും നിയമത്തെ വെല്ലുവിളിച്ച് രാപ്പകല്‍ മണല്‍വാരല്‍ തുടരുകയാണ്.
ചന്ദ്രഗിരിപ്പാലം, പെരുമ്പളക്കടവ് പാലം, തെക്കില്‍പ്പാലം, തളങ്കര റെയില്‍പാലം എന്നിവയുടെ ബലക്ഷയത്തിന് ഇടയാക്കുന്ന തരത്തിലുള്ള അനധികൃത മണല്‍വാരല്‍ നിര്‍ത്താനും നിയമം മൂലം സാധിക്കും. ജില്ലാ മൈനിംഗ് ആന്റ് ജിയോളജി വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസ് വകുപ്പും സംയുക്തമായി ശ്രദ്ധ പതിപ്പിക്കേണ്ട അവസരമാണിത്. പുഴയിലെ തുരുത്തുകള്‍ ഇല്ലാതാകുന്ന തരത്തില്‍ മണലൂറ്റ് നിര്‍ബാധം തുടരുന്നു. ഇങ്ങനെ വാരിയെടുക്കുന്ന മണല്‍ പല സ്വകാര്യ വ്യക്തികളുടെയും സ്ഥലങ്ങളില്‍ ശേഖരിച്ച് വില്‍പ്പന നടത്തി വരുന്നതായി ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നാം വരുന്നതിന് എത്രയോ മുമ്പുണ്ടായതാണ് ഭൂമി. നമ്മുടെ ആവശ്യത്തിനനുസരിച്ച് പ്രകൃതി നിയമങ്ങള്‍ കീഴ്‌മേല്‍ മറിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. നിയമങ്ങള്‍ പാലിക്കുക. അത് പരിശോധിക്കാനുള്ള സംവിധാനം ശക്തമാക്കുക. ആവശ്യത്തിന് മാത്രം എടുത്തും തിരിച്ച് കൊടുത്തും ഉള്ള ജീവിതശൈലി സ്വായത്തമാക്കാം. നദികള്‍ നമ്മുടെ നാഡിസ്പന്ദനമാണെന്ന് തിരിച്ചറിയുക. നമ്മുടെ ശീലങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണം. കെട്ടിട നിര്‍മ്മാണത്തിന് ആറ്റുമണല്‍ ഒരു അവിഭാജ്യ ഘടകമാണെന്ന സങ്കല്‍പം മാറ്റണം. കെട്ടിട നിര്‍മ്മാണ ശൈലി മാറ്റണം. മണ്ണിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. അതിവേഗ ഇടനാഴിയും ആറുവരിപ്പാതയും ഉണ്ടാവാന്‍ എത്രമാത്രം പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കേണ്ടി വരും എന്നത് ഭീതിയുണ്ടാക്കുന്നു.
നിര്‍മ്മാണ മേഖലയിലെ ഖനനവും പാരിസ്ഥിതിക പ്രശ്‌നങ്ങളും
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം അവരുടെ ഗള്‍ഫ് മേഖലയാണ്. നിര്‍മ്മാണ മേഖല വളരെ സജീവമായി നിലനില്‍ക്കുന്നു. ലക്ഷക്കണക്കിന് അതിഥി തൊഴിലാളിള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഒരു ദിവസം ശരാശരി 1000 രൂപയാണ് ഈ മേഖലയില്‍ കൂലിയായി അവര്‍ക്ക് ലഭിക്കുന്നത്. ആവശ്യത്തിലധികം വീടുകളും കെട്ടിടങ്ങളും റോഡ് സമുച്ചയങ്ങളും ഇവിടെ നിര്‍മ്മിക്കുന്നു. ഇതിനൊക്കെ ആവശ്യമായ പ്രകൃതിവിഭവങ്ങള്‍ പശ്ചിമഘട്ട മലനിരകളില്‍ നിന്നും ഇടനാടന്‍ ചെങ്കല്‍ കുന്നുകളില്‍ നിന്നും കളിമണ്‍ പ്രദേശങ്ങളില്‍ നിന്നും നദീതടങ്ങളില്‍ നിന്നും കടല്‍തീരത്ത് നിന്നും ഖനനം ചെയ്‌തെടുക്കുന്നു. ഇതൊക്കെ താങ്ങാനുള്ള ശക്തി പ്രകൃതിക്ക് ഒട്ടും ഇല്ലതാനും. കാലാവസ്ഥ വ്യതിയാനവും അതിശക്തമായ മഴയും വെള്ളപ്പൊക്കവും അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും മനുഷ്യജീവിതത്തെ വല്ലാതെ ബാധിക്കുന്നതായി കഴിഞ്ഞു പോയ രണ്ട് മഴക്കാലങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നിരവധി അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകള്‍. ഇവ ഈ പ്രദേശത്തെ ആവാസ വ്യവസ്ഥക്ക് ആഘാതം സൃഷ്ടിക്കുന്നു. ചതുപ്പുകള്‍ മണ്ണിട്ട് നികത്തപ്പെടുന്നു, നെല്‍വയലുകള്‍ ഇല്ലാതാവുന്നു, കാടുകള്‍ ഇല്ലാതാവുന്നു. ഭൂഗര്‍ഭ ജലം മലിനപ്പെടുന്നു, അമിതമായ ജലചൂഷണം തീരപ്രദേശങ്ങളിലും നദീതടങ്ങളിലും ഓരു വെള്ളത്തിന്റെ കടന്നു കയറ്റത്തിനിടവരുത്തുന്നു. ഖനനം വഴി വായു മലിനീകരണം ഉണ്ടാവുന്നു. വികസനം പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കാതെ നടത്താനാവില്ല. എന്നാല്‍ വികൃതമാക്കപ്പെടുന്ന ഭൂമി പുനരാവിഷ്‌കരിക്കാനുള്ള പദ്ധതികള്‍ കടലാസില്‍ മാത്രംപോര. വ്യാപകമായി വനവല്‍ക്കരണം നടത്തണം. ചെടികള്‍ വെച്ച് പിടിപ്പിക്കണം. പരിസ്ഥിതി ദിനത്തില്‍ മാത്രം ചെയ്യേണ്ട പ്രകൃയ അല്ല ഇത്. അത് നമ്മുടെ ശീലമായി മാറണം. സുസ്ഥിര വികസനം എന്നത് സങ്കല്‍പം മാത്രമായി മാറരുത്. പ്രകൃതി സംരക്ഷണത്തിലധിഷ്ഠിതമായ ഒരു വികസന നയം ഇവിടെ ഉണ്ടാവണം. സ്വയം ഭരണ സ്ഥാപനങ്ങള്‍ എത്രയോ മെച്ചപ്പെടേണ്ടതുണ്ട്. നേതൃത്വപരമായ ഇച്ഛാശക്തി എല്ലാ മേഖലയിലും ഉണ്ടാവണം. ഇക്കോസിസ്റ്റം പുനരുജ്ജീവിപ്പിക്കുന്നതിലൂടെ നമുക്ക് സംരക്ഷിക്കാം നമ്മുടെ ജീവനെ. നമ്മുടെ ആരോഗ്യത്തെ, വീണുകിട്ടിയ ജീവിതം അമൂല്യമാണ്. അത് ഒരുപാടൊരപാട് നാള്‍ ഇവിടെ നിലനില്‍ക്കട്ടെ. ശീലിക്കാം നമുക്ക് സുസ്ഥിരമായ വികസന കാഴ്ചപ്പാട്.
(പ്രമുഖ ഭൗമശാസ്ത്രജ്ഞനും റിട്ട. ഉത്തരമേഖലാ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമാണ് ലേഖകന്‍)

Related Articles
Next Story
Share it