ജീവിതമാകണം ലഹരി...

ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു വ്യക്തിയെ മാത്രമല്ല, അയാളുടെ കുടുംബത്തെയും കൂടിയാണ് തകര്‍ക്കുന്നത്. മദ്യം, കഞ്ചാവ് തുടങ്ങിയവയാണ് സാധാരണയായി ഉപയോഗിക്കപ്പെടുന്ന ലഹരി വസ്തുക്കള്‍. കേവലം നൈമിഷികമായ ആനന്ദത്തിനും ആസ്വാദനത്തിനും വേണ്ടിയാണ് ആളുകള്‍ ഇത്തരം പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു ലഹരിക്ക് അടിമപ്പെടുന്നത്. കൂട്ടുകുടുംബത്തില്‍ നിന്ന് നമ്മള്‍ അണുകുടുംബത്തിലേക്ക് മാറിയതോടെ മറ്റു ആളുകളോട് കൂട്ടുകൂടാനുള്ള പ്രവണതയും സ്വാഭാവികമാണ്. കൂട്ടുകൂടലിലൂടെ ചിലപ്പോള്‍ ലഹരി വസ്തുക്കള്‍ പങ്കു വെക്കുന്നതും കാണാറുണ്ട്. അവ താല്‍ക്കാലിക ആനന്ദം മാത്രമേ നല്‍കൂ. പുകയുന്നത് നമ്മുടെ ജീവിതവും.. ഇത്തരം മയക്കുമരുന്നിനേയോ മനസിനെ […]

ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു വ്യക്തിയെ മാത്രമല്ല, അയാളുടെ കുടുംബത്തെയും കൂടിയാണ് തകര്‍ക്കുന്നത്.
മദ്യം, കഞ്ചാവ് തുടങ്ങിയവയാണ് സാധാരണയായി ഉപയോഗിക്കപ്പെടുന്ന ലഹരി വസ്തുക്കള്‍. കേവലം നൈമിഷികമായ ആനന്ദത്തിനും ആസ്വാദനത്തിനും വേണ്ടിയാണ് ആളുകള്‍ ഇത്തരം പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു ലഹരിക്ക് അടിമപ്പെടുന്നത്.
കൂട്ടുകുടുംബത്തില്‍ നിന്ന് നമ്മള്‍ അണുകുടുംബത്തിലേക്ക് മാറിയതോടെ മറ്റു ആളുകളോട് കൂട്ടുകൂടാനുള്ള പ്രവണതയും സ്വാഭാവികമാണ്. കൂട്ടുകൂടലിലൂടെ ചിലപ്പോള്‍ ലഹരി വസ്തുക്കള്‍ പങ്കു വെക്കുന്നതും കാണാറുണ്ട്. അവ താല്‍ക്കാലിക ആനന്ദം മാത്രമേ നല്‍കൂ. പുകയുന്നത് നമ്മുടെ ജീവിതവും..
ഇത്തരം മയക്കുമരുന്നിനേയോ മനസിനെ മയക്കുന്ന മറ്റു പദാര്‍ത്ഥങ്ങളെയോ ആനന്ദത്തിനായി ആവര്‍ത്തിച്ചാവര്‍ത്തിച്ച് കഴിക്കുകയല്ല വേണ്ടത്. പകരം നല്ല കൂട്ടായ്മയും സൗഹൃദവും പങ്കുവെക്കാന്‍ ലഹരി അനിവാര്യമല്ല എന്നതുകൂടി നാം മനസിലാക്കണം.
ലഹരിയുടെ ഉപയോഗം മൂലം നമുക്ക് ശാരീരികമായും മാനസികയും ബാധിക്കുന്ന ഒട്ടേറേ വെല്ലുവിളികള്‍ നമ്മള്‍ നേരിടേണ്ടിവരും. ലഹരി വസ്തുക്കള്‍ നമ്മുടെ ശരീരത്തിലെ നാഡി പാതകളില്‍ രക്തയോട്ടം തന്നെ തടസ്സപ്പെടുത്തുകയും അവ മസ്തിഷ്‌ക രോഗത്തിനും കാരണമാകുന്നുവെന്ന് പഠനം തെളിയിക്കുന്നു. ലഹരിയടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ വരുത്തുന്ന മാറ്റങ്ങള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പലതാണ്. പ്രതിഫലം, പ്രചോദനം, പഠനം, വിധി, മെമ്മറി എന്നിവയ്ക്ക് ഉത്തരവാദികളായ തലച്ചോറിന്റെ മേഖലകളെ ഇത് ബാധിക്കുന്നു.
എയിംസിലെ നാഷണല്‍ ഡ്രഗ് ഡിപന്‍ഡന്‍സ് ട്രീറ്റ്മെന്റ് സെന്റര്‍ (എന്‍.ഡി.ഡി.ടി.സി.) അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ 16 കോടി ഇന്ത്യക്കാര്‍ മദ്യം ഉപയോഗിക്കുന്നുണ്ടെന്നും ഓരോ മൂന്നാമത്തെ ഉപഭോക്താവിനും മദ്യപാന വൈകല്യത്തിന് സഹായം ആവശ്യമാണെന്നും വെളിപ്പെടുത്തി. ഇന്ത്യയില്‍ 27.3% പുരുഷന്മാരും 1.6% സ്ത്രീകളും മദ്യം ഉപയോഗിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 9.1% ഇന്ത്യക്കാര്‍ മദ്യത്തിന് അടിമപ്പെട്ടവരാണ്.
അനുഭൂതി ലഭിക്കാന്‍ മുമ്പത്തെക്കാളും കൂടുതല്‍ അളവില്‍ മദ്യം കഴിക്കേണ്ടി വരിക, മാസങ്ങളോളം അത് നീണ്ടുനില്‍ക്കുക എന്നതാണ് ഒരാള്‍ മദ്യപാനത്തിന് അടിമപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ (Alcohol use diosrder). കഴിക്കാനുള്ള ആസക്തി കൂടുതലായി ഉണ്ടാവുകയും ദിനേന കഴിക്കാന്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ അളവില്‍ കഴിക്കേണ്ടതായും വരുന്നു. മദ്യം വാങ്ങാന്‍ എങ്ങനെ പണം സ്വരൂപിക്കും എന്ന് കൂടുതല്‍ ആലോചിക്കുകയും കൂടുതല്‍ പണം അതിനുവേണ്ടി ചെലവഴിക്കുകയും സ്വന്തം ഉത്തരവാദിത്തങ്ങള്‍ മറന്നുപോവുകയും ചെയ്യുന്നു. മദ്യം കഴിച്ചാല്‍ കരള്‍ രോഗം, പാന്‍ക്രിയാസിനുള്ള പ്രശ്‌നങ്ങള്‍, പക്ഷാഘാതം, പോഷകക്കുറവ്, ലൈംഗിക പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ ഇവയെല്ലാം ഉണ്ടാവുമെന്ന് മനസ്സിലാക്കിയിട്ടും ഉപയോഗം കുറക്കാന്‍ പറ്റാതെ വരുമ്പോള്‍ വിഷാദ രോഗത്തിനും മറ്റും സാധ്യതകളേറുന്നു. മദ്യപാനം നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിറയല്‍, ഛര്‍ദ്ദി, അന്തരീക്ഷത്തില്‍ മറ്റാരും കേള്‍ക്കാത്ത ശബ്ദം കേള്‍ക്കുകയും വസ്തുക്കള്‍ കാണുകയും ചെയ്യുക (മിഥ്യാനുഭവം), കോപിക്കുക, തലവേദന, ചുറ്റുപാടിനെക്കുറിച്ച് ബോധമില്ലാതെയാവുക ഒക്കെ സംഭവിക്കാം. മദ്യപാനം ഒരു മനുഷ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും സാരമായി ബാധിക്കുന്നു. മദ്യം ലഭിക്കാത്തപ്പോഴുള്ള അസ്വസ്ഥതകള്‍ കാരണമായോ മദ്യപാനം കൊണ്ടുതന്നെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമായോ ജോലിയില്‍ നിന്ന് ഇടയ്ക്കിടെ വിട്ടുനില്‍ക്കേണ്ടി വരിക, മദ്യം വാങ്ങാനുള്ള സാമ്പത്തിക ഭാരമുണ്ടാവുക, ബന്ധങ്ങളെ ബാധിക്കുക, ജോലി ചെയ്യാനുള്ള പ്രാപ്തിയെ ബാധിക്കുക മുതലായവ അവയില്‍ ചില പ്രശ്‌നങ്ങള്‍ മാത്രം.
മദ്യം കഴിക്കുന്ന എല്ലാവരും അതിനടിമപ്പെടാറില്ല. ചെറുപ്രായത്തില്‍ തന്നെ തുടങ്ങുക, കൂട്ടുകാര്‍ നിര്‍ബന്ധിക്കുന്ന അവസ്ഥ, ജനിതക ഘടന തുടങ്ങിയ കാര്യങ്ങള്‍ മൂലമായി ഒരാള്‍ പെട്ടെന്ന് അടിമപ്പെടാം. ദീര്‍ഘകാലമായി മാനസിക വിഷമം അനുഭവിക്കുന്നവര്‍, ഉറക്കക്കുറവുള്ളവര്‍ ഒക്കെ മദ്യം കഴിച്ചാല്‍ എല്ലാം ശരിയാവും എന്ന മിഥ്യാധാരണയില്‍ മദ്യപാനം തുടങ്ങാം.
നിങ്ങള്‍ മദ്യത്തിന് അടിമപ്പെട്ടിട്ടുണ്ടോന്നു എങ്ങനെ മനസ്സിലാക്കാം?
താഴെ കൊടുത്തിരിക്കുന്ന നാലു ഘടകങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം നിങ്ങളില്‍ ഉണ്ടോയെന്നു കണ്ടുപിടിക്കുക വഴി അത് മനസ്സിലാക്കാം.
1) മദ്യപിക്കുന്ന അളവ് കുറക്കണമെന്ന് നിരന്തരമായി ആലോചിക്കുക, പക്ഷേ അതിനു സാധിക്കാതിരിക്കുക
2) താങ്കളുടെ മദ്യപാനത്തെ കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോള്‍ ദേഷ്യം വരിക
3) മദ്യപിക്കുന്നതില്‍ കുറ്റബോധം തോന്നുക
4) മദ്യം കഴിക്കാനുള്ള ആസക്തിയോടുകൂടി രാവിലെ ഉറക്കമുണരുക
മദ്യപാനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ ക്കോ നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ ഉടനെ തന്നെ സഹായം തേടുക. ഡോക്ടറുമായി സഹകരിച്ച് യഥാവിധം കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഇതിന് തീര്‍ച്ചയായും പ്രതിവിധിയുണ്ട്. മദ്യം കഴിക്കാത്തപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ മാറാനും ഒരിക്കല്‍ നിര്‍ത്തിയ മദ്യപാനം വീണ്ടും തുടങ്ങാതിരിക്കാനും നിങ്ങളുടെ ഡോക്ടര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും.
ഒരിക്കല്‍ മദ്യപാനം നിര്‍ത്തിയ ഒരാള്‍ വീണ്ടും അത് തുടങ്ങുന്നതിന് പല കാരണങ്ങളുണ്ട്. നിര്‍ത്തിയാലുണ്ടാവുന്ന ഉറക്കക്കുറവ് ഒരു പ്രധാന കാരണമാണ്. മദ്യം നിര്‍ത്തിയതിനു ശേഷം ഉറക്കരീതികള്‍ ശരിയാവാന്‍ 3-4 മാസങ്ങള്‍ എടുക്കും. മദ്യം കഴിക്കുന്നത് പെട്ടെന്ന് നിര്‍ത്തിയാലുണ്ടാകുന്ന ശാരീരിക ആസ്വസ്ഥകളാണ് മറ്റൊരു കാരണം. അതില്‍ നിന്നും തല്‍ക്കാലം ആശ്വാസം ലഭിക്കാന്‍ വേണ്ടി വീണ്ടും മദ്യം ഉപയോഗിക്കാന്‍ തോന്നുന്നു. സ്ഥിരമായി മദ്യപിക്കാന്‍ ചെല്ലുന്ന ബാര്‍ കാണുക, മദ്യത്തിന്റെ മണമടിക്കുക, കൂടെ മദ്യപിക്കുന്ന കൂട്ടുകാരെ കാണുക, കലഹങ്ങളും മറ്റുള്ളവരുമായി വഴക്കുമുണ്ടാവുക, മാനസികാവസ്ഥ ഇവയൊക്കെ ഒരാളെ വീണ്ടും മദ്യപാനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങളില്‍ ഏതൊക്കെയാണ് ഒരാളെ കൂടുതല്‍ പ്രലോഭിപ്പിക്കുന്നത് എന്ന് കണ്ടെത്തി ഒരു ഡയറി എഴുതിവെച്ചാല്‍ അതു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ എളുപ്പമാണ്. മദ്യം ധാരാളം കഴിക്കുന്നവരില്‍ ആയുസ്സ് പൊതുവെ കുറവായിരിക്കും. കൂടാതെ അത് ശരീരത്തിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അസുഖങ്ങളും മാനസിക പ്രശ്‌നങ്ങളും എല്ലാം കണക്കാക്കുമ്പോള്‍ നേരത്തെ സഹായം തേടുന്നത് അത്യന്താപേക്ഷിതമാണ്.

(എം.ബി.ബി.എസ്., എം.ഡി. കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ആണ് ലേഖിക)

Related Articles
Next Story
Share it