ജീവിതം അമൂല്യമാണ്; നഷ്ടപ്പെടുത്തിയാല്‍ തിരിച്ചു പിടിക്കാനാവില്ല

കാസര്‍കോട് ടൗണിനടുത്തുള്ള ചന്ദ്രഗിരി പലത്തിനടുത്ത് താമസിക്കുന്ന ആളുകള്‍ അധികാരികളോട് നിരന്തരം ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്. ചന്ദ്രഗിരി പാലത്തിന് ഇരുവശങ്ങളിലും കര്‍ണാടകയിലെ നേത്രാവതി പാലത്തിന്റെ ഇരുവശങ്ങളിലും ചെയ്തതു പോലെ ഭദ്രമായ രീതിയില്‍ കമ്പി വേലി നിര്‍മ്മിക്കുക എന്നതാണ്. ഇതിന്റെ കാരണം അന്വേഷിച്ചാല്‍ ആ നാട്ടുകാരായ ആളുകള്‍ പറയുന്നത് ഇതാണ്; ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ജീവിതം അവസാനിപ്പിക്കാന്‍ വേണ്ടി ചന്ദ്രഗിരി പാലം അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ട് എന്നാണ്. അതിനാല്‍ തന്നെ അതിനൊരു പരിഹാരം കാണണം എന്നതാണ് […]

കാസര്‍കോട് ടൗണിനടുത്തുള്ള ചന്ദ്രഗിരി പലത്തിനടുത്ത് താമസിക്കുന്ന ആളുകള്‍ അധികാരികളോട് നിരന്തരം ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്. ചന്ദ്രഗിരി പാലത്തിന് ഇരുവശങ്ങളിലും കര്‍ണാടകയിലെ നേത്രാവതി പാലത്തിന്റെ ഇരുവശങ്ങളിലും ചെയ്തതു പോലെ ഭദ്രമായ രീതിയില്‍ കമ്പി വേലി നിര്‍മ്മിക്കുക എന്നതാണ്. ഇതിന്റെ കാരണം അന്വേഷിച്ചാല്‍ ആ നാട്ടുകാരായ ആളുകള്‍ പറയുന്നത് ഇതാണ്; ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ജീവിതം അവസാനിപ്പിക്കാന്‍ വേണ്ടി ചന്ദ്രഗിരി പാലം അന്വേഷിച്ചു വരുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ട് എന്നാണ്. അതിനാല്‍ തന്നെ അതിനൊരു പരിഹാരം കാണണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഗൗരവപൂര്‍വ്വം നാം ഓരോരുത്തരും ആലോചിക്കേണ്ട വിഷയമാണിത്. ആത്മഹത്യാ പ്രവണത ചെറുപ്പക്കാര്‍ക്കിടയില്‍ ദിനേന കൂടിക്കൂടി വരുന്നുണ്ട്. പല കാരണങ്ങളാണ് അതേക്കുറിച്ച പഠനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. സാമ്പത്തിക പ്രയാസങ്ങളും മാനസിക പിരിമുറുക്കങ്ങളും കുടുംബ പ്രശ്‌നങ്ങളും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളും ഒറ്റപ്പെട്ടുപോകുന്നു എന്ന തോന്നലുകളും തുടങ്ങി നിരവധി കാരണങ്ങളാണ് ഇതേക്കുറിച്ചുള്ള പഠനങ്ങളില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയുന്നത്.
എന്നാല്‍ ഒരാള്‍ തന്റെ ജീവിതം അവസാനിപ്പിക്കാന്‍ വേണ്ടി തീരുമാനിക്കുന്നത് ഏറ്റവും അവസാനത്തെ നടപടി എന്ന നിലക്കാണ്. ഞാന്‍ പൊലീസില്‍ ജോലി ചെയ്യുന്ന സമയത്ത് പല സമയങ്ങളിലും ഇത്തരം കേസുകള്‍ അന്വേഷിക്കാനുള്ള ചുമതല ഉണ്ടായിരുന്നു. പല കേസുകളിലെയും ആത്മഹത്യയുടെ കാരണങ്ങളെകുറിച്ച് അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് വളരെ നിസ്സാരമായ പ്രശ്‌നങ്ങളാണ് പലരെയും പലപ്പോഴും ആത്മഹത്യയിലേക്ക് നയിച്ചിട്ടുള്ളത് എന്നാണ്. പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിടാനുള്ള ഇച്ഛാശക്തി ഇല്ലാത്തതാണ് പ്രത്യേകിച്ചും ചെറുപ്പക്കാരുടെ ഇടയില്‍ ഈ പ്രവണത വര്‍ദ്ധിക്കുന്നതിന് ഇടയാക്കുന്നത്. മക്കളെ വളര്‍ത്തുന്നതിന് നമുക്ക് നേരിട്ടിരിക്കുന്ന പരാജയമാണ് അത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈയടുത്തകാലത്ത് കാസര്‍കോട് ടൗണിന് അടുത്ത പ്രദേശത്ത് താമസിക്കുന്ന ഒരു 17 കാരന്‍ ജീവന്‍ അവസാനിപ്പിച്ചത് പത്രങ്ങളിലൂടെ എല്ലാവരും വായിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. വളരെ നിസ്സാരമായ പ്രശ്‌നങ്ങളുടെ പേരിലാണ് പലരും വിലപ്പെട്ട ജീവനുകള്‍ കളയുന്നത്. ഇതിന് പരിഹാരം എന്ന നിലക്ക് നമുക്ക് ചെയ്യാനുള്ളത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1) ജീവിതം ഒന്നേയുള്ളൂ, അത് അവസാനിക്കുന്നത് വരെ ആസ്വദിക്കുക
ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന ജീവിതം അമൂല്യമാണ് എന്ന് ആദ്യമായി ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ഇഷ്ടത്തിനോ നമ്മുടെ സമ്മതത്തോടുകൂടിയോ അല്ല നമുക്ക് ഓരോരുത്തര്‍ക്കും ജീവിതം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ലഭിച്ച ജീവിതത്തെ കുറിച്ചുള്ള കൃത്യമായിട്ടുള്ള കാഴ്ചപ്പാട് ഉണ്ടാക്കുകയും ജീവിതം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുക എന്നുള്ളതാണ് നാം ചെയ്യേണ്ടത്. ശരീരത്തിനു വേണ്ടി നാം ധാരാളം പണം ചെലവഴിക്കാറുണ്ട്. എന്നാല്‍ മനസ്സിന് വേണ്ടി നാം തീരെ പ്രാധാന്യം കല്‍പ്പിക്കുന്നില്ല എന്നതാണ് ശരി. നമുക്ക് ജീവന്‍ നല്‍കാന്‍ നമുക്ക് കഴിയാത്തതുപോലെ നമ്മുടെ ജീവിതം അവസാനിപ്പിക്കാനും നമുക്ക് അവകാശമില്ല.
2) പ്രശ്‌നങ്ങളും പ്രയാസങ്ങളും
ഇല്ലാത്ത ആരും ഇല്ല
എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളും പ്രയാസങ്ങളും ഇല്ലാത്ത ഒരാളും ഇല്ല എന്ന സത്യം മനസ്സിലാക്കുക. പ്രശ്‌നങ്ങളും പ്രയാസങ്ങളും ആണ് ജീവിതത്തില്‍ നമുക്ക് ഊര്‍ജ്ജം പകരേണ്ടത്. പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും നാം എങ്ങനെ നേരിടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ജീവിതത്തിലെ വിജയവും പരാജയവും ഉണ്ടാകുന്നത്. ഏതാണ്ട് എട്ടു മാസങ്ങള്‍ക്കു മുമ്പ് പയ്യന്നൂരിലെ അസ്ഥിരോഗ വിദഗ്ധനായ ഒരു ഡോക്ടര്‍ ആത്മഹത്യ ചെയ്തത് വളരെ നിസ്സാരമായ ഒരു കാരണത്തിന്റെ പേരിലായിരുന്നു. അദ്ദേഹത്തെ നിരന്തരം വേട്ടയാടിയിരുന്ന നടുവേദനക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ല എന്ന ദുഃഖമാണ് അദ്ദേഹത്തെ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്. ഇതിനെക്കാള്‍ എത്രയോ വലിയ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉള്ളവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. മാരകമായ രോഗം ബാധിച്ച് ഇനി ജീവിച്ചിരിക്കാന്‍ സാധ്യതയില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി വീട്ടിലേക്ക് മടക്കി അയച്ച പല രോഗികളും അവരുടെ ഇച്ഛാശക്തി കൊണ്ടുമാത്രം ജീവിതത്തിലേക്ക് തിരിച്ചു നടന്നത് നമുക്ക് കാണാന്‍ കഴിയും. ഒരു ആക്‌സിഡന്റ് സംഭവിച്ച് അരക്ക് താഴെ മുറിച്ചു മാറ്റേണ്ടി വന്ന ഒരു യുവ എഞ്ചിനീയറെ കുറിച്ച് വായിച്ചത് ഓര്‍മ്മയുണ്ട്. ഊര്‍ജ്ജസ്വലനായ ആ യുവാവ് പൊടുന്നനെ കിടപ്പിലാവുകയായിരുന്നു. ദിനേനയെന്നോണം വാഹനം ഓടിച്ച് ഓഫീസിലേക്ക് പോകാറുണ്ടായിരുന്ന ആ ചെറുപ്പക്കാരന് ഒരു ആക്‌സിഡന്റിലാണ് തന്റെ ഇരുകാലുകളും മുറിച്ചു മാറ്റേണ്ടി വന്നത്. എന്നാല്‍ അതില്‍ നിരാശനാകാതെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അവസരമാക്കി മാറ്റാനാണ് ആ ചെറുപ്പക്കാരന്‍ മനസ്സുവെച്ചത്. തന്റെ എഞ്ചിനീയറിങ്ങിലുള്ള വൈദഗ്ധ്യം ഉപയോഗിച്ച് തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന വാഹനത്തെ കൈകൊണ്ട് ഓടിക്കുന്ന വാഹനമാക്കി പരിവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയും സ്വയം അത് ചെയ്യുകയും ചെയ്തായിരുന്നു അയാള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായത്. ഇവിടെ പ്രശ്‌നം പ്രതിസന്ധികളെ നാം എങ്ങനെ നേരിടുന്നു എന്നുള്ളതാണ്.
3) പരിചരണം വേണ്ടത് മനസ്സിനാണ്
പലപ്പോഴും നാം നമ്മുടെ ശരീര അവയവങ്ങള്‍ വൃത്തിയിലും സൗന്ദര്യത്തിലും സൂക്ഷിക്കാന്‍ മത്സരിക്കുന്നവരാണ്. അതോടൊപ്പം ശാരീരിക ആരോഗ്യം പുഷ്ടിപ്പെടുത്തുന്നതിനും മറ്റും ധാരാളം സമയം ചെലവഴിക്കാറുണ്ട്. എന്നാല്‍ മാനസികമായ കരുത്ത് നേടുന്നതിനോ, മനസ്സിന്റെ പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കുന്നതിനോ നാം സമയം കണ്ടെത്താറില്ല, പ്രത്യേകിച്ച് പുരുഷന്മാര്‍. തങ്ങളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും ഉള്ളിലൊതുക്കി വെച്ച് നടക്കുന്നവരാണ് അവര്‍. അത് ആരോടെങ്കിലും തുറന്നു പറയുന്നതിന് അവര്‍ തുനിയുന്നില്ല. ശരീരത്തെ പോലെ തന്നെ മനസ്സിനും പ്രശ്‌നങ്ങള്‍ ബാധിക്കാറുണ്ട്. പനി വരുമ്പോള്‍ ഡോക്ടറെ കാണിക്കുന്ന പോലെ മാനസികമായ പിരിമുറുക്കങ്ങളും ഡിപ്രഷനുകളും ഉണ്ടാകുമ്പോള്‍ ഡോക്ടര്‍മാരെ കാണിക്കുന്നത് ഒരു കുറവായാണ് നമ്മുടെ സമൂഹം കാണുന്നത്. എന്നാല്‍ മാനസിക ആരോഗ്യമാണ് ശാരീരിക ആരോഗ്യത്തേക്കാള്‍ പ്രധാനം എന്ന് തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമം തുടരേണ്ടതുണ്ട്.
4) എന്റെ ജീവിതം ഞാന്‍
തന്നെയാണ് ജീവിക്കേണ്ടത്
എന്നെപ്പോലൊരാള്‍ ലോകത്ത് ഇതുവരെ കഴിഞ്ഞു പോയിട്ടില്ല, ഇനി വരാനും സാധ്യതയില്ല, എന്റെ ജീവിതം എനിക്ക് മാത്രം ജീവിക്കാനുള്ളതാണ്, ഈ ലോകത്ത് എന്റെ ദൗത്യം ഞാന്‍ തന്നെയാണ് നിര്‍വഹിക്കേണ്ടത്, ഇതിന് മറ്റൊരാള്‍ക്കും കഴിയില്ല എന്ന് ഓരോരുത്തരും മനസ്സിലാക്കുക. ഞാന്‍ എന്ന വ്യക്തിക്കും എന്റെ കുടുംബത്തിനും എന്റെ നാടിനും എന്റെ സമൂഹത്തിനും ഞാന്‍ എന്ന വ്യക്തി പ്രധാനമാണ്. അവര്‍ക്കു വേണ്ടി എനിക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് ചെയ്യേണ്ടത് എന്ന ബോധം ഓരോരുത്തരിലും ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്.
5) എന്റെ ദൈവം മതി
സെമിറ്റിക് മതങ്ങളിലുള്ള ദൈവവിശ്വാസം പലപ്പോഴും ആത്മഹത്യയില്‍ നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കാറുണ്ട്. ദൈവനിശ്ചയമാണ് ഇതെല്ലാം, അതിനാല്‍ തന്നെ അത് സംഭവിക്കുക തന്നെ ചെയ്യും. എന്റെ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും എന്നോടൊപ്പം ദൈവമുണ്ട് എന്നുള്ള വിശ്വാസം ഈ മത സംഹിതകളില്‍ നിന്നും നമുക്ക് കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ കേരളത്തില്‍ ഏറ്റവും കുറവ് ആത്മഹത്യ നിരക്കുള്ളത് ഏകദൈവത്തില്‍ എല്ലാം അര്‍പ്പിക്കുകയും തങ്ങളുടെ എല്ലാ കാര്യത്തിനും ദൈവം മതി എന്ന് വിശ്വസിക്കുകയും ചെയ്യുന്ന ജനത അധിവസിക്കുന്ന മലപ്പുറം ജില്ലയിലാണ്. ദൈവം എന്നോ ഈശ്വരനെന്നോ യഹോവ എന്നോ അല്ലാഹു എന്നോ എന്തുതന്നെ വിളിച്ചാലും മനസ്സിന് സ്ഥൈര്യം ഉണ്ടാക്കാന്‍ അവക്ക് കഴിയുമെങ്കില്‍ ആ ശക്തിയില്‍ വിശ്വസിച്ച് അതില്‍ ഭരമേല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും ഒരു പരിധി വരെ തടുത്തു നിര്‍ത്താന്‍ കഴിയും.
6) മനസ്സിനു വേണ്ടി സമയം നീക്കി വെക്കുക
ശരീരത്തിന് ആവശ്യമായിട്ടുള്ള പോഷണം നല്‍കുന്ന പോലെ മനസ്സിനെയും പരിപോഷിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. പുതിയ കാലത്ത് എല്ലാവരും തിരക്കിലാണ്. ആര്‍ക്കും ഒന്നിനും സമയം തികയാത്ത അവസ്ഥ. ഒരു ദിവസത്തില്‍ കുറഞ്ഞത് അരമണിക്കൂര്‍ എങ്കിലും സ്വന്തം മനസ്സിനെ പരിചരിക്കുന്നതിനു വേണ്ടി നീക്കി വെക്കേണ്ടത് ആവശ്യമാണ്. അത് ആരാധനയിലൂടെയോ, ധ്യാനത്തിലൂടെയോ, യോഗയിലൂടെയോ മറ്റോ നമുക്ക് ചെയ്യാവുന്നതാണ്.
7) 'ഈ സമയവും കടന്നു പോവും'
ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോട് ഒരു വാചകം ചുമരില്‍ എഴുതണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ ഒരു നിബന്ധനയുണ്ട് . സന്തോഷമുള്ളപ്പോള്‍ വായിച്ചാല്‍ ദുഃഖവും, ദുഃഖമുള്ളപ്പോള്‍ വായിച്ചാല്‍ സന്തോഷവും നല്‍കുന്നതായിരിക്കണം അത്. ജീവിതത്തില്‍ അമിതമായി ദുഃഖിക്കാതിരിക്കാനും മതിമറന്നു ആഹ്ലാദിക്കാതിരിക്കാനും എപ്പോഴും ആ വാചകം തന്നെ ഓര്‍മ്മപ്പെടുത്തുന്നതാവുകയും വേണം. ജ്ഞാനിയായ ബീര്‍ബല്‍ എഴുതി 'ഈ സമയവും കടന്നു പോവും'. ഇതാണ് ഓരോരുത്തരും അവരുടെ മനസ്സിന്റെ ചുവരുകളില്‍ കുറിച്ചിടേണ്ടത്. ഈ സമയവും കടന്നു പോകും. അതോടൊപ്പം നമ്മുടെ കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും സഹോദരങ്ങളുടെയും മനസ്സ് വായിക്കാനുള്ള കഴിവും നാം ഓരോരുത്തരും ആര്‍ജ്ജിച്ചിരിക്കേണ്ടതുണ്ട്. നമ്മുടെ ഏറ്റവും അടുത്ത് നില്‍ക്കുന്നവരുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റം പോലും നമുക്ക് മനസ്സിലാക്കാന്‍ കഴിയണം. മറ്റുള്ളവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും നമ്മുടേത് കൂടിയാണെന്ന് മനസ്സിലാക്കി സ്‌നേഹപൂര്‍ണ്ണമായ ഒരു തലോടല്‍ മാത്രം മതിയാവും ജീവിതത്തിലേക്ക് അവരെ തിരിച്ചുകൊണ്ടുവരാന്‍. ഓര്‍ക്കുക ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല!
മനസ്സിന് താങ്ങാന്‍ കഴിയാത്ത പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടെങ്കില്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രത്തിന്റെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. നമ്പര്‍: 91 9820466726.


-സി.എ അബ്ദുല്‍ റഹീം (റിട്ട. ഡി.വൈ.എസ്.പി)

Related Articles
Next Story
Share it