ഒരിക്കല്‍ കൂടി ഓര്‍ക്കാം, ബേക്കല്‍ കോട്ടയുടെ ചരിത്രം

കാസര്‍കോടിന്റെ ടൂറിസം ഭൂപടത്തില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്നതും ലോക പ്രശസ്തിയാര്‍ജ്ജിച്ചതുമായ വിനോദ സഞ്ചാര കേന്ദ്രമാണ് ബേക്കല്‍ കോട്ട. കരയും കടലും കോട്ടയും തീര്‍ത്ത കമനീയ കാഴ്ചകള്‍ കാണാന്‍ നിത്യവും ധാരാളം സഞ്ചാരികള്‍ ബേക്കല്‍ കോട്ടയിലെത്തുന്നു. അവധി ദിവസങ്ങളില്‍ വന്‍ തിരക്കനുഭവപ്പെടുന്നു.കാസര്‍കോട് ജില്ലയിലെ ബേക്കലില്‍ അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ബേക്കല്‍ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പണി കഴിപ്പിച്ച കോട്ടയ്ക്ക് മുപ്പത്തിയഞ്ച് ഏക്കര്‍ വിസ്തൃതിയുണ്ട്. ചരിത്രത്തിലെ നിരവധി പടയോട്ടങ്ങള്‍ക്ക് സാക്ഷിയായ ബേക്കല്‍ […]

കാസര്‍കോടിന്റെ ടൂറിസം ഭൂപടത്തില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്നതും ലോക പ്രശസ്തിയാര്‍ജ്ജിച്ചതുമായ വിനോദ സഞ്ചാര കേന്ദ്രമാണ് ബേക്കല്‍ കോട്ട. കരയും കടലും കോട്ടയും തീര്‍ത്ത കമനീയ കാഴ്ചകള്‍ കാണാന്‍ നിത്യവും ധാരാളം സഞ്ചാരികള്‍ ബേക്കല്‍ കോട്ടയിലെത്തുന്നു. അവധി ദിവസങ്ങളില്‍ വന്‍ തിരക്കനുഭവപ്പെടുന്നു.
കാസര്‍കോട് ജില്ലയിലെ ബേക്കലില്‍ അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ബേക്കല്‍ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പണി കഴിപ്പിച്ച കോട്ടയ്ക്ക് മുപ്പത്തിയഞ്ച് ഏക്കര്‍ വിസ്തൃതിയുണ്ട്. ചരിത്രത്തിലെ നിരവധി പടയോട്ടങ്ങള്‍ക്ക് സാക്ഷിയായ ബേക്കല്‍ കോട്ടയുള്‍പ്പെടുന്ന പ്രദേശം പണ്ട് കദംമ്പ, മൂഷിക, രാജവംശത്തിന്റേയും കോലത്തിരി രാജാക്കന്മാരുടേയും കീഴിലായിരുന്നു. പിന്നീട് വിജയനഗര സാമ്രാജ്യത്തിന്‍ കീഴിലായി. 1565 ലെ തളിക്കോട്ട യുദ്ധത്തില്‍ വിജയനഗരം പരാജയപ്പെട്ടതോടു കൂടി ഈ പ്രദേശം ബദിനൂര്‍ രാജാക്കന്മാരുടെ അധീനതയിലായി. ഇക്കേരി നായക്കന്മാര്‍ എന്നറിയപ്പെടുന്ന ബദിനൂര്‍ നായക്കന്മാരിലെ ഹിരിയ വെങ്കടപ്പ നായ്ക്കാണ്, 1580 ല്‍ ബേക്കല്‍ കോട്ടയുടെ നിര്‍മ്മാണമാരംഭിച്ചത്. തുടര്‍ന്ന് ഭരണത്തിലേറിയ ശിവപ്പനായ്ക്കിന്റെ കാലത്താണ് കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയായതെന്ന് കരുതപ്പെടുന്നു. എന്നാല്‍ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായക്ക് പുതുക്കിപ്പണിതതെന്നും ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. 1763 ല്‍ മൈസൂര്‍ രാജാവായ ഹൈദരലി ബേക്കല്‍ കോട്ട പിടിച്ചടക്കി. ടിപ്പു സുല്‍ത്താന്റെ കാലത്ത് ഈ കോട്ട തുളുനാടിന്റേയും മലനാടിന്റെയും പ്രധാന ഭരണ കേന്ദ്രമായിരുന്നു. 1791 ല്‍ കോട്ടയുള്‍പ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. 1992ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ടൂറിസം മേഖലയായി പ്രഖ്യാപിച്ചു.
പൂര്‍ണ്ണമായും ചെങ്കല്ലുകൊണ്ടാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. അഷ്ടാകൃതിയിലുള്ള കോട്ടയില്‍ പതിനേഴ് കിണറുകളും ആയുധപ്പുരകളും കൊത്തളങ്ങളും കടലിലേക്ക് തുറക്കുന്ന തുരങ്കപാതയും കാണാം. കോട്ടയുടെ പ്രവേശന കവാടത്തിനുള്ളില്‍ ഹനുമാന്‍ ക്ഷേത്രവും കാണാം. 24 മീറ്റര്‍ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള നിരീക്ഷണ ഗോപുരം പ്രധാന ആകര്‍ഷണമാണ്. കോട്ടയില്‍ നിന്നുള്ള കടലിന്റെയും സമീപ പ്രദേശങ്ങളുടേയും മനോഹര ദൃശ്യങ്ങള്‍ ഇവിടെ നിന്നും ഒപ്പിയെടുക്കാം. കടലിലൂടേയും കരയിലൂടേയുമുള്ള ശത്രുക്കളുടെ ചെറു നീക്കങ്ങള്‍ പോലും ഈ നിരീക്ഷണ ഗോപുരത്തിലൂടെ കാണുവാന്‍ സാധിക്കും. പടയോട്ടങ്ങള്‍ക്ക് ചരിത്ര സാക്ഷിയായ ബേക്കല്‍ കോട്ട, നൂറ്റാണ്ടുകളുടെ മഹനീയ ചരിത്രവും പഴമയും പ്രൗഢിയുമായി ഇന്നും തലയുയര്‍ത്തി നില്‍ക്കുകയാണ്. ആര്‍ത്തിരമ്പുന്ന തിരമാലകളെ സ്രവിച്ചും ആകാശ, കടല്‍ കാഴ്ചകള്‍ കണ്ടും കോട്ടയുടെ സൗന്ദര്യത്തില്‍ അഭിരമിച്ചും സഞ്ചാരികള്‍ ബേക്കല്‍ കോട്ടയിലേക്കുള്ള യാത്ര അവിസ്മരണീയമാക്കുകയാണ്. ബേക്കല്‍ കോട്ട ലോക്കേഷനായി സിനിമകളും ആല്‍ബങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ധാരാളം വിദേശികള്‍ സന്ദര്‍ശിക്കുന്ന സ്ഥലം കൂടിയാണ് ബേക്കല്‍ കോട്ട. എത്തിച്ചേരാനുള്ള സൗകര്യവും താമസ, ഭക്ഷണ, പാര്‍ക്കിങ് സൗകര്യങ്ങളും മനോഹര പ്രകൃതി ദൃശ്യങ്ങളും ശാന്തമായ അന്തരീക്ഷവും ബേക്കല്‍ കോട്ടയ്ക്ക് അവകാശപ്പെടാനുള്ളതാണ്. സമീപത്തായി പള്ളിക്കര ബീച്ച് സ്ഥിതി ചെയ്യുന്നു.

-രാജന്‍ മുനിയൂര്‍

Related Articles
Next Story
Share it