സൈബറിടം വിസര്‍ജ്ജനമുക്തമാക്കാം!

വെളിയിട വിസര്‍ജനമുക്ത ഗ്രാമത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് കൊണ്ടാണ് ഓരോ ഗ്രാമങ്ങളും ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. സ്വാതന്ത്യാനന്തര ഭാരതത്തിന്റെ 'ഒരലങ്കാര'മായിട്ടാണ് വെളിയിട വിസര്‍ജനം ആ കാലഘട്ടത്തിലെ എഴുത്തുകാര്‍ അവതരിപ്പിച്ചിരുന്നത്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ അത്ഭുതമാണ് ഇന്ത്യന്‍ റെയില്‍വെ. അതിരുകള്‍ക്കുള്ളിലെ മുഴുവന്‍ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന നാഡീവ്യൂഹമാണത്. ഇതിനെ ഇന്ത്യയുടെ ആത്മാവ് എന്ന് പോലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. വെളുപ്പാന്‍ കാലത്തുള്ള ട്രെയിന്‍ യാത്രയില്‍ ചെറിയൊരു പത്രവുമായി വെളിയിലിരിക്കാന്‍ പോകുന്ന ഗ്രാമീണ ഭാരതീയനെ കാണാത്തവരായി ആരും ഉണ്ടാവുകയില്ല. ഇന്ന് കഥ മാറിക്കൊണ്ടിരിക്കയാണ്. വെളിയിട […]

വെളിയിട വിസര്‍ജനമുക്ത ഗ്രാമത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് കൊണ്ടാണ് ഓരോ ഗ്രാമങ്ങളും ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. സ്വാതന്ത്യാനന്തര ഭാരതത്തിന്റെ 'ഒരലങ്കാര'മായിട്ടാണ് വെളിയിട വിസര്‍ജനം ആ കാലഘട്ടത്തിലെ എഴുത്തുകാര്‍ അവതരിപ്പിച്ചിരുന്നത്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ അത്ഭുതമാണ് ഇന്ത്യന്‍ റെയില്‍വെ. അതിരുകള്‍ക്കുള്ളിലെ മുഴുവന്‍ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന നാഡീവ്യൂഹമാണത്. ഇതിനെ ഇന്ത്യയുടെ ആത്മാവ് എന്ന് പോലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. വെളുപ്പാന്‍ കാലത്തുള്ള ട്രെയിന്‍ യാത്രയില്‍ ചെറിയൊരു പത്രവുമായി വെളിയിലിരിക്കാന്‍ പോകുന്ന ഗ്രാമീണ ഭാരതീയനെ കാണാത്തവരായി ആരും ഉണ്ടാവുകയില്ല. ഇന്ന് കഥ മാറിക്കൊണ്ടിരിക്കയാണ്. വെളിയിട വിസര്‍ജനം നിര്‍ത്താനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരും സന്നദ്ധ സംഘടനകളും.
ഈ കാര്യങ്ങള്‍ ഇവിടെ സൂചിപ്പിച്ചത് വെളിയിട വിസര്‍ജനത്തെക്കാള്‍ മോശമായ ഒരു വിസര്‍ജനത്തില്‍ നിന്നും മുക്തി ലഭിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ്. സൈബറിടം വിസര്‍ജനമുക്തമാക്കാന്‍ നമുക്ക് കൈകോര്‍ക്കാം.
സൈബര്‍ ലോകം ഇന്ന് മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരിടമാണ്. മൊബൈല്‍ ഫോണ്‍ അടക്കമുള്ള പല ഗാഡ്ജറ്റുകളും മനുഷ്യന്‍ ഇന്ന് കൊണ്ട് നടക്കുന്നത് ഒരു ആറാം ഇന്ദ്രിയം പോലെയാണ്. പിറന്ന് വീണ പൈതല്‍ മുതല്‍ മരണാസന്നനായി കിടക്കുന്നവര്‍ വരെ സൈബറിടത്തിന്റെ അടിമകളാണെന്ന് പറയുന്നതില്‍ തെറ്റില്ല.
അമ്മിഞ്ഞപ്പാലിന് വേണ്ടി കുഞ്ഞു പൈതല്‍ അലറിക്കരയുമ്പോള്‍ ന്യൂജന്‍ അമ്മമാര്‍ വായിലേക്ക് തള്ളിക്കൊടുക്കുന്നത് മൊബൈലുകളാണെന്ന് പറയുന്നത് വെറും ഒരലങ്കാര വാക്കല്ല. ഒരു യാത്രയില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് വൃദ്ധനായ ഒരു യാത്രക്കാരന്‍ മൊബൈലില്‍ ലയിച്ചിരിക്കുന്നതായി കണ്ടു. സുഹൃത്ത് പറഞ്ഞത് അദ്ദേഹം 'ആന്‍ഗ്രി ബേഡ് ' കളിക്കുകയായിരുന്നു എന്നാണ്. അതായത് തൊട്ടില്‍ മുതല്‍ ചുടല വരെ സൈബര്‍ ലോകത്താണ് മാനവന്‍. അത്രത്തോളം മനുഷ്യന് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരിടമാണത്.
എന്നാല്‍ സൈബര്‍ ലോകത്തെ നമ്മുടെ ഇടപെടലുകള്‍ ഒരു സ്വയം വിലയിരുത്തലിന് വിധേയമാക്കണം. നന്മകള്‍ക്ക് ഏറെ വളക്കൂറുള്ള ഈ മണ്ണില്‍ വിളയുന്നതിലധികവും തിന്മകളാണ് എന്നത് ഒരു യാഥാര്‍ത്യമാണ്. അതില്‍ നമ്മുടെ പങ്കെന്താണ് എന്നൊരു ആത്മ പരിശോധന ആവശ്യമായി വന്നിരിക്കയാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും സ്വീകരിക്കപ്പെടുന്നതുമായ സന്ദേശങ്ങള്‍ക്ക് വ്യക്തമായ ഗുണകാംക്ഷ ഉണ്ടായിരിക്കണം.
കലാപാഹ്വാനം മുതല്‍ കൊളളയടിക്കാനുള്ള തന്ത്രം വരെ! കാമുകിയെ വരുതിയില്‍ നിര്‍ത്താനുള്ളവ മുതല്‍ കാമുകനെ വളച്ചെടുക്കാനുള്ളത് വരെ, മാതാപിതാക്കളെ വകവരുത്താനുള്ളത് മുതല്‍ മക്കളെ ഇല്ലാതാക്കാനുള്ളത് വരെ!
അന്ധവിശ്വാസം മുതല്‍ ആധുനിക ശാസ്ത്രം വരെയുളള സകലമാന തിന്മകളും പോസ്റ്റ് ചെയ്യുന്നവരെയും തിരയുന്നവരെയും പ്രയോജനമെടുക്കുന്നവരെയും സൈബര്‍ ലോകത്ത് കാണാന്‍ സാധിക്കും. എന്നാല്‍ നന്മകളുടെ വലിയൊരു ശേഖരവും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താത്ത രീതിയിലുണ്ട് എന്നത് ഏറെ സങ്കടകരമാണ്.
സോഷ്യല്‍ മീഡിയ ഇരുതലമൂര്‍ച്ചയുള്ള ആയുധം പോലെയാണ്. പ്രയോഗിക്കാനറിഞ്ഞില്ലെങ്കില്‍ ആക്രമണം മാത്രമല്ല പ്രതിരോധവും പാളും. അതിനാലാണ് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ നിരോധനം നടപ്പാക്കുകയോ ചെയ്യുന്നത്. ലോകത്ത് ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തിയ രാജ്യങ്ങളില്‍ വളരെ ഉയര്‍ന്ന സ്ഥാനമാണ് നമുക്കുള്ളത് എന്നത് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
നമ്മുടെ വിസര്‍ജ്യങ്ങളും മാലിന്യങ്ങളും തള്ളാനുള്ള ചവറ്റു കുട്ടയായിട്ടല്ല മറിച്ച് നന്മകള്‍ വിളയിക്കാനുള്ള കൃഷിയിടമായിട്ടാണ് സൈബര്‍ ലോകത്തെ കാണുന്നതെങ്കില്‍ വരുംതലമുറയെ ശരിയായ ദിശയില്‍ നയിക്കാന്‍ നമുക്കാവുമെന്ന് പ്രതീക്ഷിക്കാം!

-ലായി ചെംനാട്‌

Related Articles
Next Story
Share it