നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ ഒക്ടോബര്‍ 29നുണ്ടായ വെടിക്കെട്ടപകടത്തില്‍ 154 പേരാണ് അകപ്പെട്ടത്. ഇതില്‍ ആറ് പേര് വിടപറഞ്ഞു. ബാക്കിയുള്ളവര്‍ ഇപ്പോള്‍ ആസ്പത്രികളിലും വീടുകളിലും. നിനച്ചിരിക്കാതെ കടന്നുവന്ന ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും മോചിതരല്ലാത്തവരായിരിക്കും ഏറെയും. മനോധൈര്യവും ശുഭാപ്തി വിശ്വാസം കൈമുതലാക്കി ആ പഴയ ജീവിതത്തിലേക്ക് തന്നെ ഇവരെ കൈപിടിച്ച് കൊണ്ടുവരേണ്ടതുണ്ട്.
ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ: പരിഹാരം എയിംസ്; പോരാട്ടം തുടരും-എം.പി
കാസര്‍കോട്: ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റണമെങ്കില്‍ 11126.66 കോടി രൂപ ചെലവഴിക്കണമെന്നാണ് പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതില്‍ 2688.66 കോടി രൂപ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ചെലവഴിക്കണമെന്നും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ചില ആസ്പത്രികളില്‍ സ്കിന്‍ സൂക്ഷിക്കാന്‍ ആവശ്യമായ സൗകര്യം ഉണ്ടെങ്കിലും സ്കിന്‍ ലഭ്യത കുറവാണ്. ത്വക്ക് ഗ്രാഫ്റ്റിംഗിന് ആവശ്യമായ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആസ്പത്രികള്‍ തയ്യാറാവാത്തതിനാലാണ് വെടിക്കെട്ട് അപകടത്തില്‍ ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. ഭാരിച്ച ചികിത്സാ ചെലവ് വഹിക്കേണ്ട അവസ്ഥയാണ് ഇരകള്‍ക്ക്. മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപ പ്രഖ്യാപിച്ചതുകൊണ്ടോ ആസ്പത്രി ചെലവ് വഹിച്ചത് കൊണ്ടോ പരിഹാരമാകുന്നില്ല. ജില്ലയിലെ ആരോഗ്യ മേഖലയുടെ പിന്നാക്കാവസ്ഥ അടിയന്തിരമായി പരിഹരിക്കണം. ഇതിന് കാസര്‍കോട് എയിംസ് സ്ഥാപിക്കണം. മുഖ്യമന്ത്രിയുടെ പിടിവാശി കൊണ്ടാണ് ഇത് സാധിക്കാത്തത്. 25ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുകയാണ്. വീണ്ടും എയിംസിനായുള്ള പോരാട്ടം തുടരും. അതൊരു ഒറ്റയാള്‍ പോരാട്ടമായിട്ടാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്. പെരിയ കേന്ദ്രസര്‍വകലാശാലയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാനുള്ള നടപടികളും ആലോചനയിലാണ്.
വെടിക്കെട്ടുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാവണം -ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കാസര്‍കോട്: വെടിക്കെട്ട് നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടല്ല നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ വെടിക്കെട്ട് നടത്തിയത്. സാധാരണ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിന് പുറത്താണ് വെടിക്കെട്ട് നടത്തിയിരുന്നത്. എന്നാല്‍ അശ്രദ്ധയോടെ ക്ഷേത്രത്തിനുള്ളില്‍ തന്നെ വെടിക്കെട്ട് നടത്തിയതിനാലാണ് ഈ ഒരു ദുരന്തമുണ്ടായത്. ആറ് ജീവനുകള്‍ അപഹരിച്ച അപകടം. ഇനി വെടിക്കെട്ടുകള്‍ ജില്ലയില്‍ നടത്തുമ്പോള്‍ അതിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ശനമായ താക്കീത് നല്‍കണം.
സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും നല്‍കണം – എ. വേലായുധന്
കാസര്‍കോട്: വെടിക്കെട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലക്ഷം രൂപ ധനസഹായയും പരിക്കേറ്റവര്‍ക്ക് ചികിത്സാ ചെലവ് അനുവദിച്ചതും അപര്യാപ്തമാണെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന് പറഞ്ഞു. ഒരു കുടുംബത്തിന് 25 ലക്ഷം രൂപയും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കണം. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുത്തുവെന്ന് പ്രഖ്യാപിച്ചെങ്കിലും പൊള്ളലേറ്റാല്‍ ദീര്‍ഘകാലം തുടര്‍ ചികിത്സ വേണ്ടി വരും. തുടര്‍ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുക്കണം. സാധാരണക്കാരായ ആളുകളാണ് ദുരന്തത്തിലകപ്പെട്ടത്. പലരും കുടുംബത്തിന്റെ വരുമാനം കണ്ടെത്തുന്നവരും. കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിധീഷ് ബാലന്