ഭക്ഷ്യസുരക്ഷാവിഭാഗം ഇനി ഉണര്‍ന്നുതന്നെയിരിക്കട്ടെ...

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന പ്രഖ്യാപനവുമായി ഭക്ഷ്യസുരക്ഷാവിഭാഗം കേരളത്തിലെ എല്ലാ ഭാഗങ്ങളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. നഗര-ഗ്രാമ-മലയോര-തീരദേശവ്യത്യാസങ്ങളില്ലാതെ നടത്തുന്ന പരിശോധനകളുടെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. കടകളിലും ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഷവര്‍മവില്‍പ്പനശാലകളിലും പഴക്കടകളിലുമൊക്കെ പരിശോധന സജീവമായിരിക്കുന്നു. നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടി നശിപ്പിച്ചു. മത്സ്യമാര്‍ക്കറ്റുകളില്‍ നിന്ന് കിലോക്കണക്കിന് പഴകിയതും രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയതുമായ മത്സ്യങ്ങള്‍ പിടികൂടിക്കഴിഞ്ഞു. വില്‍പ്പനക്കായി സൂക്ഷിച്ച പുഴുവരിച്ച മീനുകള്‍ പോലും ചിലയിടങ്ങളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. പഴക്കം ചെന്ന ഇറച്ചികളും പിടിച്ചെടുത്തു. വൃത്തി ഹീനമായ സാഹചര്യത്തില്‍ […]

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന പ്രഖ്യാപനവുമായി ഭക്ഷ്യസുരക്ഷാവിഭാഗം കേരളത്തിലെ എല്ലാ ഭാഗങ്ങളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. നഗര-ഗ്രാമ-മലയോര-തീരദേശവ്യത്യാസങ്ങളില്ലാതെ നടത്തുന്ന പരിശോധനകളുടെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. കടകളിലും ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഷവര്‍മവില്‍പ്പനശാലകളിലും പഴക്കടകളിലുമൊക്കെ പരിശോധന സജീവമായിരിക്കുന്നു. നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടി നശിപ്പിച്ചു. മത്സ്യമാര്‍ക്കറ്റുകളില്‍ നിന്ന് കിലോക്കണക്കിന് പഴകിയതും രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയതുമായ മത്സ്യങ്ങള്‍ പിടികൂടിക്കഴിഞ്ഞു. വില്‍പ്പനക്കായി സൂക്ഷിച്ച പുഴുവരിച്ച മീനുകള്‍ പോലും ചിലയിടങ്ങളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. പഴക്കം ചെന്ന ഇറച്ചികളും പിടിച്ചെടുത്തു. വൃത്തി ഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഹോട്ടലുകളും ജ്യൂസ് കടകളും ഷവര്‍മ വില്‍പ്പനകേന്ദ്രങ്ങളും അടക്കം നിരവധി ഭക്ഷണശാലകള്‍ പൂട്ടിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഹാനികരമാകുന്ന വിധത്തില്‍ ഏറെ നാളായി ഭക്ഷണം വിളമ്പിയ ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും പൂട്ടിക്കാന്‍ ഒരു പെണ്‍കുട്ടിക്ക് സ്വന്തം ജീവനാണ് ബലി നല്‍കേണ്ടിവന്നത്. ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് ദേവനന്ദ എന്ന പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. ഇതേ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച മറ്റ് അമ്പതോളം കുട്ടികളും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിവിധ ആസ്പത്രികളിലായി ചികിത്സയിലാവുകയായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഏറെ നാളായി ഉറക്കത്തിലായിരുന്ന ഭക്ഷ്യസുരക്ഷാവകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഈ വകുപ്പ് നിതാന്തജാഗ്രതയോടെ മുമ്പും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു പെണ്‍കുട്ടിക്ക് ജീവഹാനി സംഭവിക്കില്ലായിരുന്നു. ഭക്ഷ്യസുരക്ഷാനിയമം വ്യവസ്ഥ ചെയ്യുന്ന നിയമങ്ങളൊന്നും പാലിക്കാതെ ഷവര്‍മയുണ്ടാക്കി നല്‍കിയതാണ് ദേവനന്ദയുടെ മരണത്തിനിടയാക്കിയത്. പഴകിയ കോഴിയിറച്ചി പൂര്‍ണമായും വേവിക്കാതെ ഷവര്‍മക്ക് ഉപയോഗിക്കുന്നതുമൂലം രൂപപ്പെട്ട ഷെഗല്ല എന്ന ബാക്ടീരിയയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. ദേവനന്ദയുടെ മരണത്തിന് ശേഷം സംസ്ഥാനത്തെ ഷവര്‍മകടകളില്‍ നടത്തി പരിശോധനയില്‍ പലയിടങ്ങളിലും പകുതിമാത്രം വെന്ത കോഴിയിറച്ചിയാണ് ഷവര്‍മക്ക് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പരിശോധനയും ഇല്ലാതിരുന്നതിനാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ഇത്തരം ഷവര്‍മകള്‍ കഴിച്ചിട്ടുണ്ടാകും. മരണം സംഭവിച്ചില്ലെങ്കില്‍ പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും മാരകരോഗങ്ങള്‍ക്കും വിഷമായി രൂപാന്തരപ്പെടുന്ന ഷവര്‍മകള്‍ കാരണമാകുന്നു. കോവിഡിന് മുമ്പുവരെ പേരിനെങ്കിലും ഫുഡ് സേഫ്റ്റി വിഭാഗം പരിശോധനകള്‍ നടത്തിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് രണ്ടുവര്‍ഷക്കാലത്തിലേറെയായി നിര്‍ത്തിവെച്ചിരുന്ന പരിശോധനകള്‍ കോവിഡ് കുറഞ്ഞ് ജനജീവിതം സാധാരണനിലയിലായിരുന്നിട്ട് പോലും പുനരാരംഭിച്ചിരുന്നില്ല. അതിന്റെ പരിണിതഫലമായിരുന്നു ദേവനന്ദയുടെ മരണം. മായം കലര്‍ന്ന മത്സ്യവും മാംസവും വ്യാപകമായി വില്‍പ്പന നടത്തുന്ന സാഹചര്യം ഉണ്ടായത് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ നിഷ്‌ക്രിയത്വം മൂലമാണ്.
പൊതുജനാരോഗ്യത്തെയും ജീവനെയും പ്രതികൂലമായി ബാധിക്കുന്ന രാസപദാര്‍ഥങ്ങളടങ്ങിയ മീനുകളുടെ വില്‍പ്പന സംസ്ഥാനമൊട്ടുക്കും തകൃതിയായിരുന്നു. നല്ല മീനുകള്‍ വില്‍പ്പന നടത്തി മാന്യമായ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ആയിരക്കണക്കിന് മത്സ്യതൊഴിലാളികള്‍ക്ക് സമാന്തരമായി വിഷമീന്‍ വില്‍പ്പനയിലേര്‍പ്പെടുന്ന സംഘങ്ങളും സജീവമാണെന്ന യാഥാര്‍ഥ്യം അധികാരിവര്‍ഗം വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. പഴകിയ മീനുകള്‍ പാചകം ചെയ്ത് ഭക്ഷിക്കുന്നവര്‍ക്കൊക്കെയും പല തരത്തിലുള്ള അസുഖങ്ങള്‍ ബാധിക്കുന്നുവെന്ന വിവരം അമ്പരപ്പിക്കുന്നതാണ്.ഈയിടെ ഇടുക്കി ജില്ലയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മീനുകള്‍ പാചകം ചെയ്ത് ഭക്ഷിച്ച് സ്ത്രീകളും കുട്ടികളുമടക്കം200 ഓളം പേരാണ് ആസ്പത്രിയില്‍ ചികിത്സ തേടിയത്. തലകറക്കം, ഛര്‍ദി, വയറിളക്കം തുടങ്ങിയവ അനുഭവപ്പെട്ടാണ് ഇവര്‍ ആസ്പത്രിയിലായത്. മറ്റുവിധത്തിലുള്ള ദേഹാസ്വാസ്ഥ്യങ്ങളും പഴകിയ മീന്‍ കഴിച്ചവര്‍ക്കുണ്ടായിരുന്നു. തൃശൂരില്‍ ഒരു വീട്ടിലെ വിരുന്ന് സല്‍ക്കാരത്തിനിടെ പൊരിച്ച മീന്‍ കഴിച്ച കുട്ടി മരണപ്പെട്ട സംഭവമുണ്ടായി. പരിശോധനയില്‍ എട്ടുമാസം പഴക്കമുള്ള മീനാണ് കുട്ടി കഴിച്ചതെന്നും ഇതാണ് മരണകാരണമായതെന്നും കണ്ടെത്തി. സംസ്ഥാനത്തെ പല ഭാഗങ്ങളിലും പാകം ചെയ്ത പഴകിയ മീനുകള്‍ കഴിച്ചവര്‍ ആസ്പത്രിയിലാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാവിഭാഗം മത്സ്യവില്‍പ്പനകേന്ദ്രങ്ങളില്‍ പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും മത്സ്യമാര്‍ക്കറ്റുകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കിലോ കണക്കിന് പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. എന്നാല്‍ മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം പരിശോധനകള്‍ അധികകാലം നീണ്ടുനില്‍ക്കുമോയെന്ന ആശങ്ക പുലര്‍ത്തുന്നവരുണ്ട്. പരിശോധന നിലയ്ക്കുമ്പോള്‍ വിപണിയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മീനുകളുടെ വില്‍പ്പന വീണ്ടും സജീവമാകും. അടുത്ത ദുരന്തം സംഭവിക്കുമ്പോഴായിരിക്കും ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധനയുമായി വീണ്ടും രംഗത്തിറങ്ങുക. മുമ്പ് വിപണിയില്‍ പഴകിയ മത്സ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന പരിശോധനകളും തുടര്‍നടപടികളും സ്വീകരിച്ചിരുന്നെങ്കിലും ഏറെ നാളായി ഈ രീതിയിലുള്ള പരിശോധനകളെല്ലാം മുടങ്ങിക്കിടക്കുകയായിരുന്നു. ഇത് അവസരമാക്കിയാണ് പഴകിയ മത്സ്യങ്ങള്‍ ആളുകളെ തീറ്റിച്ച് സാമ്പത്തികലാഭമുണ്ടാക്കുന്ന സംഘങ്ങള്‍ ഈ മേഖലയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിച്ചത്.
ഒരു തരത്തിലുള്ള രാസപദാര്‍ഥങ്ങളും കലര്‍ത്താതെ നല്ല ശുദ്ധമായ മത്സ്യങ്ങള്‍ വില്‍പ്പന നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന മീന്‍കച്ചവടക്കാരാണ് ഏറെയും. മത്സ്യമാര്‍ക്കറ്റുകളില്‍ മായം കലരാത്ത മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്നവരുണ്ടെങ്കിലും ഇവര്‍ക്കിടയില്‍ നുഴഞ്ഞുകയറി മോശമായ മീനുകള്‍ വില്‍ക്കുന്നവരെ തിരിച്ചറിയാതെ പോകുന്നതിനാല്‍ കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കള്‍ ഏറെയാണ്. ഇന്ന് പഴകിയ മീനുകളെ കാഴ്ചയില്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. പുതിയ മീനുകളെ പോലെ ഭംഗിയും തിളക്കവും ഇവയ്ക്കുമുണ്ടാകും. ഫ്രഷ് മീനാണെന്ന് കരുതി വാങ്ങിക്കൊണ്ടുപോയി കറിവെച്ച് കഴിക്കുമ്പോഴായിരിക്കും കൊള്ളാത്ത മീനാണെന്ന് ബോധ്യപ്പെടുക. ഒരുതരത്തിലുള്ള രുചിയും മീനിനുണ്ടാകില്ല. പണം കൊടുത്ത് വാങ്ങിയതിനാല്‍ വായില്‍ വെക്കാന്‍ കൊള്ളില്ലെങ്കിലും കഴിക്കാതെ മറ്റ് മാര്‍ഗമില്ലല്ലോ. പാചകം ചെയ്ത മീന്‍ കഷണത്തിന് ഗുണവും മണവും സ്വാദും ഇല്ലെങ്കില്‍ ഉറപ്പിക്കാം കഴിച്ചത് ആഴ്ചകളോളം കേടുവരാതെ സൂക്ഷിക്കാന്‍ പ്രയോജനപ്പെടുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ മീനാണെന്ന്. ഒരു ദിവസം പോലും മീന്‍കൂട്ടാതെ ചോറിറങ്ങാത്ത മലയാളികള്‍ പിന്നെയും ഇത്തരം മീനുകള്‍ തന്നെ വാങ്ങുകയും കറിവെച്ച് കഴിക്കുകയും ചെയ്യുന്നു. ഈ ദൗര്‍ബല്യത്തെ പരമാവധി ചൂഷണം ചെയ്ത് ഫോര്‍മാലിന്‍ മീന്‍ വില്‍പ്പനക്കാര്‍ സാമ്പത്തികലാഭം കൊയ്തുകൊണ്ടേയിരിക്കുന്നു. മത്തിയും അയലയും രുചിയുള്ള മീനുകളാണ്. എന്നാല്‍ ഈ മീനുകളുടെ യഥാര്‍ഥ രുചിയും മണവും ഫോര്‍മാലിന്‍ തരംഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഏറ്റവും സ്വാദുള്ള മീന്‍ ആയി പഴമക്കാര്‍ ഇപ്പോഴും പറയാറുള്ളത് മത്തിയെക്കുറിച്ചാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും മത്തിയാണ്. എന്നാല്‍ മത്തിക്ക് പണ്ടുണ്ടായിരുന്ന രുചി ഇന്നില്ലെന്ന് എല്ലാവര്‍ക്കമറിയാം. എന്താണ് അതിന്റെ കാരണമെന്ന് വ്യക്തവുമാണ്. അതുപോലെ അയലക്കും പഴയ രുചിയില്ല. പാര, കറ്റ്ല തുടങ്ങിയ പല മീനുകളും ഒരു കാലം വരെ രുചിയുള്ളവയായിരുന്നു. ഇവയുടെ സ്വാദും ഫോര്‍മാലിന്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വിവിധയിനം കടല്‍ മത്സ്യങ്ങളുടെ സ്വാഭാവികരുചി നഷ്ടപ്പെടുത്തി ഏതുവിധേനയും പണുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം മീന്‍വില്‍പ്പന നടത്തുന്നവരായി ഒരു പറ്റം ആളുകള്‍ മാറിയിരിക്കുന്നു. മനുഷ്യരെ ആരോഗ്യം ക്ഷയിപ്പിച്ച് രോഗികളാക്കി ഇഞ്ചിഞ്ചായി കൊല്ലുന്ന കൊടും ക്രൂരതയാണ് ഇവര്‍ ചെയ്യുന്നത്. പ്രതിദിനം ലോഡുകണക്കിന് മത്സ്യങ്ങളാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത്. മായം കലര്‍ത്താത്ത മത്സ്യങ്ങളെക്കാള്‍ അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ മത്സ്യങ്ങളാണ് വില്‍പ്പനക്കെത്തുന്നതെന്ന സംശയം അസ്ഥാനത്തല്ല. കാരണം നല്ല മീനുകള്‍ സുലഭമല്ലാതിരുന്നിട്ട് നാളുകള്‍ ഏറെയായി. മത്സ്യങ്ങളില്‍ മായം കലര്‍ത്തിയിട്ടുണ്ടോയെന്ന് വേഗത്തില്‍ പരിശോധന നടത്താനുള്ള സംവിധാനം നിലവിലില്ല. പിടിച്ചെടുത്ത മത്സ്യങ്ങള്‍ ലാബുകളില്‍ കൊണ്ടുപോയി പരിശോധിക്കുന്നതാണ് നിലവിലെ രീതി. ഇതിന്റെ ഫലങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് പുറത്തുവരുന്നത്. മായം ചേര്‍ത്തതാണോ അല്ലയോ എന്നറിയാതെയാണ് മത്സ്യമാര്‍ക്കറ്റുകളില്‍ നിന്ന് സാധാരണക്കാര്‍ മത്സ്യം വാങ്ങുന്നത്. മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നത് തുറമുഖങ്ങളില്‍ നിന്നാണോ അതോ വിപണിയില്‍ നിന്നാണോ എന്ന് മനസിലാക്കാന്‍ സാധിക്കാത്തതും മറ്റൊരു പ്രശ്‌നമാണ്. മത്സ്യം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസ് വഴി മായം കലര്‍ത്തുന്നുണ്ടോയെന്ന സംശയം ഉയരുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ സാധിക്കുന്നില്ല. വിഷമീനുകളാണ് വില്‍പ്പനക്കെത്തുന്നതെന്ന് കണ്ടുപിടിക്കാന്‍ സ്ഥിരമായ സംവിധാനം ഇല്ലാത്തത് ഗുരുതരമായ പോരായ്മയാണ്.

-ടി.കെ പ്രഭാകരകുമാര്‍

Related Articles
Next Story
Share it