സമത്വസുന്ദരമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലാണ് ഓണം. മഹാബലിയുടെ ഭരണകാലത്ത് എല്ലാ മനുഷ്യരും ഒരുപോലെയായിരുന്നുവെന്നും കള്ളവും ചതിയും ഉണ്ടായിരുന്നില്ലെന്നുമുള്ള ഐതിഹ്യമാണ് ഓണത്തിന്റെ മൂല്യബോധത്തെ നയിക്കുന്നത്. വാമനനാല്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തപ്പെട്ട മഹാബലി എല്ലാവര്‍ഷവും ഓണക്കാലത്ത് തന്റെ പ്രജകളെ സന്ദര്‍ശിക്കാനെത്തും എന്ന മനോഹരമായ സങ്കല്‍പ്പത്തിലാണ് ഓണത്തിന്റെ മനോഹാരിത നിലനില്‍ക്കുന്നത്. അസമത്വവും കള്ളവും ചതിയും അക്രമങ്ങളും അനീതികളും നിറഞ്ഞ പുതിയ കാലഘട്ടത്തില്‍ എല്ലാം മറന്ന് മനുഷ്യവര്‍ഗം ഒന്നാകണമെങ്കില്‍ ഏതെങ്കിലുമൊരു ദുരന്തം വരണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ ഓണനാളില്‍ ആഘോഷത്തിന് പകരം ഉയര്‍ന്നത് അലമുറകളായിരുന്നു. പ്രകൃതിദുരന്തത്തിന്റെ ഭീകരത 400 ലധികം മനുഷ്യജീവനുകള്‍ കവര്‍ന്നപ്പോള്‍ കഴിഞ്ഞ തവണ ഓണവും പെരുന്നാളും ആഘോഷിക്കാനുള്ള മാനസികാവസ്ഥ കേരളീയര്‍ക്കുണ്ടായിരുന്നില്ല. ഈ മ്ലാനത സ്വാഭാവികമായും മറുനാടന്‍ മലയാളികളിലേക്കും പടര്‍ന്നിരുന്നു. ഉറ്റവരും വീടുകളും സ്വത്തുക്കളുമടക്കം വിലപിടിപ്പുള്ള സകല സൗഭാഗ്യങ്ങളും പ്രളയം വിഴുങ്ങിയപ്പോള്‍ പകച്ചുപോയ ജനതയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കരുത്തുനല്‍കിയത് മനുഷ്യസ്‌നേഹത്തിന്റെ കൂട്ടായ്മകളാണ്. ദുരന്തത്തിന്റെ കെടുതികളില്‍പെട്ടവര്‍ സ്വന്തം പ്രാണന്‍ രക്ഷിക്കാനുള്ള ബദ്ധപ്പാടിനിടയില്‍ ജാതിയും മതവും മറ്റ് വിഭാഗീയചിന്തകളുമെല്ലാം വിസ്മരിച്ച് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിഞ്ഞപ്പോള്‍ അവിടെ എല്ലാ വേര്‍തിരിവുകള്‍ക്കും കടിഞ്ഞാണിടുന്ന മാനവികതയുടെ പുതുവസന്തം വിരിയുകയായിരുന്നു. ഇത്തവണയും പ്രളയം ഒട്ടേറെ മനുഷ്യജീവനുകള്‍ക്ക് ഹാനി വരുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കെടുതികള്‍ കുറവായിരുന്നു. മരണമടഞ്ഞവരുടെ അംഗസംഖ്യ വളരെ കുറയുകയും ചെയ്തു. ആ നിലയ്ക്ക്് അത് ചെറിയ ആശ്വാസം പകരുന്ന കാര്യമാണെങ്കിലും മക്കള്‍ നഷ്ടമായ അഛനമ്മമാരും മാതാപിതാക്കള്‍ നഷ്ടപ്പെട്ട മക്കളും ഉള്‍പ്പെടെയുള്ളവരുടെ വിലാപങ്ങള്‍ നമ്മുടെയൊക്കെ മനസില്‍ നൊമ്പരമുണര്‍ത്തുന്നു. പ്രളയക്കെടുതികള്‍ അവസാനിച്ചെങ്കിലും സര്‍വതും നഷ്ടമായവരുടെ സങ്കടങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ബലിപെരുന്നാളും വരാനിരിക്കുന്ന ഓണവും പരിഗണനാര്‍ഹമായ വിഷയങ്ങളേയല്ല. ആഘോഷങ്ങളുടെ ആവേശം കെടുത്തുന്ന ശോകമൂകമായ ഈ അവസ്ഥയിലും മാനവികതയുടെ ഒരുപാട് പാഠങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിയെന്നത് ഇക്കുറിയുണ്ടായ ദുരന്തപശ്ചാത്തലത്തിലുള്ള സവിശേഷതയാണ്. പെരുന്നാള്‍ വിപണിയില്‍ വസ്ത്രവില്‍പ്പനക്കുവന്ന വഴിയോരക്കച്ചവടക്കാരന്‍ നൗഷാദ് മുഴുവന്‍ വസ്ത്രങ്ങളും ദുരിതബാധിതര്‍ക്ക് നല്‍കിയതാണ് പ്രളയകാലത്തെ നന്‍മയുടെ പാഠങ്ങളില്‍ ഏറ്റവും മുന്നില്‍ ഉയര്‍ത്തിക്കാണിക്കപ്പെട്ടത്.പ്രളയത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച ലിജു എന്ന യുവാവടക്കമുള്ള ത്യാഗത്തിന്റെ പ്രതീകങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ പ്രകാശകിരണങ്ങളാണ് പ്രസരിപ്പിച്ചത്. ദുരിതബാധിതര്‍ക്കുവേണ്ടി പണം സ്വരൂപിക്കുന്നതിനായി സ്വത്തുക്കളും വാഹനങ്ങളും വില്‍പ്പന നടത്തിയ മനുഷ്യസ്‌നേഹികള്‍ ഒരുപാടുണ്ടായിരുന്നു. ചെറിയ ആവശ്യങ്ങള്‍ക്കായി കുട്ടികള്‍ കരുതിവെച്ച നാണയക്കുടുക്കകള്‍ പോലും നിറഞ്ഞ മനസ്സോടെ ദുരിതബാധിതര്‍ക്കായി നീക്കിവെക്കപ്പെട്ടു. എഴുത്തുകാരും കലാകാരന്‍മാരും സര്‍ഗാത്മകപ്രവര്‍ത്തനങ്ങളിലൂടെ ധനസമാഹരണം നടത്തിയാണ് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങിയത്. ഇതൊക്കെ മാവേലി നാടുവാണ കാലത്തെ നന്‍മകളെ അനുസ്മരിപ്പിക്കുന്നു. മാനുഷരെല്ലാരും ഒന്നായിരുന്ന ആ ഭരണകാലം പുനരാവിഷ്‌കരിക്കപ്പെട്ടത് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഓണം ആഘോഷിക്കാന്‍ നിര്‍വാഹമില്ലാതെ പോകുന്ന അനേകം മനുഷ്യര്‍ സമൂഹത്തിലുണ്ട്. എല്ലാവരും പങ്കാളികളാകുമ്പോള്‍ മാത്രമേ അതിന് ആഘോഷത്തിന്റെ വിശാലത കൈവരികയുള്ളൂ. ചില ആളുകളെ സംബന്ധിച്ചിടത്തോളം ഓണം മദ്യപിച്ച് കൂത്താടി നടക്കാനുള്ള അവസരം കൂടിയാണ്. മറ്റ് ദിവസങ്ങളിലും മദ്യപാനമുണ്ടെങ്കിലും ഓണക്കാലത്ത് സദാസമയവും മദ്യത്തില്‍ മാത്രം മുങ്ങിനടക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ളവര്‍. ഇത്തരക്കാര്‍ തങ്ങളുടെ കുടുംബത്തിന്റെ സന്തോഷവും സമാധാനവും തല്ലിക്കെടുത്തുന്നു. മദ്യപാനികളുടെ കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കണ്ണീരിന്റെ തടവുകാരായി മാറുന്നു. ഈ രീതിയില്‍ നീറിനീറി ജീവിക്കുന്നവരെയും ആഘോഷത്തിലേക്ക് കൊണ്ടുവരാന്‍ സമൂഹം കൈകോര്‍ത്തുപിടിക്കണം. ഇവിടെ ആഘോഷം വിദേശമദ്യവും വ്യാജചാരായവും വില്‍ക്കുന്നവര്‍ക്കാണ്. ബിവറേജ് മദ്യശാലകളിലെ റെക്കോര്‍ഡ് വര്‍ധന വഴി സര്‍ക്കാര്‍ ഖജനാവിലും പണം കുമിഞ്ഞുകൂടും. ബാര്‍ മുതലാളിമാര്‍ക്കും ആഘോഷം തന്നെ. ഫലമോ നല്ലൊരു ഓണക്കാലം ഒട്ടേറെ അക്രമങ്ങളും കൊലപാതകങ്ങളും കൊണ്ട് കളങ്കപ്പെടുന്നു.
കാരുണ്യപ്രവര്‍ത്തികളും പരസ്പര സഹായമനോഗതിയും ദുരന്തകാലങ്ങളില്‍ മാത്രം ഒതുങ്ങാന്‍ പാടില്ല. മഴ ശാന്തമായി വെള്ളമിറങ്ങി തുടങ്ങുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന ഗുണങ്ങളായി നന്‍മയും സഹായങ്ങളും മാറരുത്. അത് എല്ലാക്കാലത്തും നമ്മളില്‍ ഉണ്ടായിക്കൊണ്ടേയിരിക്കണം.