കാസര്‍കോട്: ഹെല്‍മെറ്റും ലഹരി വിരുദ്ധ സന്ദേശ ടീ ഷര്‍ട്ടും ധരിച്ച് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. കൂടെ സൈക്കിളോട്ടക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് പെഡലേഴ്സിന്റെ പ്രവര്‍ത്തകര്‍. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ലഹരിക്കെതിരായ ബോധവത്കരണ സൈക്കിള്‍ റാലി സൈക്ലോത്തോണിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ജില്ലാ കലക്ടര്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍സെക്കണ്ടറി സ്കൂള്‍ വരെ കലക്ടര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്കി. കാസര്‍കോട് പെഡലേഴ്സിനൊപ്പം തന്ബീഹുല് സ്കൂളിലെ എസ്.പി.സി കാഡറ്റുകളും അണിചേര്‍ന്നു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സൈക്ലോത്തോണ്‍ ഫ്ളാഗ് ഓഫ് ചടങ്ങ് ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ ഡി.ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് സ്വാഗതവും അസി.എഡിറ്റര്‍ ജി.എന്‍ പ്രദീപ് നന്ദിയും പറഞ്ഞു. കാസര്‍കോട് പെഡലേഴ്സിന്റെ സ്നേഹോപഹാരം ജില്ലാ കലക്ടര്‍ക്ക് കൈമാറി.