കാസര്‍കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം ലഭിക്കുമെന്നും ആര് ജയിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. കാസര്‍കോട്ട് നടക്കുന്ന ഐ.എന്‍.എല്‍ സംസ്ഥാന സമ്മേളനപ്രഖ്യാപനറാലിയെക്കുറിച്ച് വിശദീകരിക്കാന്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ചത് സാങ്കേതികവിദ്യയെ കുറിച്ച് പഠിക്കാനാണ്. ഗുജറാത്തിനെ മാതൃകയാക്കാനല്ല കേരളസര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചത്. ഇതുസംബന്ധിച്ച് അനാവശ്യ വിവാദങ്ങളാണ് ഉയര്‍ത്തിവിടുന്നത്. കേരളത്തിലെ ചില സംഘടനകള്‍ ഇസ്രായേലിലേക്ക് സാങ്കേതിക വിദ്യയെക്കുറിച്ച് പഠിക്കാന്‍ പോകാറുണ്ട്. അതുകൊണ്ട് അവര്‍ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്ന് പറയാന്‍ സാധിക്കുമോയെന്ന് കാസിം ചോദിച്ചു. പി.സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട വിഷയം വലിയ പ്രശ്നമാക്കേണ്ട ആവശ്യമില്ലെന്ന് കാസിം പറഞ്ഞു. പി.സി ജോര്‍ജിന്റെ ഇത്തരം പ്രസ്താവനകളെ രാഷ്ട്രീയമായാണ് നേരിടേണ്ടത്. എന്നാല്‍ പി.സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗം സമൂഹത്തില്‍ മുതലെടുപ്പ് നടത്തുന്ന ശക്തികള്‍ക്ക് വലിയ പ്രചോദനമായിട്ടുണ്ട്. ഹിന്ദുത്വവര്‍ഗീയത തന്നെയാണ് ഏറ്റവും വലിയ ഭീഷണിയായി ഐ.എന്‍.എല്‍ കാണുന്നത്. ഇബ്രാഹിം സുലൈമാന്‍ സേട്ട് ഐ.എന്‍.എല്‍ രൂപീകരിച്ചത് തന്നെ വര്‍ഗീയതയെ ശക്തമായി എതിര്‍ക്കാനാണ്. കെ റെയില്‍ പദ്ധതിയെ ചിലര്‍ എതിര്‍ക്കുന്നതുകണ്ട് മറ്റ് സംസ്ഥാനങ്ങള്‍ ചിരിക്കുകയാണ്. നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. കെ റെയില്‍ വന്നാല്‍ കേരളത്തിലുണ്ടാകുക വന്‍ പുരോഗതിയായിരിക്കുമെന്നും അതിന്റെ ഗുണഫലം കാസര്‍കോടിന് കൂടി ലഭിക്കുമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
‘കാലം തേടും കരുത്തുമായി’ എന്ന മുദ്രാവാക്യമുയര്‍ത്തി ഐ.എന്‍.എല്‍ സംസ്ഥാന സമ്മേളനം ഡിസംബര്‍ അവസാന വാരം കോഴിക്കോട്ട് നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഈമാസം 13ന് കാസര്‍കോട്ട് പ്രഖ്യാപന റാലി നടത്തും. 13ന് വൈകിട്ട് മൂന്നിന് ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് പുറപ്പെടുന്ന റാലി പുതിയ ബസ് സ്റ്റാന്റിന് സമീപം സജ്ജീകരിച്ച ഗ്രൗണ്ടില്‍ സമാപിക്കും. പ്രഖ്യാപന സമ്മേളനത്തില്‍ എല്‍.ഡി.എഫിന്റെയും ഐ.എന്‍.എല്ലിന്റെയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കുമെന്നും 2005ന് ശേഷം ഇതാദ്യമായാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടത്തുന്നതെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
സംസ്ഥാന ട്രഷറര്‍ ബി. ഹംസ ഹാജി, വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, സെക്രട്ടറി എം.എ ലത്തീഫ്, ജില്ലാ പ്രസിഡണ്ട് ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, എം. ഇബ്രാഹിം എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.