'മലപ്പുറത്തിന്റെ സ്പന്ദനം കാല്‍പന്തിലാണ്'; പ്രതിരോധത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ യു ഷെറഫലിയെ ഇറക്കി ലീഗിന്റെ മുന്നേറ്റം തടയാന്‍ സിപിഎം; അറ്റാക്കിംഗിന് ഐ എം വിജയനെ കൂടാരത്തിലെത്തിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും; സിപിഎം ലക്ഷ്യം പച്ചക്കോട്ടയില്‍ 7 സീറ്റ്

മലപ്പുറം: മലപ്പുറത്തിന്റെ സ്പന്ദനം കാല്‍പന്തിലാണെന്ന സത്യം തിരിച്ചറിഞ്ഞാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മലപ്പുറത്ത് വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകനും പ്രതിരോധത്തിലെ പേടിസ്വപ്‌നവുമായിരുന്ന യു ഷറഫലിയെ കളത്തിലിറക്കി ലീഗിന്റെ മുന്നേറ്റം തടയാന്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. മലപ്പുറത്ത് മുസ്ലിംലീഗിന്റെ ആധിപത്യം തകര്‍ക്കുകയാണ് ലക്ഷ്യം. പച്ചക്കോട്ടയില്‍ ഏഴു സീറ്റുകളാണ് സിപിഎം ഉന്നം വെയ്ക്കുന്നത്. നാലു സിറ്റിംഗ് എംഎല്‍എമാര്‍ക്ക് പുറമേ പ്രമുഖരെയും ജനകീയരായ ഫുട്ബോള്‍ താരങ്ങളെയും കളത്തിലിറക്കിയാണ് തന്ത്രം ഒരുക്കുന്നത്. അരീക്കോട് […]

മലപ്പുറം: മലപ്പുറത്തിന്റെ സ്പന്ദനം കാല്‍പന്തിലാണെന്ന സത്യം തിരിച്ചറിഞ്ഞാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മലപ്പുറത്ത് വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകനും പ്രതിരോധത്തിലെ പേടിസ്വപ്‌നവുമായിരുന്ന യു ഷറഫലിയെ കളത്തിലിറക്കി ലീഗിന്റെ മുന്നേറ്റം തടയാന്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. മലപ്പുറത്ത് മുസ്ലിംലീഗിന്റെ ആധിപത്യം തകര്‍ക്കുകയാണ് ലക്ഷ്യം.

പച്ചക്കോട്ടയില്‍ ഏഴു സീറ്റുകളാണ് സിപിഎം ഉന്നം വെയ്ക്കുന്നത്. നാലു സിറ്റിംഗ് എംഎല്‍എമാര്‍ക്ക് പുറമേ പ്രമുഖരെയും ജനകീയരായ ഫുട്ബോള്‍ താരങ്ങളെയും കളത്തിലിറക്കിയാണ് തന്ത്രം ഒരുക്കുന്നത്. അരീക്കോട് തേരട്ടമ്മല്‍ സ്വദേശിയായ ഷറഫലിയെ ഏറനാട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ആലോചന. ഫുട്ബോളിന് വലിയ ആരാധകരുള്ള ഏറനാട്ട് ഷറഫലിയെ ഇറക്കുന്നത് കൂടുതല്‍ ഗുണകരമാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. അതേസമയം സിപിഐയുടെ സീറ്റായ ഏറനാട്ട് കഴിഞ്ഞ തവണ മത്സരിച്ചത് കെ.ടി. അബ്ദുറഹിമാനായിരുന്നു. ഇദ്ദേഹത്തിന്റെ പേരും പരിഗണനയിലുണ്ട്.

താനൂരില്‍ ജയിച്ച എ.വി. അബ്ദുറഹ്‌മാന്‍, പൊന്നാനിയില്‍ നിന്നും ജയിച്ച പി. ശ്രീരാമകൃഷ്ണന്‍, തവനൂരില്‍ വിജയം നേടിയ കെ.ടി. ജലീല്‍, നിലമ്പൂര്‍ പിടിച്ചെടുത്ത പി.വി. അന്‍വര്‍ എന്നിവരാണ് മലപ്പുറത്തെ എല്‍ഡിഎഫിന്റെ നിലവിലെ എംഎല്‍എമാര്‍. ഇവരെല്ലാം അതാതു മണ്ഡലത്തില്‍ തന്നെ തുടര്‍ന്നേക്കും. രണ്ടു തവണ തിരൂര്‍ നഗരസഭയുടെ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായിരുന്ന എ.വി. അബ്ദുറഹ്‌മാനെ ഇത്തവണ തിരൂരില്‍ തന്നെ പരീക്ഷിക്കാനാണ് നീക്കം. അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റായ താനൂരില്‍ സിപിഐ ജില്ലാ സെക്രട്ടറി ഇ. ജയന്‍ മത്സരിച്ചേക്കും. അതേസമയം 2016ല്‍ മത്സരിച്ച ഗഫൂര്‍ പി. ലില്ലീസിന്റെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. സിഡ്കോ ചെയര്‍മാന്‍ കൂടിയായ നിയാസ് പുളിക്കലിനെ തിരൂരങ്ങാടിയില്‍ ഇത്തവണയും പരീക്ഷിച്ചേക്കാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ തവണ മഞ്ഞളാംകുഴി അലിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച മുന്‍ എംഎല്‍എ എ.വി. ശശികുമാര്‍ പെരിന്തല്‍മണ്ണയില്‍ ജനവിധി തേടിയേക്കും. ഇവിടെ മുന്‍ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീമിന്റെ പേരും ഉയരുന്നുണ്ട്. മങ്കടയില്‍ ടി.കെ. റഷീദലിയെ ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിയാക്കാനും ആലോചനയുണ്ട്.

അതിനിടെ ഇന്ത്യന്‍ പ്രതിരോധതാരത്തെ ഇടതുപക്ഷം തെരഞ്ഞെടുപ്പ് കളത്തില്‍ ഇറക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകനും സ്‌ട്രൈക്കറുമായ ഇതിഹാസ താരം ഐ എം വിജയനും മാര്‍ക്കറ്റ് വാല്യു വര്‍ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസുമാണ് വലയുമായി ഇറങ്ങിയിരിക്കുന്നത്. മുമ്പ് കോണ്‍ഗ്രസ് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഐ എം വിജയന്‍ തയ്യാറാണെങ്കില്‍ തൃശൂരില്‍ മത്സരിപ്പിക്കാനാണ് ശ്രമം. പക്ഷേ അദ്ദേഹം ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമറിയിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെ ആള്‍ക്കാരുമായും ബന്ധമുണ്ടെന്നും ഒരു പ്രത്യേക രാഷ്ട്രീയ നിലപാടെടുക്കാന്‍ സാധിക്കില്ലെന്നുമാണ് വിജയന്റെ പ്രതികരണം. തന്നെ ആത്യന്തികമായി ഫുട്ബോള്‍ താരമായിട്ടാണ് ആളുകള്‍ കാണുന്നതെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം എല്ലാവര്‍ഷത്തേതും പോലെ മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പ് കളത്തിലിറങ്ങാന്‍ ക്ഷണിച്ച കാര്യം അദ്ദേഹം സമ്മതിച്ചു.

Related Articles
Next Story
Share it