ഉദുമ നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്; ഇപ്പോള്‍ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമെന്ന് യു.ഡി.എഫ്

ഉദുമ: മൂന്നുപതിറ്റാണ്ടുകാലമായി എല്‍.ഡി.എഫിന്റെ കരങ്ങളില്‍ ഭദ്രമായ ഉദുമ നിയോജക മണ്ഡലത്തില്‍ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശാന്‍ യു.ഡി.എഫിന് ആകുമോ. ഉദുമ നിലനിര്‍ത്താന്‍ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് എല്‍.ഡി.എഫ് എങ്കിലും പുതിയ കണക്കുകളുടെ ബലത്തില്‍ യു.ഡി.എഫും പ്രതീക്ഷ പുലര്‍ത്തുന്നു. ഇടതുമുന്നണിയെ പതിറ്റാണ്ടുകളായി കൈവിടാത്ത മണ്ഡലമാണിത്. എന്നാല്‍ 2016ലെ നിയമസഭാതിരഞ്ഞെടുപ്പോടെ മണ്ഡലത്തിലെ സ്ഥിതിയില്‍ വന്ന മാറ്റമാണ് യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ തവണ കണ്ണൂരില്‍ നിന്ന് കെ. സുധാകരനെത്തിയാണ് ഉദുമയില്‍ മത്സരിച്ചത്. സുധാകരന്‍ പരാജയപ്പെട്ടെങ്കിലും വിജയിച്ച എല്‍.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞു. […]

ഉദുമ: മൂന്നുപതിറ്റാണ്ടുകാലമായി എല്‍.ഡി.എഫിന്റെ കരങ്ങളില്‍ ഭദ്രമായ ഉദുമ നിയോജക മണ്ഡലത്തില്‍ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശാന്‍ യു.ഡി.എഫിന് ആകുമോ. ഉദുമ നിലനിര്‍ത്താന്‍ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് എല്‍.ഡി.എഫ് എങ്കിലും പുതിയ കണക്കുകളുടെ ബലത്തില്‍ യു.ഡി.എഫും പ്രതീക്ഷ പുലര്‍ത്തുന്നു. ഇടതുമുന്നണിയെ പതിറ്റാണ്ടുകളായി കൈവിടാത്ത മണ്ഡലമാണിത്. എന്നാല്‍ 2016ലെ നിയമസഭാതിരഞ്ഞെടുപ്പോടെ മണ്ഡലത്തിലെ സ്ഥിതിയില്‍ വന്ന മാറ്റമാണ് യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ തവണ കണ്ണൂരില്‍ നിന്ന് കെ. സുധാകരനെത്തിയാണ് ഉദുമയില്‍ മത്സരിച്ചത്. സുധാകരന്‍ പരാജയപ്പെട്ടെങ്കിലും വിജയിച്ച എല്‍.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞു. കെ. കുഞ്ഞിരാമന്‍ രണ്ട് തവണ എം.എല്‍.എയായി. 2011ല്‍ കെ കുഞ്ഞിരാമന് 11,380 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കിലും 2016ല്‍ അത് 3,347 ആയി കുറക്കാന്‍ കഴിഞ്ഞത് യു.ഡി.എഫിന് പ്രതീക്ഷ പകര്‍ന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് ഉദുമ മണ്ഡലത്തില്‍ ഒമ്പതിനായിരത്തോളം വോട്ടിന്റെ ലീഡ് ലഭിച്ചത് ആ പ്രതീക്ഷയെ ഇരട്ടിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ഈ തിരഞ്ഞെടുപ്പിലും നിലനിര്‍ത്തുമെന്നും തങ്ങളുടെ വിജയം ഉറപ്പാണെന്നും യു.ഡി.എഫ് അവകാശപ്പെടുമ്പോള്‍ വിജയം ഇടതുമുന്നണിയെ ഒരിക്കലും കൈവിടില്ലെന്നും മണ്ഡത്തിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നും ഇടതുമുന്നണിയും പറയുന്നു. 2 മാസം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലെ വോട്ട് നില തങ്ങള്‍ക്ക് അനുകൂലമാണെന്നും മണ്ഡലം നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നുമാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
കാഞ്ഞങ്ങാട്, കാസര്‍കോട് നിയമസഭാമണ്ഡലങ്ങള്‍ വിഭജിച്ച് 1977ലാണ് ഉദുമ മണ്ഡലം നിലവില്‍ വന്നത്. 1977ല്‍ സ്വതന്ത്രനായി മത്സരിച്ച എന്‍.കെ ബാലകൃഷ്ണനാണ് ഉദുമ മണ്ഡലത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് അദ്ദേഹം പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു.
എന്നാല്‍ 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.കെ ബാലകൃഷ്ണനെ പരാജയപ്പെടുത്തി സി.പി.എമ്മിലെ കെ. പുരുഷോത്തമന്‍ വിജയിച്ചു. 1982ല്‍ എല്‍.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ വിജയിച്ചു. 1987ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ കെ.പി. കുഞ്ഞിക്കണ്ണനാണ് വിജയിച്ചത്. ഇതിന് ശേഷം മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിച്ചിട്ടില്ല. പിന്നീടങ്ങോട്ട് എല്‍.ഡി.എഫിന് മാത്രമായിരുന്നു വിജയം.
91 മുതല്‍ 2001 വരെ പി. രാഘവനും 2001 മുതല്‍ 2011 വരെ കെ.വി. കുഞ്ഞിരാമനും 2011ലും 2016ലും കെ. കുഞ്ഞിരാമനും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ഇടതുമുന്നണി മുന്‍ മഞ്ചേശ്വരം എം.എല്‍.എ.യും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. സി.എച്ച്. കുഞ്ഞമ്പുവിനെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുന്നത്. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.

Related Articles
Next Story
Share it