ബൈക്കിലെത്തി സ്വർണ്ണമാല മോഷ്ടിച്ച് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റിൽ
റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രിയുടെ മാലയാണ് പൊട്ടിച്ചത്

കാഞ്ഞങ്ങാട്: മൂന്ന് മാസം മുമ്പ് ബൈക്കിലെത്തി സ്വർണ്ണമാല മോഷ്ടിച്ച് രക്ഷപ്പെട്ട പ്രതികളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. 300 ലേറെ സിസിടിവികൾ പിന്തുടർന്ന് കോയമ്പത്തൂരിൽ എത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിലിക്കോട് വെച്ചാണ് മാല മോഷ്ടിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി എ.ടി ജാഫർ (38 ),കണ്ണൂർ കതിരൂർ പൊക്കായി മുക്ക് സ്വദേശി ടി. മുദസിർ (35 ) എന്നിവരെയാണ് പോലീസ് അതി സമർത്ഥമായി പിടികൂടിയത്.
റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രിയുടെ മാല പൊട്ടിച്ച് കടന്നു
കളയുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബർ ഏഴിന് ഏച്ചിക്കൊവ്വലിൽവച്ചാണ് ഒന്നേ മുക്കാൽ പവൻ സ്വർണ്ണ മാല തട്ടിയെടുത്ത് കടന്നു കളഞ്ഞത്. ഈ സംഘത്തെയാണ് പിന്തുടർന്ന് പിടികൂടിയത്. സി.സി.ടി.വി പിന്തുടർന്ന് കോയമ്പത്തൂരിൽ എത്തിയ പൊലീസ് സംഘം അവിടെയുള്ള അമ്പതോളം സി.സി.ടി.വികൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ പിന്നീട് കോഴിക്കോട് വച്ചാണ് പിടികൂടിയത്. മോഷണം പോയ സ്വർണ്ണം കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്. പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ചന്തേര ഇൻസ്‌പെക്ടർ എം. പ്രശാന്ത് സബ് ഇൻസ്‌പെക്ടർ എൻ.കെ സതീഷ് കുമാർ , സതീഷ് വർമ്മ, രഞ്ജിത്ത് കുമാർ, എം. രഞ്ജിത്ത്, സജിത്ത് സുധീഷ് , ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.