പോയവര്‍ഷം കേരളം കണ്ടത്...

സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ ഞെരുങ്ങിയ കേരളം -പോയവര്‍ഷം കേരളത്തിന്റെ അവസ്ഥ ഇങ്ങനെയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാല്‍ ശമ്പളം കൊടുക്കാന്‍ പോലും വകയില്ലാതെ ക്ഷേമപെന്‍ഷനുകളും കര്‍ഷകര്‍ക്കുള്ള കുടിശ്ശികയും മുടങ്ങിയപ്പോഴും കേരളീയവും നവകേരളയാത്രയും ഒപ്പം തന്നെ കെ-ഫോണ്‍, വിഴിഞ്ഞം തുറമുഖം, എ.ഐ ക്യാമറ, കുടിവെള്ളവിതരണം എന്നിങ്ങനെയുള്ള വികസനമുദ്രകളും കേരളം കണ്ടു. തീരാത്ത വിവാദങ്ങളും പോരാട്ടങ്ങളും ക്രൈമുകളും കുറവായിരുന്നില്ല.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നമ്മുടെ സംസ്ഥാനത്ത് സംഭവിച്ച പ്രധാന സംഭവങ്ങളിലൂടെ കണ്ണോടിക്കാം.ഭരണഘടനയെ വിമര്‍ശിച്ചതിന് മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാന്‍ വീണ്ടും മന്ത്രിക്കസേരയിലെത്തി. ഭക്ഷ്യദുരന്തത്തിന് ഒരിക്കല്‍ കൂടി […]

സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ ഞെരുങ്ങിയ കേരളം -പോയവര്‍ഷം കേരളത്തിന്റെ അവസ്ഥ ഇങ്ങനെയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാല്‍ ശമ്പളം കൊടുക്കാന്‍ പോലും വകയില്ലാതെ ക്ഷേമപെന്‍ഷനുകളും കര്‍ഷകര്‍ക്കുള്ള കുടിശ്ശികയും മുടങ്ങിയപ്പോഴും കേരളീയവും നവകേരളയാത്രയും ഒപ്പം തന്നെ കെ-ഫോണ്‍, വിഴിഞ്ഞം തുറമുഖം, എ.ഐ ക്യാമറ, കുടിവെള്ളവിതരണം എന്നിങ്ങനെയുള്ള വികസനമുദ്രകളും കേരളം കണ്ടു. തീരാത്ത വിവാദങ്ങളും പോരാട്ടങ്ങളും ക്രൈമുകളും കുറവായിരുന്നില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നമ്മുടെ സംസ്ഥാനത്ത് സംഭവിച്ച പ്രധാന സംഭവങ്ങളിലൂടെ കണ്ണോടിക്കാം.
ഭരണഘടനയെ വിമര്‍ശിച്ചതിന് മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാന്‍ വീണ്ടും മന്ത്രിക്കസേരയിലെത്തി. ഭക്ഷ്യദുരന്തത്തിന് ഒരിക്കല്‍ കൂടി കേരളം സാക്ഷിയാവുകയും ചെയ്തു. ചാടിയുണര്‍ന്ന ഭക്ഷ്യവകുപ്പ് ത്വരിതഗതിയില്‍ ഗുണനിലവാര പരിശോധനയെന്ന പ്രഹസനവുമായി ഇറങ്ങി; അതും വാര്‍ത്തയുടെ ചൂട് ആറുന്നതുവരെ മാത്രം. ദിനംതോറും ലഹരിയുടെ അടിമകളായിത്തീരുന്ന നമ്മുടെ ബാല്യ-കൗമാരങ്ങള്‍ ഏറെ ആശങ്കയുണര്‍ത്തുന്ന ഒരു വാര്‍ത്ത തന്നെയാണ്. ഇതിന്റെ പിന്നില്‍ ഭരണകക്ഷിയുടെ യുവജനസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ചിലരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് അതിലും വലിയ ഞെട്ടലായിരുന്നു.
കെ-റെയിലിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങിയ ശാസ്ത്ര സാഹിത്യ പരിഷത്ത് ആദ്യമായി യു.ഡി.എഫ് നേതാക്കളെ കൂടെ കൂട്ടിയതും നാം കണ്ടു. ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വര്‍ധന വരുത്തിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ബജറ്റ് അവതരിപ്പിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ടു രൂപയുടെ അധിക സെസ്സും ഏര്‍പ്പെടുത്തി. നഷ്ടത്തിന്റെ പേരും പറഞ്ഞ് വെള്ളക്കരവും വൈദ്യുതിക്കാശും വര്‍ധിപ്പിച്ചു. വീണ്ടും ഒരു ആദിവാസി യുവാവിന്റെ മരണം കൂടി സംസ്ഥാനത്ത്. ആത്മഹത്യയെന്ന് പോലീസും കൊലപാതകമെന്ന് വീട്ടുകാരും. കഴിഞ്ഞ വര്‍ഷം ഏറെ കോളിളക്കം സൃഷ്ടിച്ച ലൈഫ് മിഷന്‍ കേസിന്റെ പേരില്‍ എം. ശിവശങ്കരനെ ഇ.ഡി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് യൂണിടെക് എം.ഡി സന്തോഷ് ഈപ്പനും അറസ്റ്റിലായി. ഉന്നതപദവിയിലിരിക്കുന്ന പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ അയച്ച അശ്ലീലസന്ദേശങ്ങള്‍ കണ്ട് ജനം മൂക്കത്ത് വിരല്‍ വെച്ചു. സ്വപ്‌ന വിഷയം കേരളത്തില്‍ വലിയ ചര്‍ച്ചയാവുകയും പലരും ആരോപണ വിധേയരാവുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന പരാതിയിലെ വാദങ്ങളെല്ലാം കേട്ടുകഴിഞ്ഞ് ഒരുവര്‍ഷത്തിന് ശേഷം ലോകായുക്ത വിധി പറഞ്ഞു, കേസ് മൂന്നംഗ ബെഞ്ചിന് കൈമാറിക്കൊണ്ട്. മാസങ്ങള്‍ക്ക് ശേഷം വന്ന ലോകായുക്തയുടെ തീരുമാനമാകട്ടെ സര്‍ക്കാരിന് അനുകൂലമായും. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ശമ്പളത്തിന് വേണ്ടി കോടതികളില്‍ കയറിയിറങ്ങുന്നതും സര്‍ക്കാരിനെ പലതവണ കോടതികള്‍ മുള്‍മുനയില്‍ നിര്‍ത്തുന്നതും നാം കണ്ട മറ്റൊരു കാഴ്ച. കൊച്ചിയിലെ മാലിന്യത്തില്‍ പടര്‍ന്ന തീ പറത്തിവിട്ട വിഷപ്പുക ഒരുപാട് ജീവിതങ്ങളെ ദുരിതത്തിലാക്കി. ഒരുപാട് ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് അതിനെ നിയന്ത്രവിധേയമാക്കാന്‍ കഴിഞ്ഞത്.
പോയവര്‍ഷം ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു പ്രസ്താവനയായിരുന്നു തലശ്ശേരി അതിരൂപതയിലെ ആര്‍ച്ച് ബിഷപ്പിന്റേതായി പുറത്തുവന്ന, 'റബ്ബറിന് മുന്നൂറു രൂപയാക്കിയാല്‍ സംസ്ഥാനത്ത് ബിജെപിയെ പിന്തുണക്കും' എന്നത്. ബിജെപിക്ക് പ്രതീക്ഷയും മോഹവും നല്‍കി; ഏറെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചു ഈ പ്രസ്താവന. പക്ഷേ മണിപ്പൂരിലെ വര്‍ഗീയകലാപത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളും റബ്ബറിന്റെ വിലകൂടാന്‍ സാധ്യതയില്ല എന്ന തിരിച്ചറിവുകളും ഈ നിലപാടില്‍ നിന്ന് പിന്നോക്കം പോകാന്‍ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകും. ഏതായാലും ബിഷപ്പിന്റെ ഈ പ്രസ്താവന റബ്ബറിന്റെ സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയെ ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്ന വാര്‍ത്ത സാംസ്‌കാരികകേരളത്തിന് അപമാനമായി.
സംവരണപ്രശ്‌നത്തില്‍ അയോഗ്യനാക്കപ്പെട്ട ദേവികുളം എം.എല്‍. എയും മതത്തെ ഉപയോഗപ്പെടുത്തി എന്നതിന് തൃപ്പൂണിത്തറ എം.എല്‍.എയും കോടതികളില്‍ പോരാട്ടം തുടരുന്നു. വേഗതയ്ക്ക് കൊതിക്കുന്ന മലയാളികള്‍ക്ക് കേന്ദ്രത്തിന്റെ സമ്മാനമായി ലഭിച്ചത് ഒന്നല്ല, രണ്ട് വന്ദേഭാരത് തീവണ്ടി. എതിര്‍ത്തവര്‍ പോലും അതില്‍ ടിക്കറ്റ് എടുക്കാന്‍ പരക്കംപായുന്നതും നിത്യകാഴ്ച. സംസ്ഥാനത്തെ റോഡുകളെ അപകടരഹിതമാക്കുകയെന്ന നല്ല ഉദ്ദേശവുമായി കെല്‍ട്രോണുമായി സഹകരിച്ച് സര്‍ക്കാര്‍ സംസ്ഥാനത്തിലെ റോഡുകളില്‍ എ.ഐ ക്യാമറകള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചു. വാഹനം ഓടിക്കുമ്പോഴുള്ള എല്ലാ നിയമലംഘനങ്ങളും പിടിക്കുക എന്നതായിരുന്നു ലക്ഷ്യം. പതിറ്റാണ്ടുകള്‍ കഴിഞ്ഞ ലാവലിന്‍ കേസ് സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ നീട്ടിവെച്ചു. കൊടകര കുഴല്‍പ്പണക്കേസിലും മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിലും അന്വേഷണം ഇഴയുന്നു.
അരിക്കൊമ്പനും ചക്കകൊമ്പനുമെല്ലാം കടുവയും പുലിയുമെല്ലാം മാധ്യമങ്ങളില്‍ ഏറെ ദിവസങ്ങളില്‍ ചര്‍ച്ചയായി. സ്വാഭാവികവനം കുറയുന്നതാണ് ഇതിനു കാരണമെന്ന് നാം ഓര്‍ക്കുന്നില്ല. സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തി പരപ്പനങ്ങാടിയിലെ ബോട്ട് അപകടത്തില്‍ പൊലിഞ്ഞുപോയത് ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം 22 ജീവനുകള്‍. ബോട്ട് പരിശോധന എന്ന പ്രഹസനം വീണ്ടും കണ്ടു. ഏറെ ദുരൂഹത ഉയര്‍ത്തി സെക്രട്ടേറിയറ്റില്‍ വീണ്ടും അഗ്‌നിബാധ. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതി പരിശോധിക്കാന്‍ കേന്ദ്രസംഘം വരാനിരിക്കെ നടന്ന സംഭവത്തില്‍ തുടര്‍നടപടിയില്ല. സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തുക, പരീക്ഷ എഴുതാതെ വിജയിപ്പിക്കുക, വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി പിടിയിലാകുക എന്നിങ്ങനെ പലതരം കലാപരിപാടികള്‍ക്കും നാം സാക്ഷിയായി. തീവണ്ടിയില്‍ തീപിടിത്തം, അക്രമം തുടങ്ങിയ സംഭവങ്ങള്‍ ഒന്നിലധികം തവണ അരങ്ങേറി. എലത്തൂര്‍ തീവണ്ടിയാക്രമണക്കേസിലെ പ്രതിയെ മഹാരാഷ്ട്രയില്‍ നിന്നും പൊക്കിയത് കേരളാപൊലീസിന് അഭിമാനകരമായി. ലോകകേരളസഭയുടെ പേരില്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ പ്രവാസികളോട് സംവദിക്കാന്‍ പോയി. ഇതിന്റെ പേരില്‍ നടന്നുവെന്ന് പറയപ്പെടുന്ന പണപ്പിരിവ് ചര്‍ച്ചയും വിവാദവുമായി. പട്ടിശല്യത്തില്‍ ജനങ്ങള്‍ ഏറെ വലഞ്ഞ കാലം കൂടിയായിരുന്നു കടന്നുപോയത്. പട്ടിയുടെ കടിയേറ്റ് മരണം വരെ സംഭവിച്ചു. കാലവര്‍ഷം ചതിച്ചെങ്കിലും മുന്‍ സി.പി.എം അനുഭാവിയും ദേശാഭിമാനി ജീവനക്കാരനുമായ ശക്തിധരന്റെ ഒന്നിനുപുറകെ ഒന്നായി വന്ന ആരോപണമഴയില്‍ പിണറായി വിജയനും മറ്റു നേതാക്കന്മാരും ഏറെ നനഞ്ഞു. കൈതോലപ്പായയും കൊല്ലാനുള്ള ഗൂഢാലോചനയുമടക്കം ഒരുപാട് വെളിപ്പെടുത്തലുകള്‍ നടത്തി.
പി.വി അന്‍വര്‍ എം.എല്‍.എയുടെ സ്വാധീനത്തിനു മുന്നില്‍ നിയമം പലപ്പോഴായി വഴിമാറുന്നതും നാം കണ്ടു. മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ കോടതികള്‍ പുറപ്പെടുവിച്ച വിധികള്‍ പാലിക്കാന്‍ പോലും സര്‍ക്കാരോ ഉദ്യോഗസ്ഥരോ ശ്രമിച്ചില്ല. അതിനെതിരെ രൂക്ഷമായി കോടതിക്ക് പലപ്പോഴും പ്രതികരിക്കേണ്ടിവന്നു. മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും അധികമുള്ള ഭൂമി പിടിച്ചെടുക്കാതിരിക്കാനുള്ള മെല്ലെപ്പോക്ക് നയവുമായാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് വ്യക്തം.
മൂട്ടില്‍ മരം മുറിക്കേസില്‍ ഒടുവില്‍ പ്രതികള്‍ക്കെതിരെ കുരുക്ക് മുറുകുന്നു. അന്വേഷണത്തില്‍ മെല്ലെപ്പോക്കുണ്ടായെങ്കിലും പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാല്‍ ഓണക്കിറ്റ് വെട്ടിക്കുറച്ചു. സപ്ലൈകോയിലും സാധനങ്ങള്‍ കിട്ടാത്ത അവസ്ഥയില്‍. വിലവര്‍ധന കാരണം ജനം നട്ടം തിരിഞ്ഞു. ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പിയും ഹൈന്ദവ സംഘടനകളും രംഗത്തുവന്നു.
സംസ്ഥാനത്തെ 50 ശതമാനം വീടുകളിലും കുടിവെള്ളമെത്തിക്കുന്ന, ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറി എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമായിരുന്നു. മോദി സമൂഹത്തെ അപമാനിച്ചു എന്ന കാരണത്തിന് ലോകസഭാംഗത്വം നഷ്ടമായ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയിലെ പോരാട്ടത്തിലൂടെയത് തിരിച്ചെടുക്കാനായത് കേരളത്തിലെ കോണ്‍ഗ്രസിനാകെ ഉണര്‍വേകിയ സംഭവമാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കും ക്ഷീണമായി.

പോയ വര്‍ഷത്തിലെ അഭിമാന നേട്ടങ്ങളില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നത് ചന്ദ്രനില്‍ പറന്നിറങ്ങിയ ചന്ദ്രയാന്‍-3 ദൗത്യമാണെങ്കില്‍ അതിന് പിന്നിലുണ്ടായിരുന്ന മലയാളി സാന്നിധ്യം ഓരോ കേരളീയനെയും കോരിത്തരിപ്പിച്ചു. ഇതിന് നായകത്വം വഹിച്ച മലയാളി കൂടിയായ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥും മറ്റു മലയാളി ശാസ്ത്രജ്ഞരും കൈരളിക്ക് തന്നെ അഭിമാനമായി.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങിയ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ പോരാട്ടത്തിന് കൂടി സാക്ഷിയായ വര്‍ഷം കൂടിയാണ് കടന്നുപോയത്. മുഖ്യമന്ത്രിയുടെ മകള്‍ കര്‍ത്തയുടെ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
കരാറിലെ നിയമപ്രശ്‌നം ഉന്നയിച്ച് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ വൈദ്യുതി കരാറുകള്‍ സര്‍ക്കാര്‍ റദ്ദാക്കി. അനുദിനം വളരുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ അതേ കമ്പനികളുമായി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി എന്നത് മറ്റൊരു തമാശ. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇ.ഡി അന്വേഷണത്തിന് എത്തിയതും കഴിഞ്ഞുപോയ വര്‍ഷമാണ്. പിന്നാലെ പല സഹകരണ ബാങ്കുകളിലെ തട്ടിപ്പു കഥകളും പുറത്തുവന്നു. കരുവന്നൂരില്‍ സി.പി.എം നേതാക്കളാണ് പ്രതിപട്ടികയിലെങ്കില്‍ വയനാട്ടിലെ തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് കുടുങ്ങിയതും കണ്ടല ബാങ്കിലെ തട്ടിപ്പിന് സി.പി.ഐ നേതാവ് അറസ്റ്റിലായതും ആകെമൊത്തം തട്ടിപ്പിന്റെ തെളിവായി.
സോളാര്‍ അഴിമതിയില്‍ പ്രതിചേര്‍ക്കപ്പെട്ട എല്ലാ രാഷ്ട്രീയക്കാരെയും കുറ്റവിമുക്തമാക്കിക്കൊണ്ട് സി.ബി.ഐ കോടതി നടത്തിയ വിധിപ്രസ്താവം തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസമുണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ അക്ഷരാര്‍ത്ഥത്തില്‍ സാധൂകരിക്കുന്നതായി.
കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും നിപയെത്തി. 2 ജീവനുകള്‍ തട്ടിയെടുത്തെങ്കിലും ആരോഗ്യവകുപ്പിന്റെ നിതാന്തജാഗ്രത കാരണം കൂടുതല്‍ ആളുകളിലേക്കോ പ്രദേശങ്ങളിലേക്കോ പടരാതെ ഈ മഹാമാരിയെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പി.എഫ്.ഐയുടെ നേതാക്കളെയും പ്രവര്‍ത്തകരെയും സംസ്ഥാനസര്‍ക്കാര്‍ പോലുമറിയാതെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.
ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തിനെതിരെ കേരളത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം ആളിക്കത്തി. മുസ്ലിം ലീഗിനെ അല്ലെങ്കില്‍ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാനുള്ള സി.പി.എമ്മിന്റെ ചില നീക്കങ്ങളും പലരുടെയും പ്രസ്താവനകളില്‍ പ്രകടമായി കണ്ടു. കോണ്‍ഗ്രസ്സാവട്ടെ കാല്‍ക്കീഴിലെ മണ്ണ് ചോര്‍ന്നു പോകാതെ തടയാന്‍ ശ്രമിക്കുന്ന കാഴ്ചയും കാണാമായിരുന്നു.
പലവിധ കാരണങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ വൈകിയെങ്കിലും വിഴിഞ്ഞെത്ത് ആദ്യത്തെ കപ്പല്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സര്‍ക്കാറിന് അഭിമാനിക്കാം. വാട്ടര്‍ സലൂട്ട് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ കപ്പലിനെ സ്വീകരിക്കുകയും ചെയ്തു. ഇടതു മുന്നണിയുടെ മുന്‍ നിലപാട് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിച്ചു. സര്‍ക്കാരിന്റെ മറ്റൊരു നേട്ടമായി ഉയര്‍ത്തിക്കാട്ടാനുള്ളത് കെ ഫോണ്‍ പദ്ധതിയാണ്. കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ആശയവുമായി കഴിഞ്ഞ സര്‍ക്കാരിന്റെ തന്നെ കാലത്ത് അവതരിപ്പിക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്.
കളമശേരിയില്‍ നടന്ന യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ബോംബ് പൊട്ടി ആളുകള്‍ കൊല്ലപ്പെട്ടതും നിരവധിപേര്‍ക്ക് പരിക്കേറ്റതും വല്ലാത്തൊരു ഭയത്തോടെയും പരിഭ്രാന്തിയോടെയുമാണ് കേരളം കേട്ടത്.
വര്‍ഷാവസാനമായപ്പോള്‍ കേരള രാഷ്ട്രീയം കൂടുതല്‍ കലങ്ങി മറിയുന്നതും നാം കണ്ടു. 'നവകേരള സദസ്സ്' എന്ന പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് കാസര്‍കോട്ട് നിന്ന് തിരുവന്തപുരത്തേക്ക് നടത്തിയ യാത്ര ശ്രദ്ധനേടി. വിമര്‍ശനങ്ങള്‍ക്കും വിധേയമായി. മന്ത്രിമാര്‍ക്കുള്ള യാത്രയ്ക്കായി ഒരുക്കിയ ബസ് വാര്‍ത്തകളില്‍ നിറഞ്ഞു. ഈ യാത്രക്കെതിരെ ഉയര്‍ന്ന കരിങ്കൊടി പ്രതിഷേധത്തെ തല്ലി ചതച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
അതിനിടയില്‍ തന്നെയാണ് സര്‍ക്കാരിനോട് നേരിട്ട് ഏറ്റുമുട്ടാന്‍ ഗവര്‍ണര്‍ ഇറങ്ങിത്തിരിച്ചത്. മുഖ്യമന്ത്രിയും ഗവര്‍ണറും സ്ഥാനത്തിന് യോജിക്കാത്ത പല പ്രസ്താവനകളും നടത്തി. എസ്.എഫ്.ഐയേയും സര്‍ക്കാരിനേയും വെല്ലുവിളിച്ച് ഗവര്‍ണര്‍ കോഴിക്കോട് മിഠായിത്തെരുവിലൂടെ നടത്തിയ യാത്ര ഇതുവരെ കാണാത്ത തരത്തിലുള്ളതുമായിരുന്നു. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ശ്രദ്ധിക്കപ്പെട്ട വിധിയായിരുന്നു.
തിരുവനന്തപുരത്ത് 'കേരളീയം' സംഘടിപ്പിച്ച് സര്‍ക്കാര്‍ കയ്യടിയും ഒപ്പം സാമ്പത്തിക ധൂര്‍ത്ത് എന്ന വിമര്‍ശനവും നേടി.
കൊല്ലത്ത് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വിഷയം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിയെ വീണ്ടെടുക്കാനായതും പ്രതികളെ വലയില്‍ വീഴ്ത്താനുമായത് പൊലീസിന് മാത്രമല്ല ജനങ്ങള്‍ക്കും ഏറെ ആശ്വാസം പകര്‍ന്നു. ആലുവയില്‍ കുട്ടിയെ പീഡിപ്പിച്ചുകൊന്ന പ്രതിക്ക് വിചാരണ പൂര്‍ത്തിയാക്കി അതിവേഗം വധശിക്ഷ വിധിച്ചതും വണ്ടിപ്പെരിയാറില്‍ ബാലികയെ പീഡിപ്പിച്ചുകൊന്നയാളെ കൃത്യമായ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടതും പോയ വര്‍ഷത്തിലാണ്.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന ആരോപണം കോണ്‍ഗ്രസിന് നാണക്കേടായി. മുസ്ലിം ലീഗ് സമസ്തയുമായും ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളുമൊക്കെയായി ഇത്തിരി വലയുന്നത് കണ്ടു.
നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക നല്‍കിയ പരാതിയുടെ കോലാഹലം ഇനിയും അവസാനിച്ചിട്ടില്ല.
കേരളമൊന്നാകെ കരഞ്ഞൊരു ദിനം-മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗത്തെ അങ്ങനെ വിശേഷിപ്പിക്കാനേ കഴിയൂ. ഒരു രാഷ്ട്രീയ നേതാവിനും കിട്ടാത്തത്ര ജനപിന്തുണയോടെ അദ്ദേഹം തന്റെ അവസാനയാത്ര നടത്തി. ആ മരണം സൃഷ്ടിച്ച ഉപതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്ക് ജയിച്ചു കയറി.
ഇന്നസെന്റും മാമുക്കോയയും വിട പറഞ്ഞതും പോയ വര്‍ഷത്തിലാണ്. ഇവരുടെ അഭാവം മലയാള സിനിമയ്ക്ക് വലിയൊരു വിടവ് തന്നെയാണ്. ഗായിക വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗം ഏറെ വേദനയോടെയാണ് മലയാളികള്‍ ശ്രവിച്ചത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി ഫാത്തിമ ബീവി, എം.എസ് സ്വാമിനാഥന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കാനം രാജേന്ദ്രന്‍, സംവിധായകരായ സിദ്ദിഖ്, കെ.ജി ജോര്‍ജ്ജ്, നടന്മാരായ ജോണി, ഹരീഷ് പേങ്ങന്‍, പൂജപ്പുര രവി, കലാഭവന്‍ ഹനീഫ്, വിനോദ്, കാസം ഖാന്‍, ദേവ്, കൊല്ലം സുധി കവിയും ഗാനരചയിതാവുമായ ബി.ആര്‍ പ്രസാദ്, നടി സുബി സുരേഷ്, ചിത്രന്‍ നമ്പൂതിരിപ്പാട്, വക്കം പുരുഷോത്തമന്‍, പി. മുകുന്ദന്‍, കെ.പി വിശ്വനാഥന്‍, പി.വി ഗംഗാധരന്‍, പി. വത്സല, സുബ്ബലക്ഷ്മി, പ്രൊഫ. കുഞ്ഞാമന്‍ എന്നിങ്ങനെ കേരളസമൂഹത്തിനും രാജ്യത്തിനും ഏറെ സംഭാവനകള്‍ ചെയ്ത ഒരുപാട് പ്രഗത്ഭര്‍ വിടപറഞ്ഞ വര്‍ഷം കൂടിയാണ് കടന്നുപോയത്.
നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്ത ഗവര്‍ണ്ണറുടെ സമീപനം, തുടര്‍ന്നുണ്ടായ കോടതി നടപടികള്‍, ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച സാമര്‍ഥ്യം എന്നിവയൊക്കെ ചര്‍ച്ചാവിഷയങ്ങളായിരുന്നു. മുന്‍ മുഖ്യമന്ത്രിയും ജീവിച്ചിരിക്കുന്ന സി.പി.എം സ്ഥാപക നേതാവും കൂടിയായ വി.എസ് അച്യുതാനന്ദന്‍ തന്റെ നൂറാം പിറന്നാളാഘോഷിച്ചതും പോയ വര്‍ഷമാണ്. ചികിത്സക്കെത്തിയ രോഗി വനിതാ ഡോക്ടറെ കുത്തിക്കൊന്നതും സ്ത്രീധനക്കൊലപാതകങ്ങളും ആള്‍ക്കൂട്ടക്കൊലയും ഗുണ്ടാവിളയാട്ടവും അക്രമവും കൊലപാതകങ്ങളും തുടങ്ങി മനുഷ്യമനസ്സാക്ഷി മരവിച്ചുപോകുന്ന ഒരുപാട് സംഭവങ്ങള്‍ക്കും സംസ്ഥാനം സാക്ഷിയാകേണ്ടിവന്നു. കൊച്ചിയില്‍ നടന്ന 25,000 കോടിയുടെ മയക്കുമരുന്ന് വേട്ട ഒരുപക്ഷെ രാജ്യത്തുതന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള കേസായിരിക്കും. കുസാറ്റിലെ സംഗീത നിശയിലെ തിക്കിലും തിരക്കിലും പെട്ട് സംഭവിച്ച ദാരുണമായ മരണവും കേരളത്തെ നടുക്കി. മന്ത്രിമാരായ അഹ്മദ് ദേവര്‍കോവിലും ആന്റണി രാജുവും പടിയിറങ്ങി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി ഗണേഷ് കുമാറും മന്ത്രി പദത്തിലേക്ക് വീണ്ടും എത്തിയത് പോയ വര്‍ഷത്തിലെ അവസാന നാളിലാണ്.


-അജിത്ത് കോടോത്ത്‌

Related Articles
Next Story
Share it