അവസാനത്തെ കൊറോണ രോഗി
ദേഹമാസകലം വേദന. വേദനയെന്ന് പറഞ്ഞാല്‍ സാധാരണ വേദനയല്ല. നാലഞ്ചാളെടുത്ത് പെരുമാറിയത് പോലുള്ള വേദന. കൂടെ പൊള്ളുന്ന പനിയും ജലദോഷവും. വേദന കൊണ്ടു പുളഞ്ഞ ഞാന്‍ ചുമര് പിടിച്ചു പതുക്കെ കട്ടിലിനരികിലേക്ക് നീങ്ങി. കമിഴ്ന്നു കിടന്നു. മകനെ വിളിച്ചു, അങ്ങോട്ടുമിങ്ങോട്ടും ശ്രദ്ധ കൊടുക്കാതെ മൊബൈല്‍ ഫോണില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്ന മകന് വിളി കേട്ടില്ല. ഭാര്യയെ വിളിച്ചു. ഭാര്യ അടുക്കളയില്‍ നിന്നും ഓടിയെത്തി. തൊട്ടുനോക്കി. പൊള്ളുന്ന പനി. ഡോളോ ഗുളികയും ഒരു ഗ്ലാസ് വെള്ളവും കൊണ്ടുതന്നു. മൂന്ന് നേരം ഗുളിക […]
ദേഹമാസകലം വേദന. വേദനയെന്ന് പറഞ്ഞാല്‍ സാധാരണ വേദനയല്ല. നാലഞ്ചാളെടുത്ത് പെരുമാറിയത് പോലുള്ള വേദന. കൂടെ പൊള്ളുന്ന പനിയും ജലദോഷവും. വേദന കൊണ്ടു പുളഞ്ഞ ഞാന്‍ ചുമര് പിടിച്ചു പതുക്കെ കട്ടിലിനരികിലേക്ക് നീങ്ങി. കമിഴ്ന്നു കിടന്നു. മകനെ വിളിച്ചു, അങ്ങോട്ടുമിങ്ങോട്ടും ശ്രദ്ധ കൊടുക്കാതെ മൊബൈല്‍ ഫോണില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്ന മകന് വിളി കേട്ടില്ല. ഭാര്യയെ വിളിച്ചു. ഭാര്യ അടുക്കളയില്‍ നിന്നും ഓടിയെത്തി. തൊട്ടുനോക്കി. പൊള്ളുന്ന പനി. ഡോളോ ഗുളികയും ഒരു ഗ്ലാസ് വെള്ളവും കൊണ്ടുതന്നു. മൂന്ന് നേരം ഗുളിക […]
ദേഹമാസകലം വേദന. വേദനയെന്ന് പറഞ്ഞാല്‍ സാധാരണ വേദനയല്ല. നാലഞ്ചാളെടുത്ത് പെരുമാറിയത് പോലുള്ള വേദന. കൂടെ പൊള്ളുന്ന പനിയും ജലദോഷവും. വേദന കൊണ്ടു പുളഞ്ഞ ഞാന്‍ ചുമര് പിടിച്ചു പതുക്കെ കട്ടിലിനരികിലേക്ക് നീങ്ങി. കമിഴ്ന്നു കിടന്നു. മകനെ വിളിച്ചു, അങ്ങോട്ടുമിങ്ങോട്ടും ശ്രദ്ധ കൊടുക്കാതെ മൊബൈല്‍ ഫോണില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്ന മകന് വിളി കേട്ടില്ല. ഭാര്യയെ വിളിച്ചു. ഭാര്യ അടുക്കളയില്‍ നിന്നും ഓടിയെത്തി. തൊട്ടുനോക്കി. പൊള്ളുന്ന പനി. ഡോളോ ഗുളികയും ഒരു ഗ്ലാസ് വെള്ളവും കൊണ്ടുതന്നു. മൂന്ന് നേരം ഗുളിക കഴിച്ചിട്ടും പനിക്കും വേദനയ്ക്കും ഒരു ശമനവും കണ്ടില്ല. ഇത് സാധാരണ പനിയല്ല. കൊറോണ തന്നെ. ഭാര്യ തന്റെ അഭിപ്രായം കടുപ്പത്തില്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ എന്റെ നട്ടെല്ലിലൂടെ ഒരു വൈദ്യുത പ്രവാഹം പാഞ്ഞു പോയത് പോലെ തോന്നി. കൊറോണ പിശാചിന്റെ സംഹാരതാണ്ഡവ ശക്തിയെ പിടിച്ചുകെട്ടി ലോക്ക് ഡൗണിന്റെ ചങ്ങലക്കണ്ണികള്‍ ഓരോന്നായി അഴിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് കൊറോണായെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഭാര്യയുടെ അഭിപ്രായത്തോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. നമ്മുടെ ജില്ലയില്‍ കോവിഡിന്റെ ശക്തി കുറഞ്ഞുകുറഞ്ഞ് ഇരുപതില്‍ താഴെ എത്തി നില്ക്കുന്ന സമയത്ത് കോവിഡിനുള്ള സാധ്യത തീരെ കുറവാണെന്ന് ഭാര്യയെ ബോധ്യപ്പെടുത്തിയെങ്കിലും അവളത് കേള്‍ക്കാന്‍ തയ്യാറായില്ല. അടുക്കളയില്‍ ചെന്ന് കാപ്പിപ്പൊടി കൊണ്ടുവന്ന് എന്റെ നേരെ നീട്ടി മണത്തു നോക്കാന്‍ പറഞ്ഞു.. മണത്ത് നോക്കാന്‍ ഞാന്‍ പൊലീസ് നായയാണോ? എന്ന് ഭാര്യയോട് പറയണമെന്ന് തോന്നിയെങ്കിലും വേദന അതിനു സമ്മതിച്ചില്ല. മനമില്ലാ മനസ്സോടെ ഞാന്‍ കാപ്പിപ്പൊടി മണത്തുനോക്കി. കുമ്പ് കാപ്പിപ്പൊടി. ഒരു മണവും ഗുണവും ഇതിനില്ല. എക്സ്പെയറി ഡേറ്റ് കഴിഞ്ഞിട്ടുണ്ടാവും. ഞാന്‍ പറഞ്ഞു.
ഭാര്യ വിട്ടില്ല. ഞാന്‍ ഇന്നലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിച്ച നല്ല ഒന്നാന്തരം കാപ്പിപ്പൊടിയാണ്. കുറ്റം പറയരുത്. ഭാര്യ മക്കളെ വിളിച്ചു കാപ്പിപ്പൊടി അവരുടെ മൂക്കിനു നേരെ നീട്ടി. മണമില്ലേ മക്കളെ, ഒന്ന് മണപ്പിച്ച് നോക്കിയേ.
'ഹാ നല്ല മണമുള്ള കാപ്പിപ്പൊടി'. മക്കള്‍ നാലുപേരും ഐക്യകണ്ഠേന പ്രഖ്യാപിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഒറ്റപ്പെട്ടുപോയി. അല്ലെങ്കിലും മക്കള്‍ ഏതു സമയത്തും പ്ലാസ്റ്ററൊട്ടിച്ചത് പോലെ ഉമ്മയോടൊട്ടിയാണല്ലോ നില്‍പ്പ്.
കൊറോണയാവണമെന്നില്ല, ജലദോഷം പിടിച്ചാലും മണമറിയില്ല. ഞാന്‍ ഒരു വിധം പറഞ്ഞു നോക്കി. ആര് കേള്‍ക്കാന്‍.
നിങ്ങള്‍ ഇനിയൊന്നും പറയണ്ട. മുകളിലേക്ക് കേറിക്കോ. ഉണ്ണാനും ഉടുക്കാനും കുടിക്കാനുമുള്ള വക ഞാന്‍ മോളിലോട്ടെത്തിച്ച് തരാം. ഷഷ്ഠിപൂര്‍ത്തിയുടെ വക്കോളമെത്തി നില്ക്കുന്ന ഞാന്‍ തിരുവായ്ക്കെതിര്‍വാ തുറന്നില്ല. തുറന്നാല്‍ ഉള്ള കഞ്ഞികുടിയും മുട്ടിപ്പോവും. കൊറോണയായാല് പിന്നെ പറയേണ്ട എന്റെ ഒന്നര മണിയും മുട്ടും. തലയണയും ബെഡ്ഷീറ്റും പുതപ്പും തോളത്ത് വെച്ച് വേദനയോടെ ഞാന്‍ വീടിന്റെ പതിനെട്ടാംപടി ചവിട്ടിക്കയറി.
മുകളിലെത്തിയ ഞാന്‍ ഒറ്റപ്പെട്ടവന്റെ കൂട്ടുകാരനായ ടി.വിയെ ഒന്ന് തൊട്ടുണര്‍ത്തി. നേതാക്കന്മാര് തമ്മിലുള്ള വാക്ക് തര്‍ക്കങ്ങളും പുളിച്ച് നാറിയ തെറിയാഭിഷേകവും കണ്ടുമടുത്ത സിനിമകളും കോമഡികളും. ഞാന്‍ ടി.വി ഓഫ് ചെയ്ത് കിടന്നു. വേദന സഹിക്കാന്‍ പറ്റുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയെങ്കിലും ഒരുവിധത്തില്‍ നേരം വെളുപ്പിച്ചു. രാവിലെ 8 മണിക്കെണീറ്റ് കുളിച്ച് ഫ്രഷായതിന് ശേഷം നെരെകരയിലുള്ള സുഹൃത്ത് ഇസ്മായിലിനെ വിളിച്ചു. ഇസ്മായില്‍ അയല്‍വാസി മാത്രമല്ല, എന്റെ ഉറ്റ സുഹൃത്ത് കൂടിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ആവശ്യാര്‍ത്ഥം സൗദി അറേബ്യയില്‍ പോകാന്‍ വിസയ്ക്ക് വേണ്ടി നാലുമാസം ഞാന്‍ മുംബൈയില്‍ താമസിച്ചിരുന്നു. ഡോണ്‍ഗ്രി ചാര്നെല്ലിലുള്ള കല്യാണ്‍ മെന്‍ഷന്‍ ഒന്നാം ഫ്ളോറിലെ ചൗക്കി ജമാഅത്ത് റൂമിലായിരുന്നു താമസിച്ചിരുന്നത്. ഇസ്മയില്‍ ദാദറിലും. കുറേ ദിവസങ്ങള്‍ക്കുശേഷം ഇസ്മയില്‍ എന്നെ കാണാന്‍ ജമാഅത്ത് റൂമിലെത്തിയപ്പോള്‍ ഞാന്‍ പനി പിടിച്ച് കിടക്കുകയായിരുന്നു. ഉടനെ എന്നെ താങ്ങിപ്പിടിച്ച് തൊട്ടടുത്തുള്ള ഹാജി ഹബീബ് ഹോസ്പിറ്റലില്‍ കൊണ്ട് പോയി. രക്തം പരിശോധിച്ചു നോക്കിയപ്പോള്‍ ടെയ്ഫോയിഡ് പനി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അഡ്മിറ്റ് ചെയ്തു. പനി പൂര്‍ണ്ണമായും വിട്ട് മാറാന്‍ ഒരാഴ്ച വേണ്ടിവന്നു. ഇത്രയും ദിവസം എന്നെ ആസ്പത്രിയില്‍ കിടത്തി പരിചരിച്ചത് ഇസ്മയില്‍ ആയിരുന്നു. ഒരിക്കലും മറക്കാന്‍ പറ്റാത്ത സുഹൃത്ത്.
9 മണിക്ക് ഇസ്മായില്‍ കാറുമായി എത്തി. പുറത്ത് ഉപ്പിലിങ്ങ മരത്തിന്റെ കൊമ്പില്‍ ഒരു കാക്ക വന്നിരുന്ന് എന്നെ തുറിച്ചു നോക്കി. കാക്കയെ കണി കണ്ടുപോയാല്‍ ആപത്തു വരുമെന്ന് പണ്ടു വല്യമ്മ പറഞ്ഞതായി ഓര്‍ക്കുന്നു. കൊറോണാ ടെസ്റ്റിന് മൊഗ്രാല്‍ പുത്തൂര്‍ ഹെല്‍ത്ത് സെന്ററിലേക്ക് ഇസ്മായിലിന്റെ കൂടെ ഞാന്‍ പോയി. കൊറോണാ ടെസ്റ്റിന് എന്നെ കൂടാതെ വേറെ ഒരാളും കാത്തിരിക്കുന്നുണ്ടായിരുന്നു. വായ്പ്പൊത്തി കെട്ടിയത് കൊണ്ട് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അയാള്‍ക്ക് എന്നെയും. അയാള്‍ എന്നോട് ചോദിച്ചു: ഗട്ടി സുധാകാരനല്ലേ? അല്ല, കുട്ടി അദ്ള. ഞാന്‍ മറുപടി നല്കി. കുറെ നേരത്തേക്ക് ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും അകത്തുനിന്ന് വെള്ള പ്രാവ് കുറുകി നമ്പര്‍ ഒന്ന്, രണ്ട് വിളി കേട്ട ഉടനെ ഞങ്ങള്‍ രണ്ടു പേരും ടെസ്റ്റിംഗ് റൂമില്‍ കയറി. നഴ്സ് കൊറോണ ടെസ്റ്റ് തുടങ്ങി. പെട്ടെന്നു ഞാന്‍ ആഞ്ഞ് തുമ്മി. റിസള്‍ട്ടിന് വേണ്ടി അരമണിക്കൂര്‍ പുറത്ത് കാത്തിരിക്കാന്‍ പറഞ്ഞു. അരമണിക്കൂറിന്റെ കാത്തിരിപ്പിന് ശേഷം ഫലം പുറത്തുവന്നു. പോസിറ്റീവ്. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ അവസാനത്തെ കൊറോണാ രോഗി ഞാനായിരുന്നു. ഞാന്‍ മാത്രം.
-കെ.കെ അബ്ദു കാവുഗോളി