സൗദിയില്‍ പരിഷ്‌കരിച്ച തൊഴില്‍ കരാര്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍

ജിദ്ദ: സൗദി അറേബ്യയില്‍ പരിഷ്‌കരിച്ച തൊഴില്‍ കരാര്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ദേശീയ പരിവര്‍ത്തന സംരംഭങ്ങളിലൊന്നായ പദ്ധതി ആഭ്യന്തര മന്ത്രാലയത്തിന്റെയും ദേശീയ വിവരകേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കുന്നത്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് തൊഴില്‍ കരാര്‍ പരിഷ്‌കരണമെന്നാണ് വിലയിരുത്തുന്നത്. സൗദി തൊഴില്‍ വിപണിയിലെ അടിസ്ഥാനപരമായ മാറ്റവും തൊഴിലുടമയും വിദേശ തൊഴിലാളികളും തമ്മിലുള്ള ബന്ധവുമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നവംബര്‍ നാലിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മാര്‍ച്ച് 14 ഞായറാഴ്ച മുതല്‍ […]

ജിദ്ദ: സൗദി അറേബ്യയില്‍ പരിഷ്‌കരിച്ച തൊഴില്‍ കരാര്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ദേശീയ പരിവര്‍ത്തന സംരംഭങ്ങളിലൊന്നായ പദ്ധതി ആഭ്യന്തര മന്ത്രാലയത്തിന്റെയും ദേശീയ വിവരകേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കുന്നത്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് തൊഴില്‍ കരാര്‍ പരിഷ്‌കരണമെന്നാണ് വിലയിരുത്തുന്നത്. സൗദി തൊഴില്‍ വിപണിയിലെ അടിസ്ഥാനപരമായ മാറ്റവും തൊഴിലുടമയും വിദേശ തൊഴിലാളികളും തമ്മിലുള്ള ബന്ധവുമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ നവംബര്‍ നാലിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മാര്‍ച്ച് 14 ഞായറാഴ്ച മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തൊഴില്‍ മാറ്റം, റീഎന്‍ട്രി സംവിധാനങ്ങളുടെ വികസനം, ഫൈനല്‍ എക്‌സിറ്റ് എന്നീ മൂന്ന് പ്രധാന സേവനങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. തൊഴിലുടമയുടെ അനുമതിയില്ലാതെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളിക്ക് മറ്റൊരു ജോലിയിലേക്ക് മാറാന്‍ തൊഴില്‍ മാറ്റം സേവനം അനുവദിക്കുന്നു.

കരാര്‍ കാലാവധിയുള്ള സമയത്ത് തൊഴില്‍ മാറ്റത്തിനുള്ള സംവിധാനങ്ങളും നിര്‍ണയിക്കുന്നുണ്ട്. റീഎന്‍ട്രി സേവനത്തിലൂടെ റീഎന്‍ട്രി വിസ തൊഴിലാളിക്ക് തന്നെ നേടാന്‍ സാധിക്കും. കരാര്‍ കാലാവധി കഴിഞ്ഞാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ എക്‌സിറ്റ് വിസ നേടാന്‍ എക്‌സിറ്റ് വിസ സേവനത്തിലൂടെ തൊഴിലാളിക്ക് സാധിക്കും. ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും തൊഴിലുടമയെ വിവരങ്ങള്‍ അറിയിക്കുക. കരാര്‍ കാലയളവില്‍ ജോലി അവസാനിച്ച് സ്വദേശത്ത് തിരിച്ചുപോകാനാഗ്രഹിക്കുന്നവര്‍ക്ക് കരാര്‍ അവസാനിപ്പിക്കുന്നതുമൂലമുണ്ടാകുന്ന ബാധ്യതകള്‍ വഹിക്കുകയാണെങ്കില്‍ പോകാനും അനുവദിക്കുന്നതുമാണ് പുതിയ തൊഴില്‍ പരിഷ്‌കരണ കരാര്‍.

ഈ സേവനങ്ങളെല്ലാം 'അബ്ശിര്‍' പ്ലാറ്റ്‌ഫോം വഴിയും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ 'ക്വിവ' പ്ലാറ്റ്‌ഫോം വഴിയും നല്‍കും. രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളും പദ്ധതിയിലുള്‍പ്പെടും. വിദേശികളായ ഗാര്‍ഹിക ജോലിക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വ്യവസ്ഥാപിതവും ആകര്‍ഷകവുമായ രീതിയില്‍ തൊഴില്‍ വിപണി കെട്ടിപ്പടുക്കുക, ആഗോള വിപണിയുമായുള്ള മത്സരശേഷി വര്‍ധിപ്പിക്കുക, മാനുഷികമായ കഴിവുകള്‍ ശാക്തീകരിക്കുക, നല്ല തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക, ഉല്പാദന ക്ഷമത വര്‍ധിപ്പിക്കുക, വിദഗ്ധരായവരെ സൗദി വിപണിയിലേക്ക് ആകര്‍ഷിക്കുക, തൊഴില്‍ തര്‍ക്കങ്ങള്‍ ഇല്ലാതാക്കുക എന്നിവയാണ് പ്രധാനമായും പുതിയ പരിഷ്‌കരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നേരത്തെ വിവിധ സംരംഭങ്ങള്‍ മാനവവിഭവശേഷി മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്. വേതന സംരക്ഷണ പദ്ധതി, ഇലക്ട്രോണിക് കരാര്‍ ഡോക്യുേെമന്റഷന്‍, തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള 'വുദീ' പരിപാടി, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പ്രോഗ്രാം തുടങ്ങിയവ നടപ്പിലാക്കിയ പദ്ധതികളിലുള്‍പ്പെടും. കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളിയേയും തൊഴിലുടമയേയും ബന്ധിപ്പിക്കുന്ന പുതിയ സംരംഭം ഇരുകൂട്ടര്‍ക്കും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അസമത്വം കുറയ്ക്കുന്നതിനും പ്രതിഭകളെ തൊഴില്‍ വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിലും സഹായകമാകുമെന്നാണ് കരുതുന്നത്.

Related Articles
Next Story
Share it