കുഡ്‌ലു വില്ലേജ് കടല്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവരുടെ പട്ടയ വിഷയം; സര്‍വ്വേ ടീമിനെ ഈ മാസം തന്നെ അനുവദിക്കും-റവന്യൂ മന്ത്രി

കാസര്‍കോട്: കാസര്‍കോട് താലൂക്കിലെ കുഡ്‌ലു വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന കടല്‍പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്ന വിഷയത്തില്‍ അപേക്ഷകരുടെ ഭൂമി സര്‍വ്വേ ചെയ്യുന്നതിന് ഒരു സര്‍വ്വേ ടീമിനെ അടിയന്തിരമായി നിയമിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. കടാസ്ട്രല്‍ സര്‍വ്വെക്ക് പുറത്തുള്ള ഈ കൈവശഭൂമികള്‍ സെന്‍ട്രല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ സര്‍വ്വേ ചെയ്തു കടാസ്ട്രല്‍ സര്‍വേയുടെ ഭാഗമാക്കി പട്ടയം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പട്ടയ മിഷനുമായി ബന്ധപ്പെട്ട ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെട്ട […]

കാസര്‍കോട്: കാസര്‍കോട് താലൂക്കിലെ കുഡ്‌ലു വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന കടല്‍പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്ന വിഷയത്തില്‍ അപേക്ഷകരുടെ ഭൂമി സര്‍വ്വേ ചെയ്യുന്നതിന് ഒരു സര്‍വ്വേ ടീമിനെ അടിയന്തിരമായി നിയമിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. കടാസ്ട്രല്‍ സര്‍വ്വെക്ക് പുറത്തുള്ള ഈ കൈവശഭൂമികള്‍ സെന്‍ട്രല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ സര്‍വ്വേ ചെയ്തു കടാസ്ട്രല്‍ സര്‍വേയുടെ ഭാഗമാക്കി പട്ടയം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പട്ടയ മിഷനുമായി ബന്ധപ്പെട്ട ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച ഉദ്യോഗസ്ഥ തല അദാലത്തിലെ തീരുമാനം അറിയിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നടന്ന കാസര്‍കോട് ജില്ലാ അദാലത്തില്‍ ജില്ലയിലെ സര്‍ക്കാര്‍തലത്തില്‍ തീരുമാനം ആവശ്യമുള്ള കേസുകളാണ് പരിഗണിച്ചത്. പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടാത്ത കേസുകള്‍ ഇനിയും ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ അവസരം ഉണ്ടെന്നും ജനപ്രതിനിധികള്‍ അതാത് നോഡല്‍ ഓഫീസറുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രദേശത്തെ പട്ടയ വിഷയങ്ങള്‍ പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പാക്കണം എന്നും മന്ത്രി അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന പ്രഖ്യാപിത നയം ലക്ഷ്യത്തിലെത്തിക്കാന്‍ ആവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അദാലത്തില്‍ മന്ത്രിയെ കൂടാതെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, സര്‍വ്വേ ഡയറക്ടര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, അസിസ്റ്റന്റ് കമ്മീഷണര്‍, ലാന്‍ഡ് ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it