ലഖ്നൗ: കര്‍ഷക സമരത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ചുകയറി എട്ട് കര്‍ഷകര്‍ മരിച്ചു. നിരവധി പേരുടെ നില ഗുരുതരമാണ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് വാഹനം ഇടിച്ചുകയറ്റിയതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഒരാള്‍ വെടിയേറ്റാണ് മരിച്ചതെന്നും എട്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി ഈ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഇതിനിടയിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നു.
കര്‍ഷകരുടെ മരണത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പ്രദേശവാസികള്‍ വാഹനങ്ങള്‍ക്ക് തീയിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. വാഹനം മനപ്പൂര്‍വം ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. കേന്ദ്രമന്ത്രിയുടെ പരിപാടിക്കെതിരേ റോഡിന്റെ ഇരുവശങ്ങളില്‍ നിന്ന് പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു.
അതേസമയം കര്‍ഷകരുടെ മരണം സ്ഥിരീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരോ ജില്ലാ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല. മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നുമാണ് കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ പ്രതികരണം. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജ്യ മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കര്‍ഷകര്‍ പ്രതിഷേധിച്ചെത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ് വിവരം. വാഹന വ്യൂഹത്തിലുണ്ടായിരുന്ന സഹമന്ത്രിയുടെ മകന്‍ ഓടിച്ച വാഹനം കര്‍ഷകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. മകനൊപ്പമുണ്ടായിരുന്ന ചിലര്‍ വെടിവച്ചതായും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.
കര്‍ഷകരുടെ മരണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കളക്‌റ്റ്രേറ്റുകള്‍ വളഞ്ഞ് രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട കര്‍ഷക സംഘടനകള്‍ അജയ് മിശ്രയെ മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അപലപിച്ചു.