ലഹരിയില്‍ പിടയുന്ന ബാല്യങ്ങള്‍

ലഹരിമുക്ത ലോകമായിരുന്നു ഗാന്ധിജിയുടെ സ്വപ്‌നം. ലഹരി മനുഷ്യനെ മയക്കിക്കിടത്തുന്നു. അവന്റെ ബുദ്ധിയേയും സ്വബോധത്തെയും ഇല്ലായ്മ ചെയ്യുന്നു. ലഹരിയുടെ മുമ്പില്‍ അടിയറ വെക്കുന്നവ ന്‍ മണിക്കൂറുകളോളം മനുഷ്യനല്ലാതായി പരിണാമം പ്രാപിക്കുന്നു. മൃഗങ്ങള്‍ പോലും നാണിക്കും വിധമുളള അതി ഭീകരവും ഭയാനകരവുമായ ഒരവസ്ഥാ വിശേഷത്തിലേക്കാണ് അന്നേരം മനുഷ്യന്‍ സ്വയം മാറിപ്പോകുന്നത്.സ്വന്തത്തെപ്പോലും മറന്ന് എതോ ഒരു മായാലോകത്തേക്ക് പടി പടിയായ് കയറിപ്പോകുന്നവന്റെ മുമ്പില്‍ തനിക്ക് ജന്മം നല്‍കിയ മാതാപിതാക്കള്‍ അന്യരാണ്. തന്റെ മുമ്പിലൂടെ നടന്നുപോകുന്ന സഹോദരിയെ പോലും മറ്റൊരു തരത്തില്‍ കാണുന്നു. […]

ലഹരിമുക്ത ലോകമായിരുന്നു ഗാന്ധിജിയുടെ സ്വപ്‌നം. ലഹരി മനുഷ്യനെ മയക്കിക്കിടത്തുന്നു. അവന്റെ ബുദ്ധിയേയും സ്വബോധത്തെയും ഇല്ലായ്മ ചെയ്യുന്നു. ലഹരിയുടെ മുമ്പില്‍ അടിയറ വെക്കുന്നവ ന്‍ മണിക്കൂറുകളോളം മനുഷ്യനല്ലാതായി പരിണാമം പ്രാപിക്കുന്നു. മൃഗങ്ങള്‍ പോലും നാണിക്കും വിധമുളള അതി ഭീകരവും ഭയാനകരവുമായ ഒരവസ്ഥാ വിശേഷത്തിലേക്കാണ് അന്നേരം മനുഷ്യന്‍ സ്വയം മാറിപ്പോകുന്നത്.
സ്വന്തത്തെപ്പോലും മറന്ന് എതോ ഒരു മായാലോകത്തേക്ക് പടി പടിയായ് കയറിപ്പോകുന്നവന്റെ മുമ്പില്‍ തനിക്ക് ജന്മം നല്‍കിയ മാതാപിതാക്കള്‍ അന്യരാണ്. തന്റെ മുമ്പിലൂടെ നടന്നുപോകുന്ന സഹോദരിയെ പോലും മറ്റൊരു തരത്തില്‍ കാണുന്നു. ഇന്ന് ലഹരിക്ക് മുമ്പില്‍ ലോകം പകച്ചിരിക്കുകയാണ്. അനുഭവിക്കുന്നവരൊക്കെ അതിന്റെ വൈകൃതമായ നഖങ്ങള്‍ക്കിടയില്‍ പെട്ട് അതി ദയനീയമാം വിധം ചക്ര ശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണ്. വലിച്ചവര്‍ വീണ്ടും വീണ്ടും ആഞ്ഞുകൊത്തി വലിക്കുകയാണ്.
ലഹരിക്കടിമപ്പെട്ടവന്‍ സമൂഹത്തിന്ന് ഒന്നടങ്കം ദുരന്തമാണ്. കാരണം അവനിലൂടെ ലഹരി ഒരു യക്ഷിയെ പോലെ വായുവിലൂടെ ഒഴുകി നടക്കുകയാണ്. അതിന്റെ സമീപത്തൂടെ പോകൂന്ന ആരെയും അത് ആവാഹിച്ചെടുക്കും. ബലാല്‍സംഗം മുതല്‍ കൊലപാതകം വരെയും കൊളള മുതല്‍ നരഹത്യ വരെയും നീണ്ടു കിടക്കുന്ന വിപത്തുകള്‍ അതിന്റെ കയ്യെത്തും ദൂരത്താണ്. സമൂഹം ഇതിനെതിരെ ഇറങ്ങിത്തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
കാസര്‍കോട് ഇപ്പോള്‍ ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ കിടന്ന് നിലവിളിക്കുകയാണ്. സമൂഹത്തിലെ മാന്യന്മാരടക്കം ഇതിന്റെ മുമ്പില്‍ അനുസരണയുളള കൊച്ചു കുട്ടികളെ പോലെ നാവിലൂടെ വെള്ളം ഒലിപ്പിച്ചുനടക്കുകയാണ്. പ്രധാനമായും ഇതിന്റെ കെണിവലയില്‍ കുരുങ്ങിപ്പോകുന്നത് വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളാണത്രെ. കൊലപാതകത്തിന്റെയും പീഡനത്തിന്റെയും കഥ പറഞ്ഞുനടക്കുന്ന നമ്മുടെ മൂക്കിന് താഴെ ഇത്തരം ക്രൂരകൃത്യങ്ങള്‍ ഇനിയും നടമാടാന്‍ അനുവദിക്കരുത്. മതില്‍ കെട്ടുകളും വേലിക്കെട്ടുകളും തകര്‍ത്തെറിഞ്ഞ് രൗദ്ര ഭാവത്തോടെ അലറിപ്പാഞ്ഞു വരുന്ന ലഹരി വീടകങ്ങളിലേക്ക് കയറി വരാന്‍ കാത്തിരിക്കാതെ അതിനെ അതിന്റെ വേരുകളെ തേടി അന്വേഷിച്ചിറങ്ങുക.
ലഹരി ദുരുപയോഗത്തിന്റെ ദുരന്തങ്ങള്‍
1)ലഹരി മനുഷ്യന്റെ ശാരീരിക, മാനസിക, ധാര്‍മ്മിക, ബൗദ്ധിക ശോഷണത്തിന് വഴിവെക്കും. ഇത് ഒരു തലമുറയുടെ സാംസ്‌കാരിക സാമ്പത്തിക ഘടനയെ തന്നെ താറുമാറാക്കും.
2) ലഹരിക്കടിമപ്പെടുന്നതോടെ അവന്‍ സമൂഹത്തിന് ഭീഷണിയാണ്. ഇതിലൂടെ ചെറിയ അടിപിടി മുതല്‍ കൊലപാതകങ്ങള്‍ നടമാടും.
3) ലഹരി ഉത്പന്നങ്ങളുടെ നിര്‍മ്മാണവും, വില്‍പനയും പട്ടണങ്ങളിലും ഗ്രാമങ്ങളിലും അധികരിക്കും. ഇതിന് പിന്നില്‍ വമ്പന്‍ ലഹരി മാഫിയകള്‍ തഴച്ചു വളര്‍ന്ന് സര്‍ക്കാറിനെ പോലും വെല്ലുവിളിക്കുന്ന സ്ഥിതി വിശേഷം വരും.
ലാറ്റിനമേരിക്കയിലെ മെക്‌സിക്കോ പോലുളള രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പുകളില്‍ പ്രധാന വാഗ്ദാനം ലഹരിക്കെതിരെയുളള ശക്തമായ പോരാട്ടമാണത്രെ.
4) എയ്ഡ്‌സ് പോലുളള മാരക രോഗബാധിതരുടെ പെരുകല്‍. ഇതിലൂടെ പടര്‍ന്നു കയറുന്ന സാംക്രമിക രോഗങ്ങള്‍ സമൂഹത്തിന്റെ ആരോഗ്യ ഘടനയെ മാറ്റി മറിക്കും.
5) സ്ത്രീകളിലേക്കും ലഹരിയുപയോഗം കടന്നു കയറും. അതോടെ ഗാര്‍ഹിക കലഹങ്ങള്‍ അതിശക്തമാകും. ഇത് മൂലം വളര്‍ന്നു വരുന്ന കുട്ടികളില്‍ വന്‍ ദുരന്തം പരത്തും.
പരിഹാര മാര്‍ഗങ്ങള്‍
1) ശക്തമായ ബോധവത്കരണം. ഇതില്‍ കുടുംബം, വിദ്യാലയങ്ങള്‍, കവലകള്‍ അടിസ്ഥാനപരമായി തന്നെ ഉള്‍പ്പെടണം.
2) ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി കൗണ്‍സിലിങ്ങിന് വിധേയമാക്കുക. ഇതിലൂടെ ലഹരി വിതരണക്കാരെ പ്രത്യേകം അന്വേഷിച്ച് വിവരങ്ങള്‍ ഉത്തരവാദപ്പെട്ടവരെ എത്രയും പെട്ടന്ന് അറിയിക്കുക. ലഹരക്കെതിരെയുളള പോരാട്ടത്തിന് വേണ്ടി എന്‍.ജി.ഒ യുടെ സഹായം തേടുന്നത് ഒന്നുകൂടെ ഉപകാരപ്രദമായിരിക്കും.
3) ഓരോ പ്രദേശത്തുളള സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ വഴി ലഹരി വിതരണക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും നമ്മുടെ കുട്ടികളെ ഇതിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെടുത്താനും സാധിക്കും.
4) നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മത, രാഷ്ട്രിയ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും കൂട്ടായ്മകളും നിരന്തരം വെവ്വേറെ ലഹരി വിരുദ്ധ കാമ്പയ്‌നുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു കൊണ്ടിരിക്കുക.
5) വിദ്യാര്‍ത്ഥികളെയും യുവാക്കളെയും വലയെറിഞ്ഞ് പിടിക്കാനിറങ്ങിയ നമ്മുടെ ഇടയിലുളള ലഹരി വിതരണക്കാരെ പ്രത്യേക ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി പിന്തിരിപ്പിക്കുക, അതിനും തയ്യാറല്ലെങ്കില്‍ അവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തി ഉത്തരവാദപ്പെട്ട നിയമപാലകരെ വിവരം അറിയിക്കുക. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിയെ പ്രതിരോധിക്കുക എന്നത് സമൂഹത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. അതിനെതിരെ രാപകല്‍ ജാഗരൂഗരായിരിക്കേണ്ട അവസ്ഥാവിശേഷമാണ് കാസര്‍കോട് ഇന്ന് വന്നുപെട്ടിരിക്കുന്നത്.
നമ്മുടെ നാടിന് വേണ്ടിയുളള ലഹരിക്കെതിരെയുളള ഈ സമരത്തിന്റെ തുടക്കം നമ്മുടെ വീടുകളില്‍നിന്ന് തന്നെയാകട്ടെ.

-അമീന്‍ ഹുദവി ഖാസിയാറകം

Related Articles
Next Story
Share it