പാലക്കുന്ന്: ബംഗാട് തറവാട് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തില്‍ ഏപ്രില്‍ 16 മുതല്‍ 18 വരെ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് മുന്നോടിയായി കൂവം അളക്കല്‍ നടന്നു. സന്ധ്യാദീപത്തിന് ശേഷം മറൂട്ടും അനുബന്ധ ചടങ്ങുകളും പൂര്‍ത്തിയായ ശേഷമാണ് കൂവം അളന്നത്. തറവാട് താനത്തിന്റെ തിരുമുമ്പില്‍ നെല്ല് കൂട്ടിയിട്ട്, അതില്‍ നിന്ന് പ്രധാനപ്പെട്ട വിവിധ ആരാധനാലയങ്ങളിലെ നിവേദ്യത്തിനായി, തെയ്യംകെട്ടു നടക്കുന്ന തറവാടില്‍ നിന്ന് നെല്ല് അളന്ന് മാറ്റി വെക്കുന്ന വിശേഷാല്‍ ചടങ്ങ് കാണാന്‍ ആയിരങ്ങളാണ് ബംഗാട് എത്തിയത്. തറവാട്ടില്‍ ആഘോഷാരവങ്ങളോടെ തെയ്യംകെട്ടുത്സവം നടക്കുമ്പോള്‍ സമീപ പ്രദേശങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിലെ ദൈവാനുഗ്രഹം കൂടി കാംക്ഷിച്ച് നിവേദ്യസമര്പ്പണത്തിനായാണ് ഇത് നല്‍കുന്നത്. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിലേക്ക് 21 ഇടങ്ങഴിയും തൃക്കണ്ണാട് ത്രയംബകേശ്വര, പനയാല്‍ മഹാലിംഗേശ്വര, ദേവന്‍പൊടിച്ചപാറ അര്‍ധനാരീശ്വര ക്ഷേത്രങ്ങളിലേക്ക് 11 ഇടങ്ങഴി വീതവും, വിളക്കുമാടം, പഞ്ചിക്കുള പാര്‍ഥസാരഥി ക്ഷേത്രങ്ങളിലേക്ക് 7 ഇടങ്ങഴി വീതവും കോട്ടപ്പാറ വയനാട്ടുകുലവന്‍ തറവാട്ടില്‍ കൈവീതിനായി 2 പറ നെല്ലുമാണ് അളന്ന് മാറ്റിവെച്ചത്. തെയ്യംകെട്ടിന് മുമ്പായി കെട്ടിവെച്ച നെല്ല് അതാതിടങ്ങളിലെത്തിക്കും. തെയ്യംകെട്ടിന്റെ ആദ്യദിവസവും മറപിളര്‍ക്കല്‍ നാളിലെ കൈവീതിനായി രണ്ടു പറ നെല്ലും, കൂവംകുത്തലിനായി ആറ് പറ വീതം പുഴുങ്ങലരിയും പച്ചരിയും അളന്നുവെച്ചു. നിത്യപൂജ സമ്പ്രദായമില്ലാത്ത പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രമടക്കം മറ്റു ആരാധനാലയങ്ങിലേക്ക് ദീപത്തിന് എണ്ണയും കലശവും അര്‍പ്പിക്കും. വെളിച്ചപ്പാടുകളുടെയും ആചാര സ്ഥാനികരുടെയും സാന്നിധ്യത്തില്‍ തെയ്യംകെട്ടിന് ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ പി. നാരായണനാണ് ഈ ദൗത്യം നിര്‍വഹിച്ചത്. ആയിരക്കണക്കിനാളുകള്‍ക്ക് ചുട്ടെടുത്ത അടയും പഴവും ഭക്ഷണവും വിതരണം ചെയ്തു.