'വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത്' എന്ന് നേതൃത്വം, 'നേതാക്കളെ പാര്‍ട്ടി തിരുത്തും പാര്‍ട്ടിയെ ജനം തിരുത്തും' എന്ന് പ്രവര്‍ത്തകര്‍; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഎമ്മില്‍ പ്രതിഷേധം കത്തുന്നു; പൊന്നാനിക്ക് പിന്നാലെ ചെങ്കൊടിക്ക് തീപിടിച്ച് കുറ്റ്യാടി, നേതൃത്വം അയഞ്ഞേക്കും

കോഴിക്കോട്: സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങിയതോടെ അങ്കലാപ്പിലായി പാര്‍ട്ടി നേതൃത്വം. സിറ്റിംഗ് സീറ്റായ കുറ്റ്യാടി നിയോജക മണ്ഡലം പുതുതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പ്രാദേശിക നേതാക്കളടക്കം മാര്‍ച്ചില്‍ അണിനിരന്നിരുന്നു. 'നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും' എന്ന സഖാവ് ലെനിന്റെ വാക്കുകള്‍ അച്ചടിച്ച ഫ്‌ളക്‌സുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. കേരള കോണ്‍ഗ്രസ് എമ്മിന് കൈമാറിയ കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയാണ് നഗരത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ വന്‍ […]

കോഴിക്കോട്: സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങിയതോടെ അങ്കലാപ്പിലായി പാര്‍ട്ടി നേതൃത്വം. സിറ്റിംഗ് സീറ്റായ കുറ്റ്യാടി നിയോജക മണ്ഡലം പുതുതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. പ്രാദേശിക നേതാക്കളടക്കം മാര്‍ച്ചില്‍ അണിനിരന്നിരുന്നു. 'നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും' എന്ന സഖാവ് ലെനിന്റെ വാക്കുകള്‍ അച്ചടിച്ച ഫ്‌ളക്‌സുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

കേരള കോണ്‍ഗ്രസ് എമ്മിന് കൈമാറിയ കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയാണ് നഗരത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നത്. അരിവാളിനല്ലാതെ വോട്ട് ചെയ്യില്ലെന്നാണ് പ്രാദേശിക നിലപാട്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ചിഹ്നത്തില്‍ തന്നെ വോട്ട് ചെയ്യാനുള്ള ആഗ്രഹം വ്യക്തമാക്കിയാണ് പ്രകടനം. കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയും പരിഗണനയ്ക്ക് വരാതിരുന്നതോടെയാണ് ശക്തി വ്യക്തമാക്കിയുള്ള പ്രകടനം. പ്രാദേശിക വികാരം ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ജില്ലാ കമ്മിറ്റിക്ക് പിഴവ് പറ്റിയെന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം.

സിപിഎം മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തില്‍ 200 ഓളം പേരാണ് പങ്കെടുത്തത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി വിരുദ്ധതയല്ല, പാര്‍ട്ടിയോടുള്ള സ്‌നേഹം കൊണ്ടാണ് പ്രകടനം നടത്തുന്നതെന്ന് പ്രാദേശിക നേതാവ് പറഞ്ഞു. നിയോജക മണ്ഡലത്തിലാകെ പ്രതിഷേധം നടക്കുന്നുണ്ട് എന്നും ബ്രാഞ്ച് സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വലിയ പൊട്ടിത്തെറിയിലേക്ക് നയിച്ചതോടെ നേതൃത്വം അയയുന്നുണ്ടെന്നാണ് സൂചന. കുറ്റ്യാടിയില്‍ പ്രശ്‌ന പരിഹാരത്തിന് ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. മണ്ഡലത്തിലെയാകെ ജനവികാരം കണക്കിലെടുത്ത് കേരള കോണ്‍ഗ്രസ് എമ്മുമായി ചര്‍ച്ച നടക്കുകയാണ്. ഇതേതുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടിയിരുന്ന കേരള കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് എമ്മും വടകരയില്‍ എല്‍ജെഡിയും നാദാപുരത്ത് സിപിഐയും മത്സരിക്കട്ടെയെന്നായിരുന്നു ഇടതുമുന്നണി തീരുമാനം. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളാണ് മൂന്ന് മണ്ഡലങ്ങളും.

നേരത്തെ പൊന്നാനിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. സംസ്ഥാന നേതൃത്വം നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ വേണ്ടെന്നും പകരം ടി എം സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ ബുധനാഴ്ച പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി നന്ദകുമാറിന്റെ പേരാണ് സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടുത്തിയത്. പ്രതിഷേധം തണുപ്പിക്കാന്‍ 'വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത്' എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടത്തുന്നുണ്ടെങ്കിലും 'നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും' എന്ന സഖാവ് ലെനിന്റെ വാക്കുകള്‍ അച്ചടിച്ച ഫ്‌ളക്‌സുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.

Related Articles
Next Story
Share it