കുറ്റിക്കോല്‍ ഉമര്‍ മൗലവി; അധ്യാപനവും എഴുത്തും
കല്ലും മുള്ളും താണ്ടിയ ജീവിത വഴിയില്‍ വിജയ പുഷ്പങ്ങള്‍ വിരിയിച്ച ഓര്‍മ്മകളുടെ മധുരം നുണഞ്ഞ് കുറ്റിക്കോല്‍ ഉമര്‍ മൗലവി ഇവിടെയുണ്ട്. അദ്ദേഹത്തിന് 81 വയസായി. അധ്യാപക വൃത്തിയിലും എഴുത്ത് വഴിയിലും തന്റേതായ പ്രതിഭ അടയാളപ്പെടുത്തിയ ഒരു സുകൃത ജീവിതമാണ് അദ്ദേഹത്തിന്റേത്. അരനൂറ്റാണ്ടിലധികം നീണ്ട അധ്യാപക വൃത്തി സമ്മാനിച്ച എണ്ണമറ്റ ശിഷ്യ ഗണങ്ങളുടെ പ്രാര്‍ത്ഥനയും തലോടലും അദ്ദേഹത്തിന് വലിയ സൗഭാഗ്യമാണ്. മകന്‍ മുഹമ്മദ് സാലിഹിന്റെ വീട്ടിലിരുന്ന് ഉമര്‍ മൗലവി ഉത്തരദേശത്തിന് തന്റെ ജീവിതവഴി തുറന്നുവെച്ചു. വിവിധ വിദ്യാലയങ്ങളിലും മത […]
കല്ലും മുള്ളും താണ്ടിയ ജീവിത വഴിയില്‍ വിജയ പുഷ്പങ്ങള്‍ വിരിയിച്ച ഓര്‍മ്മകളുടെ മധുരം നുണഞ്ഞ് കുറ്റിക്കോല്‍ ഉമര്‍ മൗലവി ഇവിടെയുണ്ട്. അദ്ദേഹത്തിന് 81 വയസായി. അധ്യാപക വൃത്തിയിലും എഴുത്ത് വഴിയിലും തന്റേതായ പ്രതിഭ അടയാളപ്പെടുത്തിയ ഒരു സുകൃത ജീവിതമാണ് അദ്ദേഹത്തിന്റേത്. അരനൂറ്റാണ്ടിലധികം നീണ്ട അധ്യാപക വൃത്തി സമ്മാനിച്ച എണ്ണമറ്റ ശിഷ്യ ഗണങ്ങളുടെ പ്രാര്‍ത്ഥനയും തലോടലും അദ്ദേഹത്തിന് വലിയ സൗഭാഗ്യമാണ്. മകന്‍ മുഹമ്മദ് സാലിഹിന്റെ വീട്ടിലിരുന്ന് ഉമര്‍ മൗലവി ഉത്തരദേശത്തിന് തന്റെ ജീവിതവഴി തുറന്നുവെച്ചു. വിവിധ വിദ്യാലയങ്ങളിലും മത […]
കല്ലും മുള്ളും താണ്ടിയ ജീവിത വഴിയില്‍ വിജയ പുഷ്പങ്ങള്‍ വിരിയിച്ച ഓര്‍മ്മകളുടെ മധുരം നുണഞ്ഞ് കുറ്റിക്കോല്‍ ഉമര്‍ മൗലവി ഇവിടെയുണ്ട്. അദ്ദേഹത്തിന് 81 വയസായി. അധ്യാപക വൃത്തിയിലും എഴുത്ത് വഴിയിലും തന്റേതായ പ്രതിഭ അടയാളപ്പെടുത്തിയ ഒരു സുകൃത ജീവിതമാണ് അദ്ദേഹത്തിന്റേത്. അരനൂറ്റാണ്ടിലധികം നീണ്ട അധ്യാപക വൃത്തി സമ്മാനിച്ച എണ്ണമറ്റ ശിഷ്യ ഗണങ്ങളുടെ പ്രാര്‍ത്ഥനയും തലോടലും അദ്ദേഹത്തിന് വലിയ സൗഭാഗ്യമാണ്. മകന്‍ മുഹമ്മദ് സാലിഹിന്റെ വീട്ടിലിരുന്ന് ഉമര്‍ മൗലവി ഉത്തരദേശത്തിന് തന്റെ ജീവിതവഴി തുറന്നുവെച്ചു.
വിവിധ വിദ്യാലയങ്ങളിലും മത സ്ഥാപനങ്ങളിലും അറബിക് അധ്യാപകനായി സേവനമനുഷ്ഠിച്ച ഉമര്‍ മൗലവി അധ്യാപക ജോലിക്കിടയില്‍ തന്നെയാണ് മൂല്യമുള്ള ഏതാനും ഗ്രന്ഥങ്ങള്‍ എഴുതിയത്. കുറ്റിക്കോല്‍ ബദര്‍ ജുമാഅത്ത് പള്ളി, പള്ളങ്കോട് മുഹ്‌യുദ്ദീന്‍ ജുമുഅത്ത് പള്ളി, മൊഗര്‍ ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ ഇമാമായും ഖത്തീബായും സേവനം അനുഷ്ഠിച്ച അദ്ദേഹം പള്ളങ്കോട് സര്‍സയ്യിദ് എ.എല്‍.പി. സ്‌കൂളിലും നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളിലും പട്‌ള ഗവ. ഹൈസ്‌കൂളിലും അറബിക് അധ്യാപകനായും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചു. ആലംപാടി നൂറുല്‍ ഇസ്ലാം യത്തീംഖാനയിലും തളങ്കര മാലിക് ദീനാര്‍ യത്തീം ഖാനയിലും മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 1994 ലാണ് വിരമിച്ചത്. വഖഫുമായി ബന്ധപ്പെട്ട കണക്കുകള്‍ എഴുതുന്നതില്‍ പ്രസിദ്ധനായിരുന്നു.
മത, സാമൂഹ്യ, സാംസ്‌കാരിക വേദികളില്‍ ഒരു കാലത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു ഉമര്‍ മൗലവിയുടേത്. ദീര്‍ഘകാലം കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്റെ പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ച അദ്ദേഹം സംഘടനയുടെ മുന്നോട്ടുള്ള ഗമനത്തിലും പ്രവര്‍ത്തകരുടെ ക്ഷേമത്തിലും വഹിച്ച പങ്ക് ചെറുതല്ല. അറബിക് ഫെഡറേഷന്റെ സംസ്ഥാന സമിതി അംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളത്തിലും അറബിയിലും ഒരു പോലെ രചനകള്‍ നടത്തുന്നതില്‍ കുറ്റിക്കോല്‍ ഉമര്‍ മൗലവിയുടെ കഴിവ് പേരെടുത്തതാണ്. അറബിയില്‍ അത്രമാത്രം അവഗാഹം അദ്ദേഹത്തിനുണ്ട്. ഉമര്‍ മൗലവിയുടെതായി പ്രസിദ്ധീകൃതമായ പുസ്തകങ്ങള്‍ക്കെല്ലാം മതീയമായ വിശുദ്ധിയുമുണ്ട്. ഖുര്‍ ആനുമായും ഖുര്‍ ആനില്‍ പരാമര്‍ശിച്ച ചികിത്സാ രീതികളുമായി ബന്ധപ്പെട്ട കൃതികളാണ് അവ. 'തേനും ഖുര്‍ആനും' ഇതില്‍ ശ്രദ്ധേയമാണ്. പ്രവാചകന്റെ ചികിത്സാ മാതൃകയും വിശുദ്ധ ഖുര്‍ആന്റെ സവിശേഷതകളും സാഹിത്യ മൂല്യങ്ങളും തേനിന്റെ ഔഷധ ഗുണങ്ങളും അടക്കം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ 37 അധ്യായങ്ങളുണ്ട്. ഇതിന്റെ മൂന്ന് പതിപ്പുകള്‍ ഇറങ്ങി. 'ജിന്നും ശൈത്താനും' എന്ന പുസ്തകത്തിനും നല്ല പ്രചാരം കിട്ടി. നിത്യ പ്രാര്‍ത്ഥനകള്‍, മുഹമ്മദ് ഹനീഫ് ഉപ്പാപ്പ തങ്ങള്‍ എന്നീ കൃതികളും ഉമര്‍ മൗലവിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഹമ്മദ് ഹനീഫ് ഉപ്പാപ്പ തങ്ങള്‍ ആണ് ആദ്യം ഇറങ്ങിയ പുസ്തകം. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളിയില്‍ മഖ്ബറ കണക്കെഴുത്തുകാരനായും സേവനം അനുഷ്ഠിച്ചിരുന്ന ഉമര്‍ മൗലവി ആ കാലത്ത് മുഹമ്മദ് ഹനീഫ് ഉപ്പാപ്പ തങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ച് എഴുതിയ ജീവചരിത്രമാണത്. ദുആ ഖത്തമുല്‍ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ അറബി ഗ്രന്ഥമാണ്.
കരക്കാല്‍ മമ്മുഞ്ഞിഹാജിയുടെയും ശങ്കരമ്പാടി അബ്ദുല്‍ ഖാദറിന്റെ മകള്‍ കുഞ്ഞിബിയുടെയും മകനായി 1939 ലാണ് കുറ്റിക്കോല്‍ ഉമര്‍ മൗലവി ജനിച്ചത്. ഏണിയാടിയിലെ മുക്രി മൊയ്തീന്‍കുഞ്ഞി ഹാജിയില്‍ നിന്ന് പ്രാഥമിക മത പഠനം നേടിയ അദ്ദേഹം കുറ്റിക്കോല്‍ എ.യു.പി. സ്‌കൂളിലും കൊയിലാണ്ടി കൊല്ലം ഗവ. യു.പി. സ്‌കൂളിലും തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലുമാണ് ഭൗതിക വിദ്യാഭ്യാസം നേടിയത്. വീട്ടില്‍ നിന്ന് കാടകം വരെ ഏതാണ്ട് പത്ത് കിലോമീറ്ററോളം നടന്ന് ചെന്ന് അവിടെ നിന്ന് ബസില്‍ എത്തിയാണ് തളങ്കര സ്‌കൂളില്‍ പഠിച്ചത്.
പഠനത്തോട് മുഖം തിരിഞ്ഞിരുന്ന ഒരു സമൂഹത്തിനിടയില്‍ നിന്ന് കഠിനമായ പ്രയത്‌നങ്ങളിലൂടെ വിദ്യാഭ്യാസത്തിന്റെ മധുരം നുകര്‍ന്ന ഉമര്‍ മൗലവിയുടെ ഓര്‍മ്മകള്‍ക്കും വല്ലാത്ത സ്വാദാണ്. കൊല്ലം, ഇച്ചിലങ്കോട്, നെല്ലിക്കുന്ന് പള്ളീ ദര്‍സുകളില്‍ നിന്നാണ് മത പഠനം നടത്തിയത്. സഹോദരന്‍ അബ്ദുല്‍ ഖാദന്‍ ഹാജിയെന്ന മാസ്റ്റര്‍ ഹാജി ഉമര്‍ മൗലവിയുടെ പഠന വഴിയില്‍ ഒപ്പമുണ്ടായിരുന്നു. മാസ്റ്റര്‍ ഹാജി കുറ്റിക്കോല്‍ സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരിക്കെയാണ് വിരമിച്ചത്. മുട്ടത്തൊടിയില്‍ താമസിച്ചിരുന്ന മാസ്റ്റര്‍ ഹാജി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അന്തരിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ.അഹ്‌മദ് ഷരീഫ് അടക്കം ഏതാനും സഹോദരങ്ങളുണ്ട്.
ആലംപാടി അഹ്‌മദ് ഹാജിയുടെ മകള്‍ ഫാത്തിമത്ത് സുഹ്‌റയാണ് ഭാര്യ. ദുബായില്‍ ബിസിനസ് നടത്തുന്ന മുഹമ്മദ് സാലിഹ്, സക്കരിയ്യല്‍ അന്‍സാരി, മത പണ്ഡിതനായ അബ്ദുല്‍ അസീസ് അമാനി, അനീസാ ബീവി, ഖമറുന്നിസ, ഉമൈറാ ബീവി, ഹന്നത്ത് ബീവി എന്നിവര്‍ മക്കളാണ്.
അധ്യാപന രംഗത്തെ മികവ് പരിഗണിച്ച് ഉമര്‍ മൗലവിയെ കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്‌സവത്തില്‍ ആദരിക്കുകയുണ്ടായി. കുറ്റിക്കോല്‍ ജമാഅത്ത് കമ്മിറ്റിയും കാസര്‍കോട് ആര്‍ട്ട് ഫോറവും ഉമര്‍ മൗലവിക്ക് സ്‌നേഹാദരങ്ങള്‍ നല്‍കിയിരുന്നു.