മൈതാനമൊഴിഞ്ഞു മൊഗ്രാലിന്റെ മാണിക്യം

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒട്ടേറെ നേട്ടങ്ങള്‍ കൊയ്ത മൊഗ്രാല്‍ ഫുട്‌ബോള്‍ ടീമിന് മാത്രമായൊരു പ്രത്യേകതയുണ്ടായിരുന്നു. കളി സെവന്‍സായാലും ലെവന്‍സായാലും എല്ലായ്‌പ്പോഴും ഒരാള്‍ അവര്‍ക്ക് അധികമുണ്ടായിരുന്നു. കുമ്മായ വരക്ക് പുറത്തെന്ന് മാത്രം. മൈതാനത്തുടനീളം പാഞ്ഞുനടന്ന് ഓരോ താരങ്ങള്‍ക്കും ആവേശം പകര്‍ന്നിരുന്ന കുത്തിരിപ്പ് മമ്മദ്ച്ച. കോച്ചായും മാനേജറായും ടീമിന് തന്ത്രമന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനപ്പുറം അഴകാര്‍ന്ന കളിക്ക് അവര്‍ക്ക് പ്രേരണ നല്‍കലായിരുന്നു ആ സാന്നിധ്യം. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെകാലം മൊഗ്രാല്‍ ഫുട്‌ബോളിന്റെ ആരവങ്ങള്‍ക്കൊപ്പം നിറഞ്ഞ് കുത്തിരിപ്പ് മമ്മദ്ച്ചയുണ്ടായിരുന്നു. ഫുട്‌ബോളിനായി ജീവിതം സമര്‍പ്പിച്ച മൊഗ്രാല്‍ഫുട്‌ബോളിന്റെ കാരണവരായിരുന്നു […]

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഒട്ടേറെ നേട്ടങ്ങള്‍ കൊയ്ത മൊഗ്രാല്‍ ഫുട്‌ബോള്‍ ടീമിന് മാത്രമായൊരു പ്രത്യേകതയുണ്ടായിരുന്നു. കളി സെവന്‍സായാലും ലെവന്‍സായാലും എല്ലായ്‌പ്പോഴും ഒരാള്‍ അവര്‍ക്ക് അധികമുണ്ടായിരുന്നു. കുമ്മായ വരക്ക് പുറത്തെന്ന് മാത്രം. മൈതാനത്തുടനീളം പാഞ്ഞുനടന്ന് ഓരോ താരങ്ങള്‍ക്കും ആവേശം പകര്‍ന്നിരുന്ന കുത്തിരിപ്പ് മമ്മദ്ച്ച. കോച്ചായും മാനേജറായും ടീമിന് തന്ത്രമന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനപ്പുറം അഴകാര്‍ന്ന കളിക്ക് അവര്‍ക്ക് പ്രേരണ നല്‍കലായിരുന്നു ആ സാന്നിധ്യം. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെകാലം മൊഗ്രാല്‍ ഫുട്‌ബോളിന്റെ ആരവങ്ങള്‍ക്കൊപ്പം നിറഞ്ഞ് കുത്തിരിപ്പ് മമ്മദ്ച്ചയുണ്ടായിരുന്നു. ഫുട്‌ബോളിനായി ജീവിതം സമര്‍പ്പിച്ച മൊഗ്രാല്‍ഫുട്‌ബോളിന്റെ കാരണവരായിരുന്നു അദ്ദേഹം. കാല്‍പന്തിനെ അത്രത്തോളം നെഞ്ചിലേറ്റിയിരുന്നു അദ്ദേഹം. 'ഞാന്‍ മരിച്ചാല്‍ എന്റെ മയ്യത്ത് ഗ്രൗണ്ടിനരികില്‍ വെച്ച് ആ ദിവസത്തെ വൈകുന്നേരത്തെ കളി നിങ്ങള്‍ നടത്തണം' എന്ന് പലതവണ മമ്മദ്ച്ച പറഞ്ഞിരുന്നതായി മൊഗ്രാലിലെ പലതാരങ്ങളും ഇന്ന് കണ്ണീരോടെ പറയുന്നുണ്ട്. മൊഗ്രാലുമായി ബന്ധപ്പെട്ട ഫുട്‌ബോള്‍ മത്സരം എവിടെയുണ്ടോ അവിടെയൊക്കെയും കുത്തിരിപ്പ് മമ്മദ്ച്ചയുടെ സാന്നിധ്യവുമുണ്ടായിരുന്നു. 1952 മുതലാണ് മമ്മദ്ച്ച ഫുട്‌ബോള്‍ മൈതാനത്ത് സജീവമായത്. 100 വര്‍ഷം പിന്നിട്ട മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വിവിധ നേട്ടങ്ങള്‍ക്ക് പിന്നില്‍ മമ്മദ്ച്ചയുടെ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും കയ്യൊപ്പ് കൂടി പതിഞ്ഞിട്ടുണ്ട്. നിരവധി ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയായ മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്ത് എന്നും തിളങ്ങുന്ന മുഖമായി മമ്മദ്ച്ചയുണ്ടാകും. ഇവിടെ കളിച്ചു വളര്‍ന്ന ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയരായ നൂറുകണക്കിന് താരങ്ങളെ വാര്‍ത്തെടുത്തത് അദ്ദേഹമായിരുന്നു. ഫുട്‌ബോള്‍ രക്തത്തില്‍ അത്രമേല്‍ അലിഞ്ഞുചേര്‍ന്ന മമ്മദ്ച്ചയുടെ മരണം ലോക ഫുട്‌ബോള്‍ ദിനത്തില്‍ തന്നെ സംഭവിച്ചത് യാദൃശ്ചികമായി. ഒരുകണക്കിന് മരണം അദ്ദേഹത്തിന് നല്‍കിയ ആദരവായിരിക്കാമത്.
ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ ഡീഗോ മറഡോണയെ നേരില്‍ കാണാനും മമ്മദ്ച്ചക്ക് ഭാഗ്യം ലഭിച്ചിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായില്‍ നടന്ന മൊഗ്രാല്‍ സോക്കര്‍ ലീഗിന്റെ ഭാഗമായി ആദരിക്കുന്നതിനാണ് മമ്മദ്ച്ചയെ മൊഗ്രാലിലെ ഫുട്‌ബോള്‍ പ്രേമികള്‍ ദുബായിലേക്ക് കൊണ്ടുപോയത്. അന്ന് യു.എ.ഇയിലെ അല്‍വാസല്‍ ക്ലബ്ബിന്റെ കോച്ചായി മറഡോണ ദുബായിലുണ്ടായിരുന്നു. അതറിഞ്ഞ് മറഡോണയെ കാണണമെന്ന ആഗ്രഹം മമ്മദ്ച്ച പ്രകടിപ്പിക്കുകയും അല്‍വാസല്‍ ടീമുമായി ബന്ധമുള്ള ഒരാളുടെ സ്വാധീനത്തില്‍ അതിനുള്ള അവസരമൊരുങ്ങുകയുമായിരുന്നു.
മൊഗ്രാലിലെ ഷക്കീല്‍ അബ്ദുല്ല, ആഷിഫ് ബി.കെ എന്നിവര്‍ക്കൊപ്പമാണ് മമ്മദ്ച്ച മറഡോണയെ കാണാനെത്തിയത്. അനശ്വര താരത്തെ തൊട്ടടുത്ത് കണ്ടതും അദ്ദേഹം ചേര്‍ത്ത് നിര്‍ത്തിയതും ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണെന്നും പതിറ്റാണ്ടുകളായി താന്‍ ഫുട്‌ബോളിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണെന്ന് പരിചയപ്പെടുത്തിയതോടെ 'എന്റെ ജോലിയാണല്ലെ നിങ്ങള്‍ക്കും' എന്ന് പറഞ്ഞ് മറഡോണ അഭിനന്ദിച്ചും മറക്കാനാവാത്ത അനുഭവമാണെന്ന് മമ്മദ്ച്ച പറയുമായിരുന്നു.
ബീഡി തെറുപ്പ് ജോലി ചെയ്തിരുന്ന തികഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായിരുന്നു മമ്മദ്ച്ച. 1959ല്‍ കുമ്പളയില്‍ സ്വകാര്യ ബീഡി കമ്പനിക്കെതിരെ നടന്ന, ദിനങ്ങള്‍ നീണ്ട കുത്തിരിപ്പ് സമരത്തില്‍ പങ്കെടുത്ത 22 പേരില്‍ മുന്നണിപ്പോരാളിയായി മമ്മദ്ച്ചയും ഉണ്ടായിരുന്നു. അന്ന് ആറാംദിനത്തെ സമരം ഉദ്ഘാടനം ചെയ്യാനെത്തിയത് സാക്ഷാല്‍ എ.കെ.ജി.യായിരുന്നു. ചെങ്കൊടിയേന്തി സമരത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് കണ്ട് എ.കെ.ജിയായിരുന്നു മുഹമ്മദിനെ കുത്തിരിപ്പ് എന്ന് വിശേഷിപ്പിച്ചത്. അങ്ങനെയാണ് മുഹമ്മദിന്റെ പേരിനൊപ്പം കുത്തിരിപ്പ് കൂടി ഉണ്ടാവുന്നത്. പരിചയപ്പെടുത്തി ആരെങ്കിലും സംസാരിച്ചാല്‍ അവരോട് മമ്മദ്ച്ച കൂടുതല്‍ വാചാലനാകും. മൊഗ്രാലിന്റെയും ഫുട്‌ബോളിന്റെയും ചരിത്രം പറഞ്ഞ് എത്ര നേരം വേണമെങ്കിലും സംസാരിക്കും. മമ്മദ്ച്ചയുടെ അസാന്നിധ്യം മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്തിന്റെ സങ്കടമായി ഇനിയുള്ള കാലം അവശേഷിക്കും.

Related Articles
Next Story
Share it