കുഞ്ഞിരാമന്‍ നായര്‍ എന്ന മനുഷ്യസ്‌നേഹി

കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡണ്ട് എ. കുഞ്ഞിരാമന്‍ നായര്‍ നമ്മെ വിട്ടു പിരിഞ്ഞുവെന്ന് കേട്ടപ്പോള്‍ എന്തെന്നില്ലാത്ത മനോവിഷമമാണുണ്ടായത്. ഒരു രാഷ്ടീയ നേതാവെന്നതിലുപരി അദ്ദേഹം കറകളഞ്ഞ ഒരു മനുഷ്യ സ്‌നേഹിയും പരോപകാരിയുമായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഒരു പ്രമുഖ വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടപ്പെട്ടത് എന്ന് പറയുന്നതില്‍ ഉപരി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മനസ്സറിഞ്ഞു സഹായിക്കുന്ന ഒരു മനുഷ്യസ്‌നേഹിയെയാണ്, ജീവകാരുണ്യ പ്രവര്‍ത്തകനെയാണ് നമുക്കു നഷ്ടമായത്. നീണ്ട പതിനഞ്ചു വര്‍ഷത്തിലേറെക്കാലമായുള്ള പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ കുഞ്ഞിരാമന്‍ നായരെ കുറിച്ച് […]

കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡണ്ട് എ. കുഞ്ഞിരാമന്‍ നായര്‍ നമ്മെ വിട്ടു പിരിഞ്ഞുവെന്ന് കേട്ടപ്പോള്‍ എന്തെന്നില്ലാത്ത മനോവിഷമമാണുണ്ടായത്. ഒരു രാഷ്ടീയ നേതാവെന്നതിലുപരി അദ്ദേഹം കറകളഞ്ഞ ഒരു മനുഷ്യ സ്‌നേഹിയും പരോപകാരിയുമായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഒരു പ്രമുഖ വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടപ്പെട്ടത് എന്ന് പറയുന്നതില്‍ ഉപരി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മനസ്സറിഞ്ഞു സഹായിക്കുന്ന ഒരു മനുഷ്യസ്‌നേഹിയെയാണ്, ജീവകാരുണ്യ പ്രവര്‍ത്തകനെയാണ് നമുക്കു നഷ്ടമായത്. നീണ്ട പതിനഞ്ചു വര്‍ഷത്തിലേറെക്കാലമായുള്ള പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ കുഞ്ഞിരാമന്‍ നായരെ കുറിച്ച് പറയാനുള്ളത് വറ്റാത്ത സ്‌നേഹത്തിന്റെ നിറകുടമായിരുന്നു അദ്ദേഹം എന്നു തന്നെയാണ്.
കോവിഡ് കാലത്തിന് മുമ്പ് ഞാന്‍ അടക്കമുള്ള പല ആളുകളും കാസര്‍കോട് എത്തിയാല്‍ ഒത്തു കുടാറുള്ള ഒരിടമാണ് എസ്. മുഹമ്മദ് കുഞ്ഞിയുടെ നഗരമധ്യത്തില്‍ തന്നെയുള്ള ഓഫീസ്. അവിടെ വെച്ചായിരുന്നു ഞാന്‍ കുഞ്ഞിരാമന്‍ നായരെ കാണുന്നതും പരിചയപ്പെടുന്നതും. അന്ന് ഞങ്ങളെല്ലാം ചായ കുടിച്ച് പിരിഞ്ഞു. അതിനുശേഷം പലപ്പോഴായി കണ്ടുമുട്ടുകയും ചെയ്തു. കാസര്‍കോട് ടൗണില്‍ വന്നാല്‍ ഉച്ചക്ക് ബദരിയ ഹോട്ടലിന്റെ മുകള്‍ നിലയില്‍ പോയി മീന്‍ കറിയും ചോറും കഴിച്ചേ പിരിയാറുള്ളൂ. അതിനും ഞങ്ങളൊക്കെ ഒപ്പം വേണമെന്നതും അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പതിവല്ല. പണ്ടുപണ്ടേ സ്വന്തം നാടായ പെരിയാട്ടടുക്കയിലെ മുനിക്കലില്‍ നിന്ന് ബത്തക്കയും പച്ചക്കറികളും കൊണ്ട് കാസര്‍കോട് ബസാറില്‍ വില്‍ക്കാന്‍ വരുമ്പോള്‍ പണിക്കാരുമായി ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചേ പോകാറുള്ളൂ എന്ന് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പുഞ്ചിരിയില്‍ ചാലിച്ചു പറയാറുണ്ടായിരുന്നു.
അദ്ദേഹവുമായി ഉണ്ടായിരുന്ന ഈ അടുപ്പമാണ് എന്നെ അദ്ദേഹത്തിന്റെ പ്രസ്ഥാനമായ കേരള കോണ്‍ഗ്രസ് (ബി)യുമായി അടുപ്പിക്കുന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ കാസര്‍കോട് മണ്ഡലം പ്രസിഡണ്ടുമായി. എന്റെ ആത്മമിത്രങ്ങള്‍ ആയിരുന്ന ചാമ്പലം അബ്ദുല്ലകുഞ്ഞി, സുരേഷ് വിദ്യാനഗര്‍, അന്‍വര്‍ കോപ്പ, ഇ. അബ്ദുല്ലകുഞ്ഞി തുടങ്ങിയവരും എന്നോടൊപ്പം നിന്നതോടെ പാര്‍ട്ടിക്ക് സജീവത കൈവരികയും ചെയ്തു. ഇതേതുടര്‍ന്നാണ് പി.ഡി.പി യുടെ സമുന്നത നേതാവായിരുന്ന എം.കെ.ഇ. അബ്ബാസ് അടക്കമുള്ള പല നേതാക്കളെയും കേരള കോണ്‍ഗ്രസ് ബിയിലേക്ക് ആകര്‍ഷിച്ചത്. രമേശ് ഭട്ട്, എബ്രഹാം വര്‍ഗീസ്, ശബരി ദാമോദരന്‍, അഡ്വ.ബഷീര്‍ ആലട്ടി, എം.കെ.കെ. സിദ്ദീഖ്, സി.എച്ച്.അബ്ദുല്ല തുടങ്ങിയ പലരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചതോടെ എന്നെ ജില്ല ജനറല്‍ സെക്രട്ടറി ആക്കി മാറ്റുകയും ചെയ്തു. ഇതോടെ ഞാനും കുഞ്ഞിരാമന്‍ നായരും തമ്മിലുള്ള ബന്ധത്തിന് ശക്തി കൂടി. പിന്നീടങ്ങോട്ടുള്ള നാളുകളില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പാര്‍ട്ടി യോഗങ്ങളിലേക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി തിരുവനന്തപുരത്തുള്ള പാര്‍ട്ടി ആസ്ഥാനത്തേക്ക് പോയി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയേയും വനം വകുപ്പ് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാര്‍ അടക്കമുള്ള സംസ്ഥാന നേതാക്കളെയുമൊക്കെ കണ്ട് സംസാരിച്ചു പല പൊതു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കുഞ്ഞിരാമന്‍നായര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ല നിലവില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വനംവകുപ്പിന്റെ പല ഓഫീസുകളും ഏറെകാലം കണ്ണൂരില്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അത് കാസര്‍കോട്ടെ ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയാസമായിരുന്നു. അതിന് മാറ്റം ഉണ്ടാക്കിയത് ഞങ്ങളുടെ ഇടപെടലുകളിലൂടെ ആയിരുന്നു.
നല്ലൊരു കര്‍ഷകനായിരുന്ന കുഞ്ഞിരാമന്‍നായര്‍ പാവങ്ങളെയും അശരണരെയും കൈയ്യഴിഞ്ഞു സഹായിക്കുന്ന കാര്യത്തില്‍ പ്രത്യേകം തല്‍പ്പരനായിരുന്നു. ഭക്ഷണം ഇല്ലാതെയും മരുന്ന് വാങ്ങാന്‍ പണം ഇല്ലാത്തവരെയും ശ്രദ്ധയില്‍പ്പെട്ടാല്‍ വളരെ രഹസ്യമായി അവരെ ചെന്ന് കണ്ടു സഹായഹസ്തം നീട്ടാതെ അദ്ദേഹത്തിന് ഒരു സമാധാനവും കിട്ടില്ല. അതുപോലെതന്നെ സ്വന്തം വയലില്‍ നട്ടുണ്ടാക്കിയ പച്ചക്കറികള്‍ തന്റെ അടുപ്പക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതും കുഞ്ഞിരാമന്‍നായരുടെ സത് പ്രവര്‍ത്തികളില്‍ ഒന്ന് മാത്രമാണ്. ആ നല്ല മനുഷ്യന്റെ ദേഹവിയോഗം താങ്ങാനാവാത്തതിന്റെ മനോ വിഷമത്തിലാണ് നാട്ടുകാരും ബന്ധുക്കളും. കണ്ടുമുട്ടുന്നവരെയൊക്കെ ചെറു പുഞ്ചിരിയിലൂടെ പരിചയപ്പെടുന്ന, ആരെയും സ്‌നേഹ ചരടില്‍ കോര്‍ത്തിണക്കി ആ ബന്ധം കാത്തുസൂക്ഷിക്കുവാനുമുള്ള ഒരു വശ്യമായ ശക്തി കുഞ്ഞിരാമന്‍ നായര്‍ക്കുണ്ടായിരുന്നു.
മാരക രോഗം പിടിപ്പെട്ട് കിടപ്പിലായപ്പോഴും താനുമായി അടുത്തിടപഴകിക്കൊണ്ടിരുന ഓരോരുത്തരെയും വിളിച്ച് ക്ഷേമാന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. നന്മകള്‍ വറ്റാത്ത ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.
ആ നല്ല മനുഷ്യന്റെ ദേഹ വിയോഗത്തില്‍ അനുശോചിക്കുകയും നിത്യശാന്തി നേരുകയും ചെയ്യുന്നു.

Related Articles
Next Story
Share it