കുഞ്ഞാമു മാസ്റ്റര്‍ ഒരിക്കലും തുളുമ്പാത്ത നന്മയുടെ നിറകുടം

ടി.എ. കുഞ്ഞഹ്മദ് മാസ്റ്റര്‍, കാസര്‍കോട്ടുകാരുടെ സ്‌നേഹ നിധിയായ കുഞ്ഞാമു മാസ്റ്റര്‍ ഓര്‍മ്മയായി. കാസര്‍കോട്ടെ മത, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സര്‍വ്വരുടെയും സ്‌നേഹാദരങ്ങള്‍ നേടിയ ആ അധ്യാപകന്‍ അധ്യാപനത്തിന്റെ നന്മകളെല്ലാം ജീവിതത്തില്‍ പകര്‍ത്തി. വിനയമായിരുന്നു ആ വ്യക്തിത്വത്തിന്റെ മുഖമുദ്ര. ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. രണ്ടു സ്‌കൂളുകളില്‍ കുഞ്ഞാമു മാസ്റ്റര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഒന്നു മുതല്‍ നാലു വരെ പഠിച്ച നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എല്‍.പി. സ്‌കൂളിലും അഞ്ചുമുതല്‍ പത്തുവരെ പഠിച്ച തളങ്കര ഗവ. മുസ്ലിം […]

ടി.എ. കുഞ്ഞഹ്മദ് മാസ്റ്റര്‍, കാസര്‍കോട്ടുകാരുടെ സ്‌നേഹ നിധിയായ കുഞ്ഞാമു മാസ്റ്റര്‍ ഓര്‍മ്മയായി. കാസര്‍കോട്ടെ മത, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സര്‍വ്വരുടെയും സ്‌നേഹാദരങ്ങള്‍ നേടിയ ആ അധ്യാപകന്‍ അധ്യാപനത്തിന്റെ നന്മകളെല്ലാം ജീവിതത്തില്‍ പകര്‍ത്തി. വിനയമായിരുന്നു ആ വ്യക്തിത്വത്തിന്റെ മുഖമുദ്ര.
ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. രണ്ടു സ്‌കൂളുകളില്‍ കുഞ്ഞാമു മാസ്റ്റര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഒന്നു മുതല്‍ നാലു വരെ പഠിച്ച നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എല്‍.പി. സ്‌കൂളിലും അഞ്ചുമുതല്‍ പത്തുവരെ പഠിച്ച തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലും അദ്ദേഹം എന്റെ അധ്യാപകനായിരുന്നു. ചെറിയ കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുത്ത് ക്ലാസെടുക്കാനും വിദ്യാഭ്യാസത്തില്‍ അവരില്‍ താല്‍പ്പര്യം ഉണ്ടാക്കാനുമുള്ള അദ്ദേഹത്തിന്റെ അനിതസാധാരണമായ കഴിവ് എടുത്തുപറയേണ്ടതാണ്. തന്റെ ശിഷ്യന്മാരെ ചേര്‍ത്തുപിടിച്ച് പിതൃതുല്യമായ സ്‌നേഹം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ എന്റെ പ്രിയപ്പെട്ട ഗുരുനാഥനെ എനിക്ക് മറക്കാന്‍ കഴിയുന്നില്ല. കാസര്‍കോട് നഗരത്തിലെ, വിശിഷ്യാ തളങ്കരയിലെ എല്ലാ സാംസ്‌കാരിക വിദ്യാഭ്യാസ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു. ഏത് സദസ്സിലും കാണുമ്പോള്‍ വിനയത്തോടെയും ആദരവോടെയും ഞാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കുമായിരുന്നു. എന്റെ തലയില്‍ കൈവെച്ച് അദ്ദേഹം പറയുമായിരുന്നു' ഉഷാറോടെ മുന്നോട്ട്'. ഏത് ആള്‍ക്കൂട്ടത്തിനിടയിലും എന്റെ ഗുരുവെന്ന് ഞാന്‍ അദ്ദേഹത്തെ അഭിമാനത്തോടെ വിളിക്കുമായിരുന്നു. അപ്പോഴെല്ലാം ആനന്ദത്തിന്റെ കണ്‍തിളക്കം അദ്ദേഹത്തില്‍ കാണുമായിരുന്നു.
ജീവിതത്തില്‍ ലാളിത്യം കാത്തു സൂക്ഷിച്ച വ്യക്തിത്വമാണ് എന്റെ ഗുരു. സവിശേഷമായ പെരുമാറ്റം കൊണ്ട് നാട്ടുകാരുടെ സ്‌നേഹാദരങ്ങള്‍ അദ്ദേഹം നേടി. വാക്കിലും പ്രവര്‍ത്തിയിലും വേഷത്തിലും പെരുമാറ്റത്തിലുമെല്ലാം ലാളിത്യം. അധ്യാപനത്തിലും വിദ്യാഭ്യാസ വിഷയത്തിലും അതിയായ താല്‍പ്പര്യം കാണിച്ച അദ്ദേഹം എല്ലാ നിലക്കും ഒരു മാതൃകാധ്യാപകനായിരുന്നു. ശിഷ്യര്‍ക്ക് അറിവ് നല്‍കാന്‍ മാത്രമല്ല, അവരെ നേര്‍വഴിക്ക് നയിക്കാനും ആ അധ്യാപകന്‍ എപ്പോഴും ശ്രദ്ധിച്ചുപോന്നു. കണ്ടുമുട്ടുമ്പോഴെല്ലാം വിദ്യാഭ്യാസ വിഷയങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുമായിരുന്നു. കാലത്തിന്റെ ആവശ്യങ്ങളെകുറിച്ചുള്ള അവബോധം അദ്ദേഹത്തിന്റെ വിദ്യാഭ്യാസ വീക്ഷണത്തില്‍ കാണാം.
വിരമിച്ചതിന് ശേഷം തളങ്കരയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, ദീനീ സംഘടനകളില്‍ അദ്ദേഹം സക്രിയമായിരുന്നു. സേവന തല്‍പരതയും കര്‍മ്മോത്സുകതയുമാണ് വിവിധ മേഖലകളില്‍ തളരാകെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സഹായകമായത്. വിവേക പൂര്‍ണ്ണവും പക്വവുമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകള്‍. ലാളിത്യവും സമഭാവനയും കറകളഞ്ഞ സൗഹൃദവും കൊണ്ട് സുരഭിലമായ ആ വ്യക്തിത്വം അടുത്ത് ചെന്നവര്‍ക്കെല്ലാം ആശ്വാസമേകി.
മതദര്‍ശനത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് മാതൃകാ ജീവിതം നയിക്കാന്‍ അല്ലാഹു അദ്ദേഹത്തിന് അനുഗ്രഹം നല്‍കി. നഷ്ടപ്പെട്ടത് ഒരിക്കലും തുളുമ്പാത്ത നന്മയുടെ നിറകുടമാണ്.
പ്രിയപ്പെട്ട ഗുരു, ഇനി നമ്മളെപ്പോള്‍ കണ്ടുമുട്ടും അതുവരെ ഈ വേദന മാറുമോ.

Related Articles
Next Story
Share it