കുമ്പോല്‍ ഉറൂസ് : പാപ്പംകോയ നഗര്‍ ആത്മീയ വിശുദ്ധയില്‍

'കാസര്‍കോട് ജില്ലയുടെ ഭാഗമായി കേരള-കര്‍ണ്ണാടകയുടെ അതിര്‍പ്രദേശങ്ങളുമായി ബന്ധം പങ്കിടുന്ന ചെറു ദേശമാണ് കുമ്പോല്‍. കഴിഞ്ഞ നൂറിലേറെ വര്‍ഷങ്ങളായി ഈ നാട് വിശ്വാസികളുടെ ഈറ്റില്ലമായി മാറിയിരിക്കുന്നു. ദേശ, ഭാഷ മത വൈജാത്യമില്ലാതെ സര്‍വ്വര്‍ക്കും ഈ നാട് അഭയ കേന്ദ്രമാണ്. സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങളെന്ന പുണ്യപുരുഷന്റെ ജീവിതവും മരണവും കൊണ്ട് അനുഗ്രഹീതമായതോടെയാണ് കുമ്പോല്‍ ആത്മീയതയുടെ ആരാമമായി മാറിയത്.സയ്യിദ് മുഹമ്മദ് അല്‍ ഐദറൂസ് എന്ന പാപ്പംകോയ തങ്ങള്‍ ഉത്തര മലബാറിനും ദക്ഷിണ കന്നടക്കും ആത്മീയ വെളിച്ചം നല്‍കി. കേരളത്തിലെ […]

'കാസര്‍കോട് ജില്ലയുടെ ഭാഗമായി കേരള-കര്‍ണ്ണാടകയുടെ അതിര്‍പ്രദേശങ്ങളുമായി ബന്ധം പങ്കിടുന്ന ചെറു ദേശമാണ് കുമ്പോല്‍. കഴിഞ്ഞ നൂറിലേറെ വര്‍ഷങ്ങളായി ഈ നാട് വിശ്വാസികളുടെ ഈറ്റില്ലമായി മാറിയിരിക്കുന്നു. ദേശ, ഭാഷ മത വൈജാത്യമില്ലാതെ സര്‍വ്വര്‍ക്കും ഈ നാട് അഭയ കേന്ദ്രമാണ്. സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങളെന്ന പുണ്യപുരുഷന്റെ ജീവിതവും മരണവും കൊണ്ട് അനുഗ്രഹീതമായതോടെയാണ് കുമ്പോല്‍ ആത്മീയതയുടെ ആരാമമായി മാറിയത്.
സയ്യിദ് മുഹമ്മദ് അല്‍ ഐദറൂസ് എന്ന പാപ്പംകോയ തങ്ങള്‍ ഉത്തര മലബാറിനും ദക്ഷിണ കന്നടക്കും ആത്മീയ വെളിച്ചം നല്‍കി. കേരളത്തിലെ വടകരക്കടുത്ത നാദാപുരം കാരക്കാട് തറവാട്ടില്‍ ഹിജ്‌റ 1244ല്‍ ഹൈദറൂസ് ഖബീലയിലെ പ്രമുഖനും പണ്ഡിതനും സാത്വികനുമായ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ മകനായാണ് ജനനം.
ഇരുപതാം വയസ്സില്‍ തന്നെ ആത്മീയ നിര്‍വൃതി തേടി സ്വദേശം വിട്ട അദ്ദേഹം തന്റെ സുദീര്‍ഘമായ തീര്‍ത്ഥ യാത്രയില്‍ ഭൂരിഭാഗവും വിശുദ്ധ നഗരങ്ങളായ മക്ക, മദീന, ബൈത്തുല്‍ മുഖദ്ദസ്, ബാഗ്ദാദ്, ഉമ്മു ഉബൈദ, അജ്മീര്‍ ഷെരിഫ് എന്നിവിടങ്ങളിലാണ് കഴിച്ചു കൂട്ടിയത്. പിന്നീട് കേരളത്തിലേക്ക് മടങ്ങിയെത്തിയ തങ്ങള്‍ കാസര്‍കോട് കുമ്പളക്കടുത്ത കുമ്പോലില്‍, സയ്യിദ് ഉമര്‍ ഖാസിയുടെ ഏക പുത്രിയെ വിവാഹം കഴിച്ചു. സാധാരണക്കാരോടൊപ്പമായിരുന്നു തങ്ങളുടെ പ്രവര്‍ത്തനം.
പാവങ്ങളുടെ സ്വന്തം തങ്ങള്‍ എന്ന നിലയില്‍ തങ്ങളവര്‍കളെ പാപ്പംകോയ തങ്ങളെന്ന് വിളിച്ചു തുടങ്ങി. പാപ്പംകോയ തങ്ങള്‍ നിശയുടെ യാമങ്ങളില്‍ ഇബാദത്തില്‍ മുഴുകുക പതിവായിരുന്നു. തങ്ങളവര്‍കള്‍ക്ക് ആറ് പെണ്‍മക്കളും രണ്ട് ആണ്‍ മക്കളുമാണ് ഉണ്ടായിരുന്നത്. മൂത്ത പുത്രന്‍ സയ്യിദ് ഉമര്‍ കുഞ്ഞികോയ തങ്ങള്‍ പിതാവിന്റെ വഫാത്തിന് ശേഷം ആറ് മാസങ്ങള്‍ കഴിഞ്ഞ് ഇഹലോകവാസം വെടിഞ്ഞു. ദ്വിതീയ പുത്രനാണ് മര്‍ഹും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍.
പാപ്പംകോയ തങ്ങള്‍ തന്റെ ആത്മീയ യാത്രയില്‍ ബഗ്ദാദില്‍ നിന്നും ഖാദിരിയ്യ, ഉമ്മു ഉബൈദയില്‍ നിന്നും രിഫാഇയ്യ:, അജ്മീറില്‍ നിന്നും ചിശ്തിയ്യ മുതലായ ത്വരിഖത്തുകളും ആത്മീയ ജ്ഞാനങ്ങളും സമ്പാദിച്ചു. വിഷ ബാധയേറ്റവര്‍ക്ക് വിഷം അകറ്റി കൊടുക്കുന്നതില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. എന്നും കയ്യില്‍ ഒരു വടി കരുതിയിരുന്ന പാപ്പംകോയ തങ്ങള്‍ ആ വടി ഉപയോഗിച്ച് മാറാവ്യാധികള്‍ ബാധിച്ചവരില്‍ നിന്നും ആ വ്യാധികളെ ഒഴിപ്പിച്ചിരുന്നു. ഹിജ്‌റ 1353 ദുല്‍ഹജ്ജ് 23ന് 109-ാം വയസ്സില്‍ കുമ്പോലില്‍വെച്ച് സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങള്‍ ഇഹലോക വാസം വെടിഞ്ഞു.
പിതാവ് പാപ്പംകോയ തങ്ങളുടെ കാല്‍പ്പാടുകള്‍ പൂര്‍ണ്ണമായും പിന്‍പറ്റി കൊണ്ടാണ് മകന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ആത്മീയ രംഗത്ത് പ്രസിദ്ധനായി തീര്‍ന്നത്. നിരവധി സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളാല്‍ വലയുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരായിരുന്നു പൂക്കോയ തങ്ങളെന്ന ഫസല്‍ പൂക്കോയ തങ്ങള്‍.
ഹിജ്‌റ 1325ല്‍ കുമ്പോലിലായിരുന്നു ഫസല്‍ പൂക്കോയ തങ്ങളുടെ ജനനം. 'പാപ്പംകോയ നഗറില്‍' സ്വന്തമായി വഖഫ് ചെയ്ത ഒരേക്കര്‍ സ്ഥലത്ത് സ്വന്തം ഉത്തരവാദിത്വത്തില്‍ പണിയിക്കുകയും തന്റെ കര്‍മ്മ രംഗവുമാക്കിത്തീര്‍ക്കുകയും ചെയ്ത മഹത്തായ സ്ഥാപനമാണ് കുമ്പോല്‍ പാപ്പംകോയ നഗര്‍ ബദ്രിയ്യ: ജുമാ മസ്ജിദ്. ഇവിടെ ദര്‍സും തങ്ങള്‍ സ്ഥാപിച്ചു.
ഷിറിയ അലിക്കുഞ്ഞി മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയ നിരവധി പണ്ഡിതര്‍ ഇവിടെ മുദരിസായി സേവനം ചെയ്തിരുന്നു.
ഉമ്മു ഹലീമ ബീവിയാണ് ഫസല്‍ പൂക്കോയ തങ്ങളുടെ ജീവിത സഖി. ഈ അടുത്ത കാലത്ത് അവരും റബ്ബിലേക്ക് യാത്രയായി. അഞ്ച് ആണ്‍മക്കളും നാല് പെണ്‍മക്കളുമാണ് പൂക്കോയ തങ്ങള്‍ക്ക്. ഒരു പുത്രി ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. ഫസല്‍ പൂക്കോയ തങ്ങളുടെ അഞ്ച് പുത്രന്‍മാരും ദീനീ സേവന രംഗത്ത് സജീവമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും വിദ്യാഭ്യാസ ബോര്‍ഡ് ട്രഷററും ജാമിഅ സഅദിയ്യ പ്രസിഡണ്ടുമായ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളാണ് മൂത്ത പുത്രന്‍.
ജില്ലക്കകത്തും പുറത്തുമായി നിരവധി മഹല്ലുകള്‍ക്ക് നേതൃത്വം നല്‍കി വരുന്ന തങ്ങള്‍ കുമ്പോലിന്റെ കാരണവരാണ്.
സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങളാണ് മക്കളില്‍ രണ്ടാമന്‍. പിതാവിന്റെ ആത്മീയ സരണിയില്‍ പിന്തുടര്‍ന്ന് നാനാജാതി മതക്കാര്‍ക്ക് സാന്ത്വനം നല്‍കി വരുന്ന കുഞ്ഞിക്കോയ തങ്ങളാണ് വിശ്വാസികളുടെ ആശാ കേന്ദ്രം. സയ്യിദ് അലി തങ്ങള്‍ ഇമാം ശാഫി അക്കാദമി പോലെയുള്ള സ്ഥാപനങ്ങുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നു. ഡോ.സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങളെല്ലാം ദീനി സേവന രംഗത്ത് പ്രകാശം പരത്തുന്നു.
ഹിജ്‌റ 1392ല്‍ ദുല്‍ഹജ്ജ് 27ന് തന്റെ അറുപത്തിയഴാം വയസ്സില്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കോമ്പോലില്‍ വെച്ച് വഫാത്തായി. പാപ്പംകോയ നഗര്‍ ബദ്രിയ ജുമാ മസ്ജിദ് സമീപം മുഗള്‍ ശില്‍പകലാ മാതൃകയില്‍ നിര്‍മിച്ച മഖാം ശരീഫില്‍ ഫസല്‍ പൂക്കോയ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നു.
അന്നും ഇന്നും കുമ്പോലിലെ ഉമ്മറപ്പടി തുറന്നിട്ടതാണ്.
പണ്ഡിതരും പാമരരും ജന പ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക നായകരും കുമ്പോലില്‍ നിത്യ അതിഥികളാണ്. കുമ്പോല്‍ തങ്ങളുടെ അരുണയുടെ കരുണ സ്പര്‍ശം ആരും കൊതിച്ചു പോകുന്നു.


-എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച

Related Articles
Next Story
Share it