കുമ്പോല്‍ തങ്ങള്‍ പള്ളി: ആത്മീയ സൗരഭ്യം നിറഞ്ഞ പൂങ്കാവനം

കാസര്‍കോട്-മംഗലാപുരം ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ പച്ചപ്പിന്റെ വര്‍ണ്ണാഭമായ നിറച്ചാര്‍ത്തലുകള്‍ക്കിടയില്‍ നമ്മുടെ നയനങ്ങളെ മനോഹരമാക്കുന്ന ദൃശ്യമുണ്ട്. പുതുമോഡിയോടെ ഏറ്റവും സുന്ദരമായ മിനാരങ്ങള്‍ തങ്കത്തിളക്കത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന കുമ്പോല്‍ തങ്ങള്‍ പള്ളി.ആത്മീയ സൗരഭ്യം നിറഞ്ഞ പൂങ്കാവനം. ശാന്തിയുടെയും സമാധാനത്തിന്റെയും ആശ്വാസ തീരം. അനേകായിരങ്ങളുടെ സമാശ്വാസത്തിന് പാപ്പംകോയ നഗറിലെ മണല്‍ തരികളുടെ സാക്ഷ്യം. നന്മയുടെ സൗകുമാര്യത നിറഞ്ഞ വിശ്വ ഗേഹമായ തങ്ങള്‍ പള്ളിയും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഖാം ശരീഫും ആത്മീയ അനുഭൂതിയുടെ നിറവസന്തം […]

കാസര്‍കോട്-മംഗലാപുരം ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ പച്ചപ്പിന്റെ വര്‍ണ്ണാഭമായ നിറച്ചാര്‍ത്തലുകള്‍ക്കിടയില്‍ നമ്മുടെ നയനങ്ങളെ മനോഹരമാക്കുന്ന ദൃശ്യമുണ്ട്. പുതുമോഡിയോടെ ഏറ്റവും സുന്ദരമായ മിനാരങ്ങള്‍ തങ്കത്തിളക്കത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന കുമ്പോല്‍ തങ്ങള്‍ പള്ളി.
ആത്മീയ സൗരഭ്യം നിറഞ്ഞ പൂങ്കാവനം. ശാന്തിയുടെയും സമാധാനത്തിന്റെയും ആശ്വാസ തീരം. അനേകായിരങ്ങളുടെ സമാശ്വാസത്തിന് പാപ്പംകോയ നഗറിലെ മണല്‍ തരികളുടെ സാക്ഷ്യം. നന്മയുടെ സൗകുമാര്യത നിറഞ്ഞ വിശ്വ ഗേഹമായ തങ്ങള്‍ പള്ളിയും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഖാം ശരീഫും ആത്മീയ അനുഭൂതിയുടെ നിറവസന്തം തീര്‍ക്കുകയാണ്. അറേബ്യന്‍ മുഗള്‍ ശില്‍പ കലാ മാതൃകയില്‍ തീര്‍ത്ത പള്ളി പുനര്‍ നിര്‍മ്മാണവും നൂതനമായ ലാറ്ററൈറ്റ് സ്റ്റോണില്‍ പണി കഴിപ്പിച്ച സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ദര്‍ഗാ ശരീഫും മദീന മുനവ്വറയിലെ മസ്ജിദുന്നബവിയുടെ കവാടത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കപ്പെട്ട ഗേറ്റും സന്ദര്‍ശകരുടെ മനം കവരുകയാണ്. നബി (സ്വ) തങ്ങളുടെ ഖുബ്ബയുടെ മാതൃകയിലുള്ള ഖുബ്ബ ആരെയും ഹഠാദാകര്‍ഷിക്കുന്ന രീതിയിലുള്ള രൂപകല്‍പ്പന വേറിട്ടതാണ്. ഏറ്റവും മനോഹരമായ നവീകരണം എന്നത് വെറും വാക്കല്ല, ആളുകള്‍ നേരിട്ടറിഞ്ഞ ബോധ്യമാണ്. ആത്മീയമായ നേതൃത്വവും സമൂഹത്തെ നന്മയുടെ പാതയിലേക്ക് വഴി നടത്തുകയും ചെയ്യുന്ന മഹാനായ സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങളുടെ വിശാലമായ കാഴ്ചപ്പാടും ദീര്‍ഘദൃഷ്ടിയുമാണ് പാപംകോയ നഗറിലെ മനോഹാരിതയെ വ്യതിരക്തമാക്കുന്നത്. തങ്ങള്‍ പള്ളി എന്നത് ജനങ്ങളുടെ ഹൃദയത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ്. ആ മഹനീയമായ നാമം ചേര്‍ത്ത് വെക്കപ്പെട്ടത് മഹിതമായ ഇസ്ലാമിക വിശ്വാസത്തേയും സംസ്‌കാരത്തേയുമാണ്. പാരസ്പര്യ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും നല്ല ചിന്തകള്‍ സന്നിവേശിപ്പിക്കുകയാണ്.
സ്‌നേഹം തന്ന് വിരുന്നൂട്ടുന്നവരാണ് കുമ്പോല്‍ തങ്ങന്മാര്‍.
പ്രശ്‌നങ്ങളുടെ നൂലാമാലകള്‍ പേറി വിഷമതകള്‍ നിറഞ്ഞ മനസ്സുമായി കുമ്പോലിന്റെ പടി കടന്നെത്തുന്നവര്‍ക്ക് സ്‌നേഹമുണ്ട്, ആശ്വാസമുണ്ട്, സമാധാനമുണ്ട്. അതിഥികളെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ ആദരിക്കാനും ബഹുമാനിക്കാനും കാണിക്കുന്ന മഹിതമായ പ്രവാചക അധ്യാപനങ്ങളെ ഉള്‍ക്കൊണ്ടുള്ള ഏറ്റവും നല്ല മാതൃകയാണ് കുമ്പോല്‍ സാദാത്തീങ്ങളുടേത്.
മത-ജാതി ഭേദമൊന്നുമില്ലാതെ വന്നെത്തുന്നവരെ സ്വീകരിക്കുകയും സാന്ത്വനവും ആശ്വാസവുമാകുന്ന തങ്ങള്‍ വീട് മനസുകളില്‍ പതിഞ്ഞ അനുഗ്രഹീത സൗധമാണ്. പതിറ്റാണ്ടുകളായി തുടരുന്ന ആ സാന്ത്വന സ്പര്‍ശം ഇന്നും ദിനേനെ എത്തുന്ന നൂറുക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയുടെ തിരുനാളമാണ്. സ്‌നേഹവും കരുതലും സംരക്ഷണവുമാണത്. ആത്മീയ സൗരഭ്യം സയ്യിദ് കെ.എസ് ഉമര്‍ കുഞ്ഞിക്കോയ തങ്ങളെ നേരില്‍ കാണാനും മഖാം സിയാറത്ത് ചെയ്തു നിറഞ്ഞ സംതൃപ്തിയോടെ മടങ്ങാനും ആഗ്രഹിച്ച് എത്തുന്നവര്‍. മനം നിറയെ നയനാനന്ദകരമായ കാഴ്ച്ചകളും അകം നിറയെ ആത്മീയ നിര്‍വൃതിയുമാണ് കുമ്പോല്‍ തങ്ങള്‍ പള്ളി ഉറൂസ് നഗരിയെ ധന്യമാക്കുന്നത്.
എന്റെ കുടുംബക്കാര്‍ സമുദായത്തിന് സുരക്ഷയും രക്ഷാ കവചവുമാണെന്ന മുഹമ്മദ് നബി (സ്വ) തങ്ങളുടെ പ്രഖ്യാപനം സയ്യിദന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും മാത്രമല്ല ആത്മീയ നേതൃത്വത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുക വഴി നബി തങ്ങളിലേക്ക് ചെന്നെത്തുന്ന സന്മാര്‍ഗ പാതയില്‍ ജീവിതത്തെ ചേര്‍ത്ത് നിര്‍ത്തുകയാണ് ചെയ്യുന്നത്.
അഹ്ലു ബൈത്തിനെ സ്‌നേഹിക്കാനും ആത്മീയമായ താവഴി പിന്തുടരാനും നമുക്ക് കഴിയട്ടെ.

-റഫീഖ് സൈനി അഡൂര്‍

Related Articles
Next Story
Share it