കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസ് കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് മാറ്റി ഉത്തരവിറങ്ങി; വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസ് ജൂണ്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം തുടങ്ങും. ജില്ലാ ഓഫീസ് കാസര്‍കോട്ട് നിന്ന് കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഗതാഗതവകുപ്പ് ഇന്നലെയാണ് ഇറക്കിയത്. ഗ്രൗണ്ട് ഫ്‌ളോര്‍ ഉള്‍പ്പെടെ മൂന്ന് നില കമേഴ്‌സ്യല്‍ കോംപ്ലക്‌സ് കം ഡിപ്പോ ഉള്ള കാസര്‍കോട് നിന്നാണ് ജില്ലാ ഓഫീസ് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സബ് ഡിപ്പോ ഓഫീസിലേക്ക് മാറ്റുന്നത്. ഇതോടെ കാസര്‍കോട് ഡിപ്പോയില്‍ കാഷ് കൗണ്ടറും സര്‍വ്വീസ് ഓപ്പറേറ്റിംഗ് സെന്ററും മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടും. കെ.എസ്.ആര്‍.ടി.സി ഹെഡ് ക്വാര്‍ട്ടേഴ്‌സ് […]

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസ് ജൂണ്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം തുടങ്ങും. ജില്ലാ ഓഫീസ് കാസര്‍കോട്ട് നിന്ന് കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഗതാഗതവകുപ്പ് ഇന്നലെയാണ് ഇറക്കിയത്. ഗ്രൗണ്ട് ഫ്‌ളോര്‍ ഉള്‍പ്പെടെ മൂന്ന് നില കമേഴ്‌സ്യല്‍ കോംപ്ലക്‌സ് കം ഡിപ്പോ ഉള്ള കാസര്‍കോട് നിന്നാണ് ജില്ലാ ഓഫീസ് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ സബ് ഡിപ്പോ ഓഫീസിലേക്ക് മാറ്റുന്നത്. ഇതോടെ കാസര്‍കോട് ഡിപ്പോയില്‍ കാഷ് കൗണ്ടറും സര്‍വ്വീസ് ഓപ്പറേറ്റിംഗ് സെന്ററും മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടും. കെ.എസ്.ആര്‍.ടി.സി ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിപ്പോയില്‍ നിന്നുള്ള എല്ലാ സേവനങ്ങളും അടുത്ത മാസം മുതല്‍ കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നുമായിരിക്കും ലഭ്യമാകുക. കാസര്‍കോട് ഡിപ്പോയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാഞ്ഞങ്ങാട് ഡിപ്പോയിലായിരിക്കും നടക്കുക. പൊതുജനങ്ങള്‍ക്കുള്ള വിവിധ പാസുകള്‍, മറ്റ് അത്യാവശ്യകാര്യങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാര്‍ഡ് അപേക്ഷ നല്‍കല്‍, കാര്‍ഡ് സ്വീകരിക്കല്‍, ജീവനക്കാരുടെ ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയവയ്ക്ക് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ താമസിക്കുന്നവര്‍ക്ക് പോലും കിലോ മീറ്ററുകള്‍ ദൂരെയുള്ള കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് പോകേണ്ടിവരും.
കാസര്‍കോട് ഭാഗത്തുനിന്ന് നേരിട്ട് ചെമ്മട്ടംവയല്‍ ഡിപ്പോയിലേക്ക് ബസ് സര്‍വ്വീസില്ലാത്തത് ദുരിതം ഇരട്ടിപ്പിക്കും.
കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതിനെതിരെ കാസര്‍കോട് ഡിപ്പോയില്‍ ഇന്ന് രാവിലെ ടി.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനകള്‍ സമരത്തിനിറങ്ങുമെന്നാണ് വിവരം.
ജില്ലാ ഓഫീസ് പ്രവര്‍ത്തനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതോടെ കാസര്‍കോട്ടെ കെ.എസ്.ആര്‍.ടി.സി കെട്ടിടം വ്യാപാരാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കും. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി കോംപ്ലക്സില്‍ താഴത്തെ നിലയിലും ഒന്നാംനിലയിലുമായി 66 കടമുറികളാണ് ഉള്ളത്. ഒന്നാം നിലയില്‍ 16,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 4 ഹാള്‍ ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടാം നിലയിലാണ് നിലവില്‍ ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ട്രെയിനിങ്ങ് റൂമും വിശ്രമമുറിയും അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഇതെല്ലാം വ്യാപാര ആവശ്യത്തിന് വിട്ടുകൊടുത്ത് വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് ജില്ലാ ഓഫീസ് മാറ്റത്തിന്റെ പിന്നിലെ പ്രധാന ലക്ഷ്യം. അതേസമയം നിലവില്‍ കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിലെ നിരവധി മുറികള്‍ വാടകയ്ക്ക് എടുക്കാന്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകുമോ എന്ന് കണ്ടറിയണം. ഇനി ഇവിടത്തെ കച്ചവടക്കാര്‍ക്ക് വാടകനല്‍കാന്‍ കാഞ്ഞങ്ങാട്ടെ ഡിപ്പോയിലേക്ക് പോകേണ്ടിവരും.

ഉദ്യോഗസ്ഥരുടെ തുഗ്ലക് പരിഷ്‌കാരം; എന്തുവിലകൊടുത്തും നേരിടും-എം.എല്‍.എ
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസിന്റെ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഓഫീസ് മാറ്റാനുള്ള തീരുമാനം അനുചിതവും അനവസരത്തിലുള്ളതുമാണ്. പ്രധാനപ്പെട്ട ഓഫീസുകള്‍ ജില്ലാ ആസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് പകരം നിലവിലുള്ള ഓഫീസുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് പറിച്ചുനടാന്‍ തീരുമാനിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. മുടന്തന്‍ ന്യായങ്ങളാണ് അധികൃതര്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിന് വാണിജ്യസാധ്യത കൂടുതലാണെന്നും കാഞ്ഞങ്ങാട്ടെ കെട്ടിടത്തില്‍ അതില്ലെന്നുമാണ് എം.ഡി പറയുന്നത്. അങ്ങനെയെങ്കില്‍ കെ.എസ്.ആര്‍.ടി.സി കെട്ടിടം നിര്‍മ്മിച്ചത് മുതല്‍ ഇന്നേവരെ വാടകക്ക് കൊടുക്കാന്‍ കഴിയാതെ നിരവധി മുറികള്‍ അടഞ്ഞുകിടക്കുന്നതും ലീസിനും വാടകയ്ക്കും എടുത്തവര്‍ മുറികള്‍ തിരിച്ചേല്‍പ്പിക്കാന്‍ ഒരുങ്ങിയിട്ടുള്ളതും എന്തുകൊണ്ടാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ചില ഉദ്യോഗസ്ഥന്‍മാരുടെ തുഗ്ലക് പരിഷ്‌കാരമാണിത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഏറ്റവും കൂടുതലുള്ള മേഖലയാണ് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകള്‍. പലര്‍ക്കും ഓഫീസ് ആവശ്യത്തിനടക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തേണ്ടതുണ്ട്. ഇവര്‍ക്കെല്ലാം ഈ തീരുമാനം വലിയ ദുരിതമാകുമെന്നും കെ.എസ്.ആര്‍.ടി.സിയുടെ ജില്ലാ ആസ്ഥാനം മാറ്റാനുള്ള തീരുമാനം എന്തുവിലകൊടുത്തും ജനങ്ങളെ അണിനിരത്തി ഇതിനെതിരെ പോരാടുമെന്നും എം.എല്‍.എ പറഞ്ഞു.

Related Articles
Next Story
Share it