തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. ദീര്ഘദൂരസര്വീസടക്കം കെ.എസ്.ആര്.ടി.സിയുടെ മുഴുവന്‍ സര്‍വീസുകളും സമരത്തിന്റെ ഭാഗമായി നിര്‍ത്തിവെച്ചു. എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ മുഴുവന്‍ സര്‍വ്വീസുകളും മുടങ്ങിയിരിക്കുകയാണ്. സിഐടിയു, ബിഎംഎസ് യൂണിയനുകള്‍ ഒരു ദിവസവും ഐഎന്‍ടിയുസി യൂണിയന് രണ്ട് ദിവസവുമാണ് പണി മുടക്കുന്നത്. സി.ഐ.ടി.യു -ബി.എം.എസ് യൂണിയനുകളുടെ സമരം ഒരു ദിവസം മാത്രമാണ്. ഐ.എന്‍.ടി.യു.സിയുടെ സമരം ശനിയാഴ്ച അര്‍ധരാത്രി വരെ നീളും. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും യൂണിയനുകള്‍ ഇതംഗീകരിച്ചില്ല. പണിമുടക്ക് ഒഴിവാക്കാനായി വ്യാഴാഴ്ച ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്ന ദിവസത്തെ ശമ്പളം കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ലഭിക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മുന്നറിയിപ്പ് നല്കി. യൂണിയനുകള്‍ തീരുമാനം മാറ്റാന്‍ തയ്യാറാകണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ തള്ളില്ല. 30 കോടിയുടെ അധിക ബാധ്യതായണ് ശമ്പള പരിഷ്കരണം മൂലം ഉണ്ടാകുന്നത്. തൊഴിലാളികള്‍ സ്വയം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.