കൃഷ്ണേട്ടന്; പുസ്തകത്തിലലിഞ്ഞ ജീവിതം
അഞ്ചാം ക്ലാസ്സു വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും കാനത്തൂര്‍ നീരവളപ്പിലെ കൃഷ്ണേട്ടന്റെ പുസ്തക കമ്പം ആരേയും അതിശയിപ്പിക്കും. പുസ്തക ശേഖരണവും വായനയും പുസ്തകത്തോടുള്ള അമിതമായ ആസക്തിയും വായനയോടുള്ള അഭിരുചിയും കെങ്കേമമാണ്. പുസ്തകത്തിന് പ്രത്യേക സ്റ്റോക് രജിസ്റ്റര്‍ തന്നെയുണ്ടാക്കി തന്റെ വീട്ടിലെ ഒരു മുറിയില്‍ അലമാരക്കകത്ത് സൂക്ഷിച്ചത് കാണുമ്പോള്‍ നമുക്കൊക്കെ അദ്ദേഹത്തോട് അമിതമായ ആരാധന വഴിഞ്ഞൊഴുകും. എത്ര കൃത്യവും വൃത്തിയുമായാണ് അദ്ദേഹം തന്റെ പുസ്തകങ്ങള്‍ ഒരുക്കി വെച്ചിരിക്കുന്നത്. 432 പുസ്തകങ്ങള്‍ അലമാരയില്‍ നിരന്നു നില്‍ക്കുന്നത് കാണുമ്പോള്‍ ഈ മനുഷ്യന് എന്തു […]
അഞ്ചാം ക്ലാസ്സു വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും കാനത്തൂര്‍ നീരവളപ്പിലെ കൃഷ്ണേട്ടന്റെ പുസ്തക കമ്പം ആരേയും അതിശയിപ്പിക്കും. പുസ്തക ശേഖരണവും വായനയും പുസ്തകത്തോടുള്ള അമിതമായ ആസക്തിയും വായനയോടുള്ള അഭിരുചിയും കെങ്കേമമാണ്. പുസ്തകത്തിന് പ്രത്യേക സ്റ്റോക് രജിസ്റ്റര്‍ തന്നെയുണ്ടാക്കി തന്റെ വീട്ടിലെ ഒരു മുറിയില്‍ അലമാരക്കകത്ത് സൂക്ഷിച്ചത് കാണുമ്പോള്‍ നമുക്കൊക്കെ അദ്ദേഹത്തോട് അമിതമായ ആരാധന വഴിഞ്ഞൊഴുകും. എത്ര കൃത്യവും വൃത്തിയുമായാണ് അദ്ദേഹം തന്റെ പുസ്തകങ്ങള്‍ ഒരുക്കി വെച്ചിരിക്കുന്നത്. 432 പുസ്തകങ്ങള്‍ അലമാരയില്‍ നിരന്നു നില്‍ക്കുന്നത് കാണുമ്പോള്‍ ഈ മനുഷ്യന് എന്തു […]
അഞ്ചാം ക്ലാസ്സു വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും കാനത്തൂര്‍ നീരവളപ്പിലെ കൃഷ്ണേട്ടന്റെ പുസ്തക കമ്പം ആരേയും അതിശയിപ്പിക്കും. പുസ്തക ശേഖരണവും വായനയും പുസ്തകത്തോടുള്ള അമിതമായ ആസക്തിയും വായനയോടുള്ള അഭിരുചിയും കെങ്കേമമാണ്. പുസ്തകത്തിന് പ്രത്യേക സ്റ്റോക് രജിസ്റ്റര്‍ തന്നെയുണ്ടാക്കി തന്റെ വീട്ടിലെ ഒരു മുറിയില്‍ അലമാരക്കകത്ത് സൂക്ഷിച്ചത് കാണുമ്പോള്‍ നമുക്കൊക്കെ അദ്ദേഹത്തോട് അമിതമായ ആരാധന വഴിഞ്ഞൊഴുകും. എത്ര കൃത്യവും വൃത്തിയുമായാണ് അദ്ദേഹം തന്റെ പുസ്തകങ്ങള്‍ ഒരുക്കി വെച്ചിരിക്കുന്നത്. 432 പുസ്തകങ്ങള്‍ അലമാരയില്‍ നിരന്നു നില്‍ക്കുന്നത് കാണുമ്പോള്‍ ഈ മനുഷ്യന് എന്തു കൊണ്ടിങ്ങനെ പുസ്തക ഭ്രാന്തനായി എന്നു നാം തിരക്കും. നന്നേ ചെറുപ്പത്തില്‍ തന്നെ അച്ഛന് നീരവളപ്പില്‍ മാലിങ്കുനായരുടെ രാമായണം, മഹാഭാരതം, കൃഷ്ണപ്പാട്ട് വായനയില്‍ നിന്നുമാണ് തന്റെ വായനാഭിരുചി പുഷ്കലമായതെന്ന് കൃഷ്ണേട്ടന് ഓര്‍ക്കുന്നു. നല്ല വായനാശീലം ഉള്ള ആളായിരുന്നു അച്ഛന്. അമ്മക്കും വായനയോട് നല്ല താത്പര്യം ഉണ്ടായിരുന്നു.
കാനത്തൂര്‍ കളിയാട്ട സമയത്ത് പുസ്തക കച്ചവടം നടത്തിയിരുന്ന ഒരു മുസ്ലീം കച്ചവടക്കാരനില്‍ നിന്നായിരുന്നു പുസ്തകം വാങ്ങാനുള്ള തന്റെ കമ്പം തുടങ്ങിയത്. ശീലാവതി, ദേവീ മാഹാത്മ്യം തുടങ്ങിയ പുസ്തകങ്ങളാണ് ആദ്യം തന്റെ ശേഖരത്തിലേക്ക് കുടിയേറിയതെന്ന് അദ്ദേഹം കൃത്യമായി ഓര്‍ക്കുന്നു. കളിയാട്ട ദിവസങ്ങളില്‍ ആ കച്ചവടക്കാരന് ചായ കൊണ്ടു കൊടുത്തതിനുള്ള പ്രത്യുപകാരമായാണ് മഹാഭാരതം എന്ന ബൃഹത്തായ പുസ്തകം വെറും എട്ട് രൂപക്ക് കൃഷ്ണേട്ടന് ലഭിക്കുന്നത്. തുടര്‍ന്ന് പുസ്തകങ്ങളോടുള്ള വല്ലാത്ത അഭിനിവേശം തീര്‍ക്കുന്നതിന് കാനത്തൂര്‍ സര്‍വ്വോദയ വായനശാലയില്‍ അംഗത്വമെടുത്തു കൊണ്ട് തന്റെ വായനയെ പോഷിപ്പിച്ചു. മാര്ത്താണ്ഡവിജയവും കൃഷ്ണാര്ജുനവിജയവുമായിരുന്നു ആദ്യമായി വായിച്ച പുസ്തകങ്ങള്‍. കൃഷ്ണപ്പാട്ട്,രാമായണം, മഹാഭാരതം എന്നിവയിലെ മിക്ക വരികളും അദ്ദേത്തിന് ഹൃദിസ്ഥമാണ്. രാമായണത്തില്‍ സുന്ദരകാണ്ഡമാണ് ഇഷ്ടപ്പെട്ട ഭാഗമെന്ന് അദ്ദേഹം പറഞ്ഞു.
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ നാലാം ക്ലാസ്സില്‍ പഠിച്ച കേരളത്തെ കുറിച്ചുള്ള കവിതകള്‍ അദ്ദേഹത്തിന് ഇപ്പോഴും മന:പാഠം. എം.ടി വാസുദേവന്‍ നായരുടെ വാനപ്രസ്ഥം, നാലുകെട്ട്, രണ്ടാമൂഴം, ചെറുകാടിന്റെ മുത്തശ്ശി, ജീവിതപ്പാത, മരുമകന്, പ്രമാണി, ഇ.എം എസിന്റെ പുസ്തകങ്ങള്‍, അഴീക്കോടന്‍ രാഘവന്, മൊയ്യാരത്ത് ശങ്കരന്, കെ മാധവന് എന്നിവരുടെ പുസ്തകങ്ങള്‍, ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, ബൈബിള്‍, രാമായണം, മഹാഭാരതം, കൃഷ്ണപ്പാട്ട്, ഒ. ചന്തുമേനോന്റെ ഇന്ദുലേഖ, അപ്പുക്കുട്ടന് വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത ഇ.എം.എസ്, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ശ്വാസം, സുഭാഷ് ചന്ദ്രന്റെ ഉലകള്‍, ടി പദ്മനാഭന്റെ കഥകള്‍, അംബികാസുതന്‍ മാങ്ങാടിന്റെ മരക്കാപ്പിലെ തെയ്യങ്ങള്‍, എണ്‍മകജെ, പൊട്ടംതെയ്യം, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ ഉറൂബിന്റെ കഥകളും നോവലുകളും ഒ.എന്‍.വിയുടെ കവിതകള്‍, പി.വി.കെ പനയാലിന്റെ കഥകളും നാടകങ്ങളും ഒക്കെ കൃഷ്ണേട്ടന് വായിച്ച പുസ്തകങ്ങളില്‍ പെടും. കൂടാതെ എസ്.കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ, ഡോ.ആര്.സി കരിപ്പത്തിന്റെ തെയ്യ പ്രപഞ്ചം, തെയ്യ ഗമനം, വിഷ്ണു നമ്പൂതിരിയുടെ ഫോക്ലോര് പുസ്തകങ്ങള്‍ എന്നിവയും.
കാനത്തൂര്‍ സര്‍വ്വോദയ വായനശാലയുടെ ആദ്യ കാലത്തെ എല്ലാ പുസ്തക ങ്ങളും അദ്ദേഹം വായിച്ചിട്ടുണ്ട്. പുരാണിക് എന്‍സൈക്ലോപീഡിയ, ഭാരതത്തിലെ ക്ഷേത്രങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെ പുസ്തക ശേഖരത്തിലെ അപൂര്‍വ പുസ്തകങ്ങളാണ്. മുന്‍ നിര നേതാക്കളായിരുന്ന ഇ.കെ നായനാര്‍, എം.വി രാഘവന്, സുകുമാര്‍ അഴീക്കോട് എന്നിവരുടെ പ്രസംഗം കേള്‍ക്കുന്നത് അദ്ദേഹത്തിന് വളരെയധികം ഇഷ്ടമാണ്.
അതില്‍ ഇ.കെ നായനാരോട് അദ്ദേഹത്തിന് ഏറെ പ്രിയം.
പുസ്തക ശേഖരത്തിന് പണം കണ്ടെത്തിയത് ക്യാംകോവില് ഇരുപത് വര്‍ഷവും കെ.സി.എം.പി സഹകരണ സംഘത്തില്‍ പത്ത് വര്‍ഷവും കെട്ട് പൊറുത്താണ്. കുട്ടികളെ പഠിപ്പിക്കാന്‍ നന്നേ കഷ്ടപ്പെട്ടാണ് അദ്ദേഹം ജീവിത സമസ്യകളെ നിര്‍ധാരണം ചെയ്തത്. പയത്തിലെ രാധയാണ് അദ്ദേഹത്തിന്റെ ഭാര്യ. മൂത്ത മകനായ സുധീഷ് പൊലീസ് വകുപ്പിലും സുമേഷും വിഷ്ണുവും കൊച്ചിയില്‍ ഐ.ടി മേഖലയിലും ജോലി ചെയ്യുന്നു.
ഇരിയണ്ണി കുറ്റിക്കോല്‍ റോഡരികില്‍ തന്റെ വീട്ടിന് സമീപം ഒരു കടയില്‍ അല്ലറ ചില്ലറ കച്ചവടവുമായി വായനയോടൊപ്പം ശിഷ്ട ജീവിതം തള്ളി നീക്കുകയാണ് കൃഷ്ണേട്ടന്. വായനയോടുള്ള അദമ്യമായ കൂറു കൊണ്ടാണ് താന്‍ പുസ്തക ശേഖരം ആരംഭിച്ചതെന്ന് കൃഷ്ണേട്ടന് പറയുന്നു.
പുസ്തകങ്ങളിലൂടെയുള്ള തന്റെ സഞ്ചാരം ജീവിതഗതിയെ മാറ്റുകയും കുട്ടികള്‍ക്ക് ശരിയായ ദിശാബോധം നല്‍കുന്നതിന് സാധ്യമാകുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൃതജ്ഞതാ പൂര്‍വ്വം സ്മരിക്കുന്നു.
-രാഘവന് ബെള്ളിപ്പാടി