കാസര്‍കോട്: ജില്ലയില്‍ കോവിഡ്-19 രോഗികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രില്‍ 16, 17 തീയതികളില്‍ കോവിഡ് -19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ടു ദിവസം 6000 പേര്‍ക്ക് കോവിഡ് -19 ടെസ്റ്റിംഗ് നടത്തുന്നതിനായി ജില്ലയില്‍ സൗകര്യമൊരുക്കി.
ജില്ലയില്‍ സ്ഥിരമായി കോവിഡ്-19 ടെസ്റ്റ് നടത്തുന്ന മുഴുവന്‍ സര്‍ക്കാര്‍ ആസ്പത്രികളിലും കോവിഡ്-19 പരിശോധന ഉണ്ടായിരിക്കും. ഏപ്രില്‍ 16ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലും ഏപ്രില്‍ 17ന് പടന്നക്കാട് ഇഎംഎസ് ക്ലബ്, മടക്കര ഹാര്‍ബര്‍ എന്നിവിടങ്ങളിലും പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കോവിഡ്-19 രോഗലക്ഷണങ്ങളുള്ളവര്‍, കോവിഡ്-19 രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള 45 വയസ്സിനു താഴെ പ്രായമുള്ള ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, കളക്ഷന്‍ ഏജന്റുമാര്‍ തുടങ്ങിയവര്‍, കോവിഡ്-19 വാക്സിനേഷനെടുക്കാത്ത 45 വയസ്സിന് മുകളിലുള്ളവര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍, ആസ്പത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍, കൂട്ടിരിപ്പിന് പോയവര്‍ എന്നിവര്‍ ഈ കേന്ദ്രങ്ങളിലെത്തി കോവിഡ്-19 പരിശോധനക്ക് വിധേയരാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.