തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് പുറമെ തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പി. കോടിക്കണക്കിന് രൂപ കേരളത്തില്‍ എത്തിച്ചു. കൊടകര കവര്‍ച്ചക്കേസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊടകര കവര്‍ച്ചക്ക് ശേഷം ധര്മരാജന് ഉടന്‍ തന്നെ വിളിച്ചത് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെയാണെന്നും കുറ്റപത്രത്തിലുണ്ട്. കര്‍ണാടകയില്‍ നിന്ന് 12 കോടി രൂപയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ എത്തിച്ചതെന്ന് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കൊടകര കവര്‍ച്ചക്ക് തൊട്ട് പിന്നാലെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് വിളിച്ച് ധര്മ്മരാജന് സുരേന്ദ്രനുമായി സംസാരിച്ചുവെന്നും കൂടാതെ വിവിധ ബി.ജെ.പി. നേതാക്കളെയും ധര്മരാജന് വിളിച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊടകര കവര്‍ച്ച നടന്ന ദിവസം 6.3 കോടി രൂപ തൃശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിച്ചു. കോഴിക്കോട് നിന്ന് പിക്കപ്പില്‍ മൂന്ന് ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചത്. ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപ വീതം എത്തിച്ചുവെന്നും മൂന്ന് തവണയായിട്ടാണ് പണം സംസ്ഥാനത്ത് എത്തിയതെന്നും ധര്മരാജന് നേരിട്ടാണ് പണം എത്തിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പണം വാങ്ങേണ്ടവരുടെ വിവരങ്ങള്‍ ധര്മരാജന് കൈമാറിയിരുന്നത് ബി.ജെ.പി സംസ്ഥാന ഓഫീസ് സെക്രട്ടറിയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.