കൊടകര കുഴല്‍പണ കേസ്: കോടികളുടെ കുഴല്‍പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജന്റെ മൊഴി, തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാറിനെ ചോദ്യം ചെയ്യും

തൃശ്ശൂര്‍: കോടികളുടെ കുഴല്‍പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജന്റെ മൊഴി. ഇതോടെ കൊടകര കുഴല്‍പണ കേസില്‍ സംസ്ഥാന ബിജെപി വെട്ടിലായി. രണ്ട് തവണയായി നടന്ന ചോദ്യം ചെയ്യലിലും ധര്‍മരാജന്‍ ഇതേ മൊഴി ആവര്‍ത്തിച്ചതായി പോലീസ് പറയുന്നു. കേസില്‍ നേരത്തെ തന്നെ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്കെതിരെ വരെ ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും തനിക്കും പാര്‍ട്ടിക്കും പങ്കിലെന്ന നിലപാടായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലോടെ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന അവകാശവാദവും പൊളിയുകയാണ്. ധര്‍മരാജന് ബി.ജെ.പിയില്‍ […]

തൃശ്ശൂര്‍: കോടികളുടെ കുഴല്‍പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജന്റെ മൊഴി. ഇതോടെ കൊടകര കുഴല്‍പണ കേസില്‍ സംസ്ഥാന ബിജെപി വെട്ടിലായി. രണ്ട് തവണയായി നടന്ന ചോദ്യം ചെയ്യലിലും ധര്‍മരാജന്‍ ഇതേ മൊഴി ആവര്‍ത്തിച്ചതായി പോലീസ് പറയുന്നു.

കേസില്‍ നേരത്തെ തന്നെ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്കെതിരെ വരെ ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും തനിക്കും പാര്‍ട്ടിക്കും പങ്കിലെന്ന നിലപാടായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലോടെ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന അവകാശവാദവും പൊളിയുകയാണ്.

ധര്‍മരാജന് ബി.ജെ.പിയില്‍ യാതൊരു പദവിയും ഇല്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് തെരഞ്ഞെടുപ്പിന്റെ ചുമതലകളും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ധര്‍മരാജനെ വീണ്ടും ചോദ്യം ചെയ്തത്. എന്നാല്‍ പഴയ മൊഴിയില്‍ തന്നെ ഉറച്ചുനിന്ന ധര്‍മരാജന്‍ പണം ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ആവര്‍ത്തിച്ചു.

കോഴിക്കോട് സ്വദേശിയായ ധര്‍മരാജനെ ചില ബി.ജെ.പി. നേതാക്കള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധര്‍മരാജനുമായി സംസാരിച്ചതെന്നാണ് മൊഴി നല്‍കിയത്. ധര്‍മ്മരാജനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ധര്‍മ്മരാജനെ അറിയാമെന്നും ഫോണ്‍ വിളിച്ചത് സംഘടന ആവശ്യങ്ങള്‍ക്കാണെന്നുമായിരുന്നു സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശിന്റെ മറുപടി. അതേസമയം ധര്‍മ്മരാജന് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ബി.ജെ.പിയുടെ ഉന്നത നേതാക്കളില്‍ ചിലരെ ചോദ്യം ചെയ്തിരുന്നു. തൃശ്ശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ ധര്‍മരാജനെ തനിക്കറിയില്ലെന്നും ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ലെന്നുമാണ് മൊഴി നല്‍കിയത്. നേതാക്കള്‍ പറഞ്ഞതനുസരിച്ചാണ് ഇവര്‍ക്ക് തൃശ്ശൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയതെന്നും സതീശ് പോലീസിനോട് പറഞ്ഞിരുന്നു.

കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കവര്‍ച്ചയുണ്ടായ ദിവസവും തുടര്‍ദിവസങ്ങളിലും ധര്‍മ്മരാജെന ഫോണില്‍ ബന്ധപ്പെട്ടവുടെ പട്ടിക പൊലീസ് തയ്യാറാക്കുന്നുണ്ട്. ഇതിലൂടെ നേതാക്കളുടെ മൊഴികളിലെ വൈരുധദ്ധ്യം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. തട്ടിയെടുത്ത പണം കണ്ടെത്താന്‍ പ്രതികളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി.

ഇതുവരെ 1.28 കോടി രൂപയാണ് പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. മൂന്നരക്കോടിയില്‍ രണ്ടരക്കോടി രൂപ ഇനി കണ്ടെത്താനുണ്ട്. പണം തട്ടിയെടുത്തതില്‍ ബി.ജെ.പി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഓബിസി മോര്‍ച്ച വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പു വിനെതിരെ വധഭീഷണി മുഴക്കിയതിന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരിക്കെതിരെ പൊലീസ് കേസെടുത്തു. ഋഷി പല്‍പ്പുവിന്റെ പരാതിയിലാണ് പൊലീസ് നടപടി. കവര്‍ച്ചാക്കേസില്‍ ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it