അബുദാബി: കന്യാന സ്വദേശിയും കുമ്പള ഇമാം ശാഫി അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഹാഫിസ് സാബിത്ത് സൈക്കിള്‍ സഞ്ചാരത്തിലൂടെ യു.എ.ഇയില്‍ എത്തി. പൈവളികെ കയര്‍കട്ടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ് ടൂ പൂര്‍ത്തീകരിച്ച സാബിത്ത് ഒക്ടോബര്‍ 20നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. രണ്ട് ഭൂഖണ്ഡങ്ങളും പത്ത് രാജ്യങ്ങളും 15000 കിലോമീറ്ററും താണ്ടി ജീവിതത്തിലെ ഏറ്റവും അഭിലാഷമായി മാറിയ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത മതപഠന ലക്ഷ്യമാക്കിയാണ് യാത്ര പുറപ്പെട്ടത്. അതോടൊപ്പം പരിശുദ്ധ മക്ക, മദീന സന്ദര്‍ശനവും ഉംറയും നിര്‍വഹിക്കാനുമുള്ള ലക്ഷ്യവും വെച്ചാണ് ഈ സാഹസിക സൈക്കിള്‍ യാത്ര പുറപ്പെട്ടതെന്ന് ഹാഫിസ് സാബിത് പറഞ്ഞു. ജൂണ്‍ മാസത്തോടെ യാത്ര അവസാനിച്ചു പഠനത്തിന് ചേരും. യാത്രക്കിടെ അബുദാബിയില്‍ എത്തിയ സോളോ റൈഡര്‍ ഹാഫിള് സാബിത്തിന് അബുദാബി പൈവളികെ പഞ്ചായത്ത് കെ.എം.സി.സി സ്വീകരണം നല്‍കി.
അബുദാബി സെഞ്ച്വറി ഹൗസില്‍ നടന്ന ചടങ്ങില്‍ പൈവളികെ പഞ്ചായത് കെ.എം.സി.സി പ്രസിഡണ്ട് ഹമീദ് മാസിമാര്‍ ഷാള്‍ അണിയിച്ചു. ശക്കീര്‍ കമ്പാര്‍ പ്രാര്‍ത്ഥന നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് മാസിമാര്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് അസീസ് പെര്‍മുദെ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഉമ്പു ഹാജി പെര്‍ള, മണ്ഡലം വൈസ് പ്രസിഡണ്ട് ഷെരീഫ് ഉറുമി, സെക്രട്ടറി അബ്ദുല്ലത്തീഫ് ഈറോഡി, യുസുഫ് സെഞ്ച്വറി, അഷ്റഫ് അലി ബസറ സംസാരിച്ചു. മുസ്തഫ പൊന്നംഗള, ഹനീഫ് അംബിക്കാന, ഇസ്മായില്‍ കുതിരട്ക്ക, സിദ്ദീഖ് കുതിരട്ക്ക, അസ്ഫാക് ബഗുഡല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ശാക്കിര്‍ ലാല്‍ബാഗ് സ്വാഗതവും ഖാദര്‍ ബഗുഡല്‍ നന്ദിയും പറഞ്ഞു.