കിരണ്‍ ബേദി; എന്റെ റോള്‍ മോഡല്‍

ജില്ലയിലെ ആദ്യത്തെ വനിതാ പൊലീസ് മേധാവി എന്ന നിലയില്‍ മാത്രമല്ല ഡി. ശില്‍പ്പ പ്രശസ്തയായത്, കുറ്റാന്വേഷണ രംഗത്തെ മികവിനൊപ്പം തന്നെ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുകൂടിയാണ്. കയ്യില്‍ ലാത്തിസ്റ്റിക്കും കറക്കി പൊതു നിരത്തുകളില്‍ ശില്‍പ്പയെ ആരും കണ്ടിട്ടില്ല. കെട്ടുപിണഞ്ഞു കിടക്കുന്ന പല കേസുകളുടെയും കുരുക്കഴിക്കുന്ന തിരക്കിലായിരുന്നു അവര്‍. കുറ്റകൃത്യങ്ങള്‍ ഉണ്ടായതിന് ശേഷം പ്രതികളെ പിടികൂടി ശിക്ഷിക്കുന്നതിലല്ല, കുറ്റകൃത്യങ്ങള്‍ ഉണ്ടാവാതെ നോക്കുന്നതിലാണ് മിടുക്കെന്ന് തിരിച്ചറിഞ്ഞ ഐ.പി.എസ്. ഉദ്യോഗസ്ഥ. അതുകൊണ്ട് തന്നെ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് ഊന്നല്‍ […]

ജില്ലയിലെ ആദ്യത്തെ വനിതാ പൊലീസ് മേധാവി എന്ന നിലയില്‍ മാത്രമല്ല ഡി. ശില്‍പ്പ പ്രശസ്തയായത്, കുറ്റാന്വേഷണ രംഗത്തെ മികവിനൊപ്പം തന്നെ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുകൂടിയാണ്. കയ്യില്‍ ലാത്തിസ്റ്റിക്കും കറക്കി പൊതു നിരത്തുകളില്‍ ശില്‍പ്പയെ ആരും കണ്ടിട്ടില്ല. കെട്ടുപിണഞ്ഞു കിടക്കുന്ന പല കേസുകളുടെയും കുരുക്കഴിക്കുന്ന തിരക്കിലായിരുന്നു അവര്‍. കുറ്റകൃത്യങ്ങള്‍ ഉണ്ടായതിന് ശേഷം പ്രതികളെ പിടികൂടി ശിക്ഷിക്കുന്നതിലല്ല, കുറ്റകൃത്യങ്ങള്‍ ഉണ്ടാവാതെ നോക്കുന്നതിലാണ് മിടുക്കെന്ന് തിരിച്ചറിഞ്ഞ ഐ.പി.എസ്. ഉദ്യോഗസ്ഥ. അതുകൊണ്ട് തന്നെ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികളുടെ മേല്‍നോട്ടം വഹിക്കുന്നതില്‍ അവര്‍ വലിയ ആനന്ദം കണ്ടെത്തിയിരുന്നു.
പ്രഗല്‍ഭരായ ഒരുപാട് പൊലീസ് ഉദ്യോഗസ്ഥര്‍ ചുമതലയിലിരുന്ന കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ പദവിയില്‍, ബംഗളൂരു സ്വദേശിനിയായ ശില്‍പ്പ എത്തുന്നത് 2020 ജൂണ്‍ ഒന്നിനാണ്. അതിനും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ ഇവിടെ എ.എസ്.പി.യുമായിരുന്നു. ശില്‍പ്പയ്ക്ക് മുമ്പ് 41 എസ്.പി. മാര്‍ കാസര്‍കോട്ട് സേവനം അനുഷ്ടിച്ചിട്ടുണ്ട്. പലരും കുറ്റവാളികളെ വിറപ്പിച്ച, അവരുടെ പേടി സ്വപ്‌നമായ പുലികളായിരുന്നു.

1984 ആഗസ്ത് 3 ന് എ.ഐ. നെറ്റോ ഡെസ്മണ്ടോയാണ് ആദ്യത്തെ എസ്.പി. ആയി എത്തിയത്. രണ്ടാമതെത്തിയ ദിനേശ്വര്‍ ശര്‍മ്മ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട ഉന്നത ഉദ്യോഗത്തിലെത്തി. 17.06.1986 മുതല്‍ 28.11.1988 വരെ ദിനേശ്വര്‍ ശര്‍മ്മ കാസര്‍കോട് എസ്.പിയായി ജോലി ചെയ്തിരുന്നു എന്നത് ജില്ലക്ക് പകരുന്ന അഭിമാനം ചെറുതല്ല. ഈയിടെയാണ് അദ്ദേഹം അന്തരിച്ചത്. എം.എന്‍. കൃഷ്ണമൂര്‍ത്തിയും ശേഖരന്‍ മിനിയോടനും ആര്‍.പി. ശര്‍മ്മയും വിന്‍സെന്റ് എം. പോളും എസ്. ശ്രീജിത്തും കെ. പത്മകുമാറും പി. വിജയനും ജോസ് ജോര്‍ജും പി. പ്രകാശും എസ്. സുരേന്ദ്രനും തോംസണ്‍ ജോസും ഡോ. എ. ശ്രീനിവാസനും അടക്കമുള്ള പ്രഗല്‍ഭരായ പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധ കാലഘട്ടങ്ങളില്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിച്ചിട്ടുണ്ട്. അതിര്‍ത്തി ജില്ല എന്ന നിലയിലും ഒരു കാലത്ത് കള്ളക്കടത്തും വര്‍ഗീയ സംഘര്‍ഷങ്ങളും നാടിന്റെ ഉറക്കം കെടുത്തിയിരുന്ന പ്രദേശം എന്ന നിലയിലും കാസര്‍കോട്ടേക്ക് പ്രഗല്‍ഭരായ പൊലീസ് ഉദ്യോഗസ്ഥരെ അയക്കാന്‍ എക്കാലത്തെയും ഭരണകൂടങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ 37 വര്‍ഷങ്ങള്‍ക്കിടയില്‍ കാസര്‍കോട്ട് ആദ്യമായി നിയമിതയാവുന്ന വനിതാ പൊലീസ് മേധാവി ഡി. ശില്‍പ്പയാണ്. എന്നാല്‍ ശില്‍പ്പ കാസര്‍കോട് എസ്.പിയുടെ കസേരയില്‍ ഇരുന്നത് ഏഴ് മാസം മാത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സ്ഥലമാറ്റത്തിന്റെ ഭാഗമായി ശില്‍പ്പയെ കോട്ടയത്തേക്ക് മാറ്റിയെങ്കിലും വീണ്ടും കാസര്‍കോട്ടേക്ക് വരണമെന്ന മോഹം പങ്കുവെച്ചാണ് അവര്‍ യാത്ര തിരിച്ചത്. കാസര്‍കോട്ട് എ.എസ്.പി.യായും ജില്ലാ പൊലീസ് മേധാവിയായും സേവനം അനുഷ്ടിച്ച കാലത്തെയും പൊലീസ് ഉദ്യോഗത്തിലേക്ക് കടന്നു വന്ന സാഹചര്യങ്ങളെയും കുറിച്ചുമൊക്കെ ശില്‍പ്പ ഉത്തരദേശത്തോട് വാചാലയായി.
അഭിമുഖത്തില്‍ നിന്ന്:

കേട്ടതൊന്നുമല്ല കാസര്‍കോട്
'2018 ഡിസംബര്‍ 31നാണ് ഞാന്‍ ആദ്യമായി കാസര്‍കോട്ട് എ.എസ്.പി.യായി ചുമതലയേല്‍ക്കുന്നത്. ഇവിടേക്ക് വരുന്നതിന് മുമ്പ് കാസര്‍കോടിനെ കുറിച്ച് പലതുമാണ് കേട്ടത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിയാത്ത ജില്ലയാണെന്നും എപ്പോഴും പ്രശ്‌നങ്ങളാണ് എന്നുമൊക്കെ. എന്നാല്‍ കേട്ടതേറെയും ശരിയല്ലെന്ന് തിരിച്ചറിയാന്‍ അധികം നാളുകള്‍ വേണ്ടിവന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ പലരും തെറ്റിദ്ധാരണ പരത്തുന്നതെന്ന് അറിയില്ല. കാസര്‍കോട്ട് പലരും പറയുന്നത് പോലെ കുറ്റകൃത്യങ്ങളുടെ നാടല്ല. ചില പ്രശ്‌നക്കാരുണ്ടെങ്കിലും ബഹുഭൂരിഭാഗം പേരും മാന്യമായി ജീവിക്കുന്നവരും നിയമത്തെ അംഗീകരിക്കുന്നവരുമാണ്. എ.എസ്.പി.യായി എത്തുമ്പോള്‍ ഉണ്ടായതിനേക്കാള്‍ കാസര്‍കോട് കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട് ഇപ്പോള്‍.

വെറൈറ്റി ക്രൈമുകളുടെ നാട്
കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത ഒരു നാടും സമൂഹവും ഉണ്ടാവില്ല. അത് ഇവിടെയും കാണാം. വെറൈറ്റി ക്രൈമുകളുടെ നാടാണ് കാസര്‍കോടെങ്കിലും പരിഹരിക്കപ്പെടാത്ത തരത്തില്‍ ഭീകരമായ തോതില്‍ ഇല്ല. പിടിച്ചു കെട്ടാന്‍ പറ്റാത്ത ക്രൈമുകള്‍ ഇവിടെ ഇല്ല എന്ന് തന്നെ പറയാം. തെറ്റിന്റെ ഒരു വഴി നഷ്ടപ്പെടുമ്പോള്‍ മറ്റൊന്നിലേക്ക് വഴുതി വീഴുന്നു എന്നതാണ് പല കുറ്റവാളികളെയും കുറിച്ച് പഠിച്ചപ്പോള്‍ എനിക്ക് മനസിലായത്. എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ വേണ്ടിയുള്ള അമിതമായ ആഗ്രഹമാണ് പലരെയും തെറ്റിലേക്ക് കൊണ്ടെത്തിക്കുന്നത്. അതിന് അവര്‍ ഏത് വഴിയും സ്വീകരിക്കുന്നു. ഇവരെ പ്രലോഭിപ്പിക്കാനും വഴി തെറ്റിക്കാനും മാഫിയകള്‍ തന്നെ ഉണ്ട്. കോവിഡ് കാലത്ത് പൊലീസ് പരിശോധന ശക്തമായപ്പോള്‍ പൂഴിക്കടത്ത് നടത്തിയിരുന്ന പല സംഘങ്ങളും വെട്ടിലായി. പിന്നീട് അവര്‍ കണ്ടെത്തിയത് മയക്ക്മരുന്ന് വില്‍പ്പന പോലുള്ളവയാണ്. ഇതുവഴി ജില്ലയില്‍ മയക്ക് മരുന്ന് വില്‍പ്പനക്കാര്‍ ഏറി വന്നു.
അവരെ പിടികൂടാനും കഴിഞ്ഞിട്ടുണ്ട്. ഞാന്‍ എസ്.പി.യായിരുന്ന കാലത്ത് ഒരു വര്‍ഗീയ കൊലപാതകവും ഉണ്ടായിട്ടില്ല. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് കാഞ്ഞങ്ങാട്ട് ഒരു യുവാവ് കൊല്ലപ്പെട്ട രാഷ്ട്രീയ സംഘര്‍ഷം മാത്രമാണ് ആകെയുണ്ടായ ഒരു പ്രധാന കൊലപാതകം. രാഷ്ട്രീയ പരമായും മറ്റും ഇവിടെ സംഘര്‍ഷങ്ങള്‍ ഏറെ ഉണ്ടാവാറുണ്ടെങ്കിലും അത് വലിയ തോതില്‍ പടര്‍ന്നു പിടിക്കാതെ തടയാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്.

മയക്ക് മരുന്ന് കടത്തുകാരെത്തേടിയുള്ള യാത്ര
കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുന്ന ഒരു പ്രധാന കാര്യം ലഹരിയാണ്. മയക്ക് മരുന്ന് ഉപയോഗം ശീലമാക്കിയ പലരുമുണ്ട്. ഇതില്‍ വിദ്യാര്‍ത്ഥികളെയും കാണാം. ഇവിടത്തെ മയക്ക് മരുന്ന് സംഘങ്ങളെ കുറിച്ച് ഞാന്‍ വിശദമായി തന്നെ പഠിച്ചു. ഉപ്പള ഭാഗങ്ങളിലാണ് ഇത്തരം കേസുകള്‍ ഏറെയും. ഏതാണ്ട് 150 ഓളം മയക്ക് മരുന്ന് കേസുകളിലെ പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തി. പലരും കീഴടങ്ങി. കുറേ പേരെ അറസ്റ്റ് ചെയ്തു. അവരെ ശരിയായ രീതിയിലേക്ക് നയിക്കുന്നതിനുള്ള ഉപദേശം നല്‍കാനും കഴിഞ്ഞു. ലഹരി ഉപയോഗം കുറഞ്ഞാല്‍ കുറ്റകൃത്യങ്ങളും കുറയും.

വര്‍ഗീയ കൊലക്കേസുകള്‍ എന്ത്‌കൊണ്ട് വിട്ടയക്കപ്പെടുന്നു?
കാസര്‍കോട്ടെ കേസ് ഹിസ്റ്ററി പഠിക്കാനാണ് ഞാന്‍ ആദ്യം ശ്രമിച്ചത്. വര്‍ഗീയ കൊലക്കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍ കുറവാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ഇതിന്റെ കാരണമെന്തെന്ന അന്വേഷണമായി പിന്നീട്. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. പല കാരണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്താനും കഴിഞ്ഞു. ആ പഴുതുകള്‍ അടക്കാനുള്ള വഴികള്‍ ആലോചിച്ചു. ഓരോ സ്റ്റേഷനിലെയും പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുമായി നിരന്തരം ചര്‍ച്ച നടത്തി ഒരു കേസില്‍ പോലും പ്രതികള്‍ രക്ഷപ്പെടാതിരിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നതിന് ശ്രമങ്ങള്‍ തുടങ്ങി. വെറുതെ വിട്ട 14 കേസുകളെ കുറിച്ച് പഠിച്ചപ്പോള്‍ പകുതിയും വര്‍ഗീയ കൊലപാതക കേസുകളായിരുന്നു.

തെളിയിക്കപ്പെടാതെ പോകുന്ന പോക്‌സോ കേസുകള്‍
ചില പോക്‌സോ കേസുകളിലും പ്രതികളെ വിട്ടയക്കപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായിട്ടുണ്ട്. ഇത്തരം കേസുകളില്‍ പ്രതികളെ ശിക്ഷിക്കുന്നതിനുള്ള വഴികള്‍ ആലോചിച്ചു. പോക്‌സോ കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടുന്നത് സ്ത്രീകളിലും കുട്ടികളിലും വലിയ ഭയപ്പാട് ഉണ്ടാക്കും. അവര്‍ക്ക് നിയമത്തോട് വിലയില്ലാതെ വരും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഉണ്ടാവാതെയിരിക്കാനും സ്ത്രീകള്‍ക്ക് ഭയം കൂടാതെ സുരക്ഷിതമായി പുറത്തിറങ്ങാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കാസര്‍കോട്ട് കുറവാണ്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ
കേസ് അന്വേഷണങ്ങള്‍ക്കൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാണ് ഞാന്‍ താല്‍പ്പര്യം കാണിച്ചത്. പ്രത്യാശയും ഹോപ്പുമൊക്കെ ഇത്തരം പദ്ധതികളാണ്. ജനമൈത്രി പൊലീസിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഈ ശ്രമം വിജയകരമാക്കി.
പത്താം തരത്തില്‍ തോറ്റ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ബോധവല്‍ക്കരണ പദ്ധതികളാണ് ഹോപ്പ്. പ്രത്യാശ ഞാന്‍ നേരിട്ട് നടപ്പിലാക്കിയ പദ്ധതിയാണ്. അത് നന്നായി തുടര്‍ന്നു വരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് അടക്കം സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ പോയി കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലും സജീവമായിരുന്നു.

പ്രഥമം കൂടെ നില്‍ക്കുന്നവരുടെ ക്ഷേമം
ഒരാള്‍ വിചാരിച്ചാല്‍ മാത്രം കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും തുടച്ചുമാറ്റാന്‍ ആവില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനമാണ് കുറ്റകൃത്യങ്ങളെ തടയുന്നതില്‍ വിജയിക്കുക. ഐ.പി.എസ്. ഉദ്യോഗസ്ഥ എന്ന നിലയില്‍ ഞാന്‍ മാത്രം വെളിയില്‍ ഇറങ്ങിയാല്‍ കുറ്റവാളികളെ മുഴുവനും പിടിച്ചുകെട്ടാന്‍ ആവില്ല. എല്ലാവര്‍ക്കും ക്ഷേമകരമായ ജീവിതം വേണം. ജോലി ഭാരം കൂടുതല്‍ പാടില്ല. അവര്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കണം. ആവശ്യമായ സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം. പൊലീസുകാരുടെ ക്ഷേമത്തിന് വേണ്ടിയും പൊലീസ് സ്റ്റേഷനുകളുടെ സൗകര്യത്തിനും വേണ്ടിയാണ് ഞാന്‍ പകുതി സമയവും ചെലവഴിച്ചത്. നിരവധി പൊലീസ് സ്റ്റേഷനുകളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. പരാതിക്കാര്‍ക്ക് ഭയപ്പാടില്ലാതെ പൊലീസ് സ്റ്റേഷനുകളെ സമീപിക്കാനുള്ള സാഹചര്യം ഒരുക്കി. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നതിന് നിരന്തരം ക്ലാസുകള്‍ നല്‍കി. ജില്ലയിലെ പത്തോളം പൊലീസ് സ്റ്റേഷനുകളില്‍ നവീകരണ പ്രവര്‍ത്തനം തുടങ്ങി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ നവീകരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. പൊലീസുകാര്‍ക്ക് മുടങ്ങാതെ ശമ്പളം ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു.

കിരണ്‍ ബേദി റോള്‍ മോഡല്‍, ഉഠാന്‍ ഒരു നിമിത്തം
കുട്ടിക്കാലത്ത് തന്നെ തോന്നിയ ഒരു മോഹമായിരുന്നു പൊലീസ് ഉദ്യോഗസ്ഥ ആവണമെന്ന്. സിനിമയിലും മറ്റും വനിതാ പൊലീസ് ഉദ്യോഗരെകാണുമ്പോള്‍ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ടായിരുന്നു. എനിക്ക് എട്ട് വയസുള്ളപ്പോഴാണ് ഏറെ ശ്രദ്ധിക്കപ്പെട്ട 'ഉഠാന്‍' എന്ന ഹിന്ദി സീരിയല്‍ വലിയ താല്‍പ്പര്യത്തോടെ കാണുന്നത്. പൊലീസ് ട്രൈനിംഗ് ക്യാമ്പിലെ ജീവിതമായിരുന്നു നായികയുടെ കഥാപാത്രം. അന്ന് തോന്നിയതാണ് ഐ.പി.എസ്. ഉദ്യോഗം സമ്പാദിക്കണമെന്ന്. കിരണ്‍ ബേദിയാണ് റോള്‍മോഡല്‍. അവരുടെ ജീവിതം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അച്ഛന്‍ ദേവയ്യ കര്‍ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥയായിരുന്നു. പൊലീസ് ആവാനുള്ള മോഹം കുട്ടിക്കാലത്ത് തന്നെ അച്ഛനോട് പറയുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹനം എന്റെ ആഗ്രഹത്തിന് കരുത്തേകി. ഞാന്‍ ഐ.പി.എസ്. ആണ് തിരഞ്ഞെടുത്തതെങ്കില്‍ അനുജത്തി വര്‍ഷ തിരഞ്ഞെടുത്തത് ഐ.എ.എസ്. ആണ്. ഐ.എ.എസ്. പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് അവള്‍. പൊലീസ് ഉദ്യോഗത്തില്‍ ഞാന്‍ ഏറെ സംതൃപ്തയാണ്.

കുടുംബം
ഭര്‍ത്താവ് ആനന്ദ് എല്‍ ആന്റ് ടി യില്‍ ഉദ്യോഗസ്ഥനാണ്. ഏക മകള്‍ ഐറ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ഉപദേശം
കാസര്‍കോട് ജില്ലക്കാര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് കുറവാണ്. മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതലും ഇവിടെ വന്ന് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നതിന് ശ്രമം നടത്തണം. സ്വകാര്യ മേഖലയെക്കാള്‍ കൂടുതല്‍ സുരക്ഷിതം സര്‍ക്കാര്‍ മേഖലയാണ്.

ജില്ലയിലെ പൊലീസ് മേധാവികള്‍ ഇതുവരെ....
1. എ.ഐ.നെറ്റോ ഡെസ്്മണ്ട് -03.08.1984-16.06.1986
2. ദിനേശ്വര്‍ ശര്‍മ്മ -17.06.1986-28.11.1988
3. പി.വി.പി നമ്പ്യാര്‍ -29.11.1988-14.07.1991
4. എം.എന്‍ കൃഷ്ണമൂര്‍ത്തി -14.07.1991-10.03.1992
5. പി.ജി വര്‍ഗ്ഗീസ് -16.03.1992- 27.07.1992
6. ശേഖരന്‍ മിനിയോടന്‍ -27.07.1992- 12.06.1993
7. ആര്‍.പി ശര്‍മ്മ -12.06.1993-13.04.1994
8. വൈ അനില്‍ കുമാര്‍ -13.04.1994-04.07.1994
9. വിന്‍സണ്‍ എം. പോള്‍ -04.07.1994-28.06.1995
10. വിശ്വനാഥ പിള്ള -30.06.1995-25.12.1995
11. കെ.ആര്‍ പുരുഷോത്തമപിള്ള-26.12.1995-19.06.1996
12. ശേഖരന്‍ മിനിയോടന്‍ -19.06.1996-03.07.1996
13. കെ. പത്മകുമാര്‍ -03.07.1996-24.03.1997
14. ഷെയ്ഖ് ദര്‍വേഷ് സാഹിദ് -24.03.1997-24.03.1998
15. ബി. ശാന്താറാം -25.03.1998-19.05.1999
16. എസ് ഗോപിനാഥ് -19.05.1999-14.04.2000
17. എസ്. ശ്രീജിത്ത് -14.04.2000-20.06.2001
18. എം.ആര്‍ അജിത് കുമാര്‍ -20.06.2001-05.12.2001
19. എന്‍.സുഭാഷ് ബാബു -05.12.2001-12.07.2002
20. ജോസ് ജോര്‍ജ് -12.07.2002-15.12.2003
21. പി.വിജയന്‍ -15.12.2003-23.06.2004
22. എം.വി സോമസുന്ദരന്‍ -23.06.2004-10.05.2005
23. ടി. ശ്രീശുഗന്‍ -13.05.2005-04.08.2006
24. കെ. നടരാജന്‍ -04.08.2006-16.11.2006
25. ടി.എം അബൂബക്കര്‍ -19.11.2006-12.12.2006
26. കെ. നടരാജന്‍ -13.12.2006-09.01.2008
27. രാമദാസന്‍ പോത്തന്‍ -09.01.2008-09.12.2009
28. പി. പ്രകാശ് -09.12.2009-25.02.2011
29. കെ. സഞ്്ജയ്കുമാര്‍ -25.02.2011-24.06.2011
30. ടി. ശ്രീശുഗന്‍ -24.06.2011-31.01.2012
31. എസ്. സുരേന്ദ്രന്‍ -09.02.2012-02.07.2013
32. തോംസണ്‍ ജോസ് -08.07.2013-24.02.2015
33. ഡോ. ശ്രീനിവാസ് എ -24.02.2015-14.06.2016
34. തോംസണ്‍ജോസ് -14.06.2016-09.01.2017
35. കെ.ജി സൈമണ്‍ -09.1.2017-16.05.2018
36. ഡോ. ശ്രീനിവാസ് എ -16.05.2018-10.11.2018
37. ടോമി കെ.എം -10.11.2018-04.12.2018
38. ശിവ വിക്രം -04.12.2018-08.12.2018
39. ഡോ. ശ്രീനിവാസ് എ -08.12.2018-20.02.2019
40. ജെയിംസ് ജോസഫ് -20.2.2019-07.02.2020
41. പി.എസ് സാബു -11.02.2020-01.06.2020
42. ശില്‍പ ദേവയ്യ -01.06.2020-03.02.2021
43. ഹരിശങ്കര്‍

Related Articles
Next Story
Share it