മണിപ്പാല്‍ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ഥികളെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു; മൂന്ന് പ്രതികള്‍ അറസ്റ്റില്‍

ഉഡുപ്പി: മണിപ്പാല്‍ നഴ്സിംഗ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളെ പണം കൈക്കലാക്കുന്നതിന് കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തു. മുഹമ്മദ് റസിന്‍, സക്കറിയ, ഖാലിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ റഹ്‌മാന്‍ ഒളിവിലാണ്. മണിപ്പാലിലെ നഴ്‌സിംഗ് കോളേജിലെ ബിജു, സിനാന്‍ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ബിജു ഒഴിവുസമയങ്ങളില്‍ കാറ്ററിംഗ് ജോലികള്‍ ചെയ്തുവരികയാണ്. ആഗസ്ത് 30ന് വൈകുന്നേരം മണിപ്പാലിലെ ഹോട്ടലില്‍ കാറ്ററിംഗ് ജോലിക്ക് പോയ ബിജു രാത്രി 12.30 […]

ഉഡുപ്പി: മണിപ്പാല്‍ നഴ്സിംഗ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളെ പണം കൈക്കലാക്കുന്നതിന് കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തു. മുഹമ്മദ് റസിന്‍, സക്കറിയ, ഖാലിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ റഹ്‌മാന്‍ ഒളിവിലാണ്. മണിപ്പാലിലെ നഴ്‌സിംഗ് കോളേജിലെ ബിജു, സിനാന്‍ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ബിജു ഒഴിവുസമയങ്ങളില്‍ കാറ്ററിംഗ് ജോലികള്‍ ചെയ്തുവരികയാണ്. ആഗസ്ത് 30ന് വൈകുന്നേരം മണിപ്പാലിലെ ഹോട്ടലില്‍ കാറ്ററിംഗ് ജോലിക്ക് പോയ ബിജു രാത്രി 12.30 മണിയോടെ സുഹൃത്ത് സിനാനൊപ്പം ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു. ഹോസ്റ്റലില്‍ വേഗം എത്തുന്നതിനായി ഇരുവരും കല്‍സങ്ക ജംഗ്ഷനില്‍ ഒരു കാറിന് നേരെ കൈകാണിക്കുകയും കാര്‍ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ കാറില്‍ നിന്ന് ലഹരിസാധനങ്ങളുടെ രൂക്ഷഗന്ധം വമിച്ചതിനാല്‍ ബിജുവും സിനാനും കയറാന്‍ തയ്യാറായില്ല. കാറിലുണ്ടായിരുന്ന നാലുപേരില്‍ ഒരാള്‍ ഇറങ്ങുകയും ബിജുവിനെയും സിനാനെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റുകയും ചെയ്തു. തുടര്‍ന്ന് നാലംഗസംഘം മണിപ്പാലിലേക്ക് കാര്‍ ഓടിക്കുന്നതിനിടെ സിനാന്റെയും ബിജുവിന്റെയും മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് പ്രതികള്‍ കാര്‍ ദൊഡ്ഡന്നഗുഡ്ഡെയിലെത്തിച്ച് ഇരുവരുടെയും തലയിലും കാലിലും മുതുകിലും വടികൊണ്ട് അടിക്കുകയും രണ്ട് ലക്ഷം രൂപ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പണം കൊണ്ടുവന്നില്ലെങ്കില്‍ ജീവനെടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ ബിജു കാറില്‍ നിന്ന് കുതറിയോടി രക്ഷപ്പെട്ടു. സുഹൃത്ത് സിനാനെ സംഘം പടുബിദ്രി വഴി ഷിര്‍വയിലേക്ക് കൊണ്ടുപോയി. ഇതിനിടെ ബിജു ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നു. ഉടന്‍ തന്നെ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിര്‍ദേശം ലഭിച്ചു. ഷിര്‍വയിലെ മില്‍ക്ക് ഡയറിക്ക് സമീപം വെച്ചാണ് മൂന്ന് പ്രതികളെ ശിര്‍വ പൊലീസ് പിടികൂടിയത്. നാല് പ്രതികളും കാഞ്ചിനാട് വിട്ട് കൗപ്പിലെ ഒരു ബാറില്‍ നിന്ന് മദ്യം കഴിച്ച ശേഷം കാറില്‍ മണിപ്പാലിലേക്ക് പോവുകയായിരുന്നു. പിടിയിലായ പ്രതികള്‍ക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. നാഗേഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് മുഹമ്മദ് റസീന്‍. അക്രമം, സംഘര്‍ഷം സൃഷ്ടിക്കല്‍, പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് പ്രതികള്‍ക്കെതിരെ നിലവിലുള്ളത്.

Related Articles
Next Story
Share it