ഖാസി കേസ്: ജനകീയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജനുവരി 13ന്

കാസര്‍കോട്: സമസ്തയുടെ സീനിയര്‍ നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും നിയമിച്ച അഡ്വ. പി.എ പൗരന്റെ നേതൃത്വത്തിലുള്ള ജനകീയ അന്വേഷണ കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കിയതായും ഈ മാസം 13ന് കോഴിക്കോട് പ്രസ് ക്ലബില്‍ നടക്കുന്ന പ്രസ് മീറ്റില്‍ റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ഖാസി കുടുംബവും അറിയിച്ചു. 2019 മാര്‍ച്ച് 12ന് തുടക്കം കുറിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇതിനകം 18 […]

കാസര്‍കോട്: സമസ്തയുടെ സീനിയര്‍ നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും നിയമിച്ച അഡ്വ. പി.എ പൗരന്റെ നേതൃത്വത്തിലുള്ള ജനകീയ അന്വേഷണ കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കിയതായും ഈ മാസം 13ന് കോഴിക്കോട് പ്രസ് ക്ലബില്‍ നടക്കുന്ന പ്രസ് മീറ്റില്‍ റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ഖാസി കുടുംബവും അറിയിച്ചു.

2019 മാര്‍ച്ച് 12ന് തുടക്കം കുറിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇതിനകം 18 സിറ്റിങ്ങുകള്‍ നടത്തി. 56 പേരില്‍ നിന്ന് മൊഴിയെടുത്തു. കൂടാതെ ഫോറന്‍സിക് വിദഗ്ധരായ ഡോ. ഷേര്‍ലി വാസു (കോഴിക്കോട്), ഡോ. എം.ആര്‍ ചന്ദ്രന്‍ (തൃശൂര്‍) തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തി. സമസ്തയടക്കമുള്ള വിവിധ സംഘടനാ നേതാക്കള്‍, സ്ഥാപന ഭാരവാഹികള്‍, നാട്ടുകാര്‍, ബന്ധുക്കള്‍, മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ നേരില്‍ കണ്ടു വിഷയം ചര്‍ച്ച ചെയ്തു.

2010 ഫെബ്രുവരി 15ന് രാവിലെയാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടുക്കകല്ലിന് സമീപം കടലില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ച് പല അന്വേഷണ ഏജന്‍സികളും മാറി മാറി അന്വേഷിച്ച കേസില്‍ ഏറ്റവും ഒടുവില്‍ സി.ബി.ഐ പുറത്തുവിട്ട റിപ്പോര്‍ട്ട് എറണാകുളം സി.ജെ.എം കോടതിയുടെ പരിഗണനയിലാണ്. അപകട മരണമാകാമെന്ന നിഗമനം പരിഗണിച്ച് കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐ വാദത്തിനെതിരെ ഖാസിയുടെ മകന്‍ ഷാഫിയും നാട്ടുകാരന്‍ അബ്ദുല്‍ മജീദും നല്‍കിയ ഹരജികള്‍ കോടതി 22ന് വാദം കേള്‍ക്കും.

അഡ്വ. പി.എ പൗരന് പുറമെ അഡ്വ. രാജേന്ദ്രന്‍, അഡ്വ. എല്‍സി ജോര്‍ജ് എന്നിവരാണ് ജനകീയ അന്വേഷണ കമ്മീഷനിലെ അംഗങ്ങള്‍. കമ്മീഷന്‍ പുറത്ത് വിടുന്ന നിഗമനങ്ങള്‍ ഖാസി കേസില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥും ഖാസി കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ത്വാഖാ അഹ്‌മദ് അല്‍ അസ്ഹരിയും അറിയിച്ചു.

Related Articles
Next Story
Share it