കേരള പച്ചപ്പിനെ നെഞ്ചോട് ചേര്‍ത്ത ഷെയ്ഖ് ഖലീഫ

യു.എ.ഇ. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ വേര്‍പാടില്‍ യു.എ.ഇ മാത്രമല്ല, ഭാരതവും പ്രത്യേകിച്ച് കേരളക്കരയും തേങ്ങുന്നുണ്ട്. ഒരു നല്ല ഭരണാധികാരി ഒരു നല്ല രാജ്യത്തിന്റെ സൃഷ്ടികര്‍ത്താവ് കൂടിയാണ്. ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, ഷെയ്ഖ് മുഹമ്മദ് എന്നിവര്‍ നമ്മുടെ കണ്‍മുന്നിലൂടെ ഈ പറയപ്പെട്ട രീതിയിലുള്ള ഭരണാധികാരികളായി കടന്ന് വന്നവരാണ്. ആധുനിക യു.എ.ഇയുടെ ശില്‍പി കൂടിയായ ഷെയ്ഖ് ഖലീഫ യു.എ.ഇക്ക് പുറത്ത് ഈ രാജ്യത്തിന്റെ മേന്മയുടെ അടയാളം കൊത്തിവെച്ച വ്യക്തി കൂടിയാണ്. പ്രവാസികളുടെ വിയര്‍പ്പിന്റെ […]

യു.എ.ഇ. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ വേര്‍പാടില്‍ യു.എ.ഇ മാത്രമല്ല, ഭാരതവും പ്രത്യേകിച്ച് കേരളക്കരയും തേങ്ങുന്നുണ്ട്. ഒരു നല്ല ഭരണാധികാരി ഒരു നല്ല രാജ്യത്തിന്റെ സൃഷ്ടികര്‍ത്താവ് കൂടിയാണ്. ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, ഷെയ്ഖ് മുഹമ്മദ് എന്നിവര്‍ നമ്മുടെ കണ്‍മുന്നിലൂടെ ഈ പറയപ്പെട്ട രീതിയിലുള്ള ഭരണാധികാരികളായി കടന്ന് വന്നവരാണ്.
ആധുനിക യു.എ.ഇയുടെ ശില്‍പി കൂടിയായ ഷെയ്ഖ് ഖലീഫ യു.എ.ഇക്ക് പുറത്ത് ഈ രാജ്യത്തിന്റെ മേന്മയുടെ അടയാളം കൊത്തിവെച്ച വ്യക്തി കൂടിയാണ്.
പ്രവാസികളുടെ വിയര്‍പ്പിന്റെ ഗന്ധം തന്റെ ഊദ് അത്തറിന്റെ കൂടെ കൂട്ടിച്ചേര്‍ത്ത് ഈ നാടിനെ സ്വപ്‌ന തുല്യമായി മുന്നോട്ട് നയിച്ച നായകന്‍. മലയാളികളുടെ പങ്ക് അതില്‍ എത്ര മാത്രം വില പിടിപ്പുള്ളതാണെന്നറിഞ്ഞ ഷെയ്ഖ് എന്നും കേരള പച്ചപ്പിനെ തന്റെ മാറോടു ചേര്‍ത്ത് വെച്ചിട്ടുണ്ട്. കേരളത്തെ അദ്ദേഹം അളവറ്റ് സ്‌നേഹിച്ചു. പ്രവാസികള്‍ക്ക് വലിയ സ്വാതന്ത്ര്യമാണ് അദ്ദേഹം നല്‍കിയത്. യു.എ.ഇയില്‍ സമ്പാദിക്കുന്ന മുഴുവന്‍ സമ്പാദ്യവും അവിടെ തന്നെ ചെലവഴിക്കണമെന്ന് അദ്ദേഹം വാശിപിടിച്ചില്ല. സമ്പാദ്യം നാട്ടിലേക്ക് അയക്കാന്‍ അനുവാദം നല്‍കി. കേരളത്തിന്റെ സമ്പദ്ഘടന വളരുന്നതില്‍ ഇതുവഹിച്ച പങ്ക് ചെറുതല്ല. ആധുനിക യു.എ.ഇയെ കെട്ടിപ്പടുക്കുന്നതില്‍ ഷെയ്ഖ് സായിദിന് ശേഷം ഷെയ്ഖ് ഖലീഫ നടത്തിയ പ്രവര്‍ത്തനം യു.എ.ഇയുടെ ചരിത്രംകൂടിയാണ്്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി ഊഷ്മള ബന്ധം സ്ഥാപിച്ച അദ്ദേഹം എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസികളേയും ഒരുപോലെ കണ്ടു. അതുകൊണ്ട് തന്നെ ഷെയ്ഖ് ഖലീഫയുടെ വിയോഗം ലോകത്തിന്റെ തന്നെ തേങ്ങലാകുന്നു.
1948 സപ്തംബര്‍ ഏഴിന് അബുദാബി എമിറേറ്റിലെ അല്‍ഐനില്‍ ഷെയ്ഖ് സായിദിന്റെ മൂത്തമകനായാണ് ഷെയ്ഖ് ഖലീഫ ജനിച്ചത്. 2004ലാണ് യു.എ.ഇ പ്രസിഡണ്ടായത്. ഭരണ രംഗത്ത് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ഭരണ പാടവത്തിന്റെ പിന്തുടര്‍ച്ചയാണ് അദ്ദേഹത്തിലൂടെ രാജ്യം കണ്ടത്. സാമ്പത്തിക മാന്ദ്യം ലോക രാജ്യങ്ങളെ പിടിച്ചുലച്ചപ്പോള്‍ യു.എ.ഇ ശക്തമായി നിലകൊണ്ടത് ഷെയ്ഖ് ഖലീഫയുടെ ദീര്‍ഘവീക്ഷണത്തിന്റെയും ഭരണപാടവത്തിന്റെയും മികച്ച ഉദാഹരണമായി ലോകം ചൂണ്ടിക്കാട്ടുന്നു.
ലോകം സംഗമിക്കുന്ന വേദി കൂടിയാണ് യു.എ.ഇ. ലോകത്തിന്റെ ഒരു പരിച്ഛേദം എന്ന് തന്നെ വിളിക്കാം. അനേകം രാജ്യങ്ങളില്‍ നിന്ന് ഈ പച്ചപ്പ് തേടി എത്തിയ ലക്ഷോപക്ഷം ജനങ്ങള്‍ക്ക് യു.എ.ഇ നല്‍കുന്ന ആശ്വാസവും സുരക്ഷിതത്വവും ചെറുതല്ല. ലോകത്തിന്റെ ഏതൊക്കെ കോണുകളില്‍ നിന്നുള്ള എത്രയത്ര പേരെയാണ് ഈ നാട് സമ്പന്നരാക്കിയത്. ഇതൊക്കെ ഇവിടത്തെ ഭരണാധികാരികളുടെ കരുണയാണ്. കൂട്ടത്തല്‍ ഷെയ്ഖ് ഖലീഫയെ ലോകം പ്രത്യേകം എടുത്തുകാട്ടുന്നു. എത്രയെത്ര മലയാളികളാണ് ഈ മണ്ണില്‍ നിന്ന് സമ്പത്തിന്റെ പച്ചപ്പ് മുളപ്പിച്ചെടുത്തത്. എല്ലാവര്‍ക്കും അവസരങ്ങളുടെ വാതില്‍ മലര്‍ക്കെ തുറന്നുകൊടുത്ത ഷെയ്ഖ് ഖലീഫ ഓര്‍മ്മയാകുമ്പോള്‍ ഈ മണ്ണില്‍ കാലുകുത്തിയിട്ടുള്ള ഓരോ പൗരനും ആ വേര്‍പാടിന്റെ വേദനയില്‍ വിതുമ്പുകയാണ്.

യഹ്‌യ തളങ്കര

Related Articles
Next Story
Share it