യു.എ.ഇ. ദേശീയദിനത്തില്‍ കൗതുകം തുടിക്കുന്ന ചിത്രം കോറിയിട്ട് ഖിലാബ്; വരയില്‍ വല്ലഭന്‍

ഷാര്‍ജ: ജീവിതോപാധി നല്‍കുന്ന രാജ്യത്തോട് ആദരം പ്രകടിപ്പിക്കാന്‍ പലരും വ്യത്യസ്തമാര്‍ന്ന രീതികള്‍ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന യു.എ.ഇ ദിനാഘോഷത്തില്‍ മലയാളികളടക്കമുള്ള പലരും വ്യത്യസ്തമായ രീതിയില്‍ അന്നം നല്‍കുന്ന നാടിനോട് ആദരം പ്രകടിപ്പിച്ചു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് പാക് ആന്റ് പ്രിന്റിംഗ് കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായ മൊഗ്രാല്‍പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശി ഖിലാബ് സുബൈര്‍ ജോലി നല്‍കിയ രാജ്യത്തോട് ആദരവ് കാട്ടി വരച്ച ചിത്രം ഏറെ വ്യത്യസ്തമായിരിക്കുകയാണ്. ആരും ശ്രദ്ധിക്കാതെ കിടന്ന, പൊടിപിടിച്ച കാറിന്റെ ഗ്ലാസില്‍ […]

ഷാര്‍ജ: ജീവിതോപാധി നല്‍കുന്ന രാജ്യത്തോട് ആദരം പ്രകടിപ്പിക്കാന്‍ പലരും വ്യത്യസ്തമാര്‍ന്ന രീതികള്‍ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന യു.എ.ഇ ദിനാഘോഷത്തില്‍ മലയാളികളടക്കമുള്ള പലരും വ്യത്യസ്തമായ രീതിയില്‍ അന്നം നല്‍കുന്ന നാടിനോട് ആദരം പ്രകടിപ്പിച്ചു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് പാക് ആന്റ് പ്രിന്റിംഗ് കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായ മൊഗ്രാല്‍പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശി ഖിലാബ് സുബൈര്‍ ജോലി നല്‍കിയ രാജ്യത്തോട് ആദരവ് കാട്ടി വരച്ച ചിത്രം ഏറെ വ്യത്യസ്തമായിരിക്കുകയാണ്.
ആരും ശ്രദ്ധിക്കാതെ കിടന്ന, പൊടിപിടിച്ച കാറിന്റെ ഗ്ലാസില്‍ യു.എ.ഇയുടെ നായകരുടെ സ്‌നേഹരൂപം മനോഹരമായി കോറിയിട്ടാണ് ഖിലാബ് ആദരവ് പ്രകടിപ്പിച്ചത്. രാഷ്ട്രപിറവിയും ഐക്യവും രാജ്യത്തിന്റെ വളര്‍ച്ചയുമൊക്കെ ഈ ചിത്രം വിളിച്ചുപറയുന്നു. മധ്യഭാഗത്തായി യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ചിത്രം നാണയ ആകൃതിയില്‍ വരച്ചിട്ടുണ്ട്. ഒരു വശത്ത് രാജ്യവളര്‍ച്ച വരച്ചുകാട്ടുന്ന കെട്ടിട സമുച്ചയങ്ങളും മറുഭാഗത്ത് ഏഴ് എമിറേറ്റുകളുടേയും ഭരണാധികാരികള്‍ നിരന്നുനില്‍ക്കുന്ന ചിത്രവുമുണ്ട്. യു.എ.ഇയുടെ പുരോഗതിയും അഖണ്ഡതയും ഒരുമയും വരച്ചുകാട്ടുന്ന ചിത്രം കാണാന്‍ സമീപത്തെ താമസക്കാരടക്കം പലരുമെത്തി. കിലാബ് ചിത്രം വരക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് മറ്റു പലരും സ്‌നേഹം പ്രകടിപ്പിച്ചു. ജബല്‍ അലിയിലെ താമസസ്ഥലത്തിന് സമീപമായി നിര്‍ത്തിയിട്ട കാറിന്റെ പൊടിപിടിച്ച ചില്ലാണ് ഖിലാബ് കാന്‍വാസാക്കിയത്. വല്ലഭന് പുല്ലും ആയുധം എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് കിലാബ്. കാര്‍ഡ്‌ബോര്‍ഡുകളിലടക്കം വിവിധ കലാരൂപങ്ങള്‍ നിര്‍മ്മിച്ചും ഖിലാബ് കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. മൊഗ്രാല്‍പുത്തൂരിന്റെ ചരിത്ര സൂക്ഷിപ്പുകാരിലും പ്രധാനിയാണ് ഖിലാബ്.

Related Articles
Next Story
Share it