ഖാദര്‍ കുന്നില്‍; സേവനം മുഖമുദ്രയാക്കിയ പൊതുപ്രവര്‍ത്തകന്‍

ഇന്നലെ അന്തരിച്ച ഖാദര്‍ കുന്നില്‍ ഞാനടക്കം ഒരുപാടു പേരെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു. മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം ആത്മാര്‍ത്ഥമായ സേവനം നടത്തിയ ഖാദര്‍ കുന്നിലിന്റെ വിയോഗം വലിയൊരു നഷ്ടം തന്നെയാണ്. ആ ജീവിതത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ തന്നെ കാണാന്‍ കഴിയും വിവിധ മേഖലകളില്‍ അദ്ദേഹം എത്രമാത്രം സജീവമായിരുന്നു എന്ന്. 1957ല്‍ കുന്നില്‍ അഹമ്മദിന്റെയും ആയിഷയുടേയും മകനായാണ് ഖാദര്‍ കുന്നില്‍ ജനിച്ചത്. പ്രാഥമിക പഠനം പരവനടുക്കം ചെമനാട് ഈസ്റ്റ് എല്‍.പി സ്‌കൂളിലും എട്ടാംതരം വരെ ഹൈസ്‌കൂളിലുമായിരുന്നു. യുവാവായിരിക്കുമ്പോള്‍ […]

ഇന്നലെ അന്തരിച്ച ഖാദര്‍ കുന്നില്‍ ഞാനടക്കം ഒരുപാടു പേരെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു. മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം ആത്മാര്‍ത്ഥമായ സേവനം നടത്തിയ ഖാദര്‍ കുന്നിലിന്റെ വിയോഗം വലിയൊരു നഷ്ടം തന്നെയാണ്. ആ ജീവിതത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ തന്നെ കാണാന്‍ കഴിയും വിവിധ മേഖലകളില്‍ അദ്ദേഹം എത്രമാത്രം സജീവമായിരുന്നു എന്ന്.
1957ല്‍ കുന്നില്‍ അഹമ്മദിന്റെയും ആയിഷയുടേയും മകനായാണ് ഖാദര്‍ കുന്നില്‍ ജനിച്ചത്. പ്രാഥമിക പഠനം പരവനടുക്കം ചെമനാട് ഈസ്റ്റ് എല്‍.പി സ്‌കൂളിലും എട്ടാംതരം വരെ ഹൈസ്‌കൂളിലുമായിരുന്നു. യുവാവായിരിക്കുമ്പോള്‍ കാസര്‍കോട് വെല്‍ക്കം ട്രേഡേഴ്‌സില്‍ പാര്‍ട്ണര്‍ഷിപ്പില്‍ കച്ചവടം നടത്തിയിരുന്നു. പായപ്പുര അന്‍സാരിയുടെ കൂടെ ചെമനാട്ടും കച്ചവടം നടത്തിയിട്ടുണ്ട്. 1978ല്‍ ബോംബെയില്‍ ചെന്ന് രണ്ട് വര്‍ഷം അവിടെ ജോലി ചെയ്തു. തുടര്‍ന്നാണ് ഗള്‍ഫിലേക്ക് പോയത്. ഷാര്‍ജയില്‍ കഫ്റ്റീരിയ നടത്തിവന്നിരുന്ന സമയത്തും ജോലിത്തിരക്കുകള്‍ വകവെക്കാതെ സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു. അവിടത്തെ മയ്യത്ത് പരിപാലന സംഘത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മാപ്പിളകലാ അക്കാദമിയില്‍ 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. അല്ലാമ ഇക്ബാല്‍ യൂത്ത് ഫോറത്തില്‍ പത്ത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഷാര്‍ജ-ചെമനാട് ജമാഅത്ത് സ്ഥാപക നേതാവായിരുന്നു.
1994 മുതല്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ പ്രവര്‍ത്തക സമിതി അംഗമാണ്. കെ.എം.സി.സിയുടെ സംസ്ഥാന സെക്രട്ടറി, ഓര്‍ഗനൈസിംഗ് സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ആക്ടിംഗ് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഏഴ് വര്‍ഷം യു.എ.ഇ കെ.എം.സി.സിയുടെ സെക്രട്ടറിയായിരുന്നു. 15 വര്‍ഷം ജില്ലാ കെ.എം.സി.സി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. കാസര്‍കോട് ജില്ലാ മാഗസിന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. യു.എ.ഇയിലെ ആലിയ വെല്‍ഫയര്‍ കമ്മിറ്റിയുടെ പ്രഥമ ചെയര്‍മാനായിരുന്നു. ഷാര്‍ജ മഹല്‍ കോഓര്‍ഡിനേറ്ററായും സി.എച്ച് സെന്ററിന്റെ യു.എ.ഇ ചാപ്റ്റര്‍ പ്രസിഡണ്ടായും ചുമതല വഹിച്ചിരുന്നു. ചെമനാട് ജമാഅത്ത് ഹൈസ്‌കൂളിലെ പ്രചരണങ്ങളില്‍ ടി.കെ മാസ്റ്ററോടൊപ്പം സജീവമായി പ്രവര്‍ത്തിച്ചു. സി.ടി അഹമ്മദലിയും മഞ്ഞനാടി അബ്ദുല്‍റഹ്‌മാന്‍ മൗലവിയും യു.എ.ഇയില്‍ ചെന്നപ്പോള്‍ അവരോടൊപ്പം സഹകരിച്ചു.
1971ല്‍ അവിഭക്ത മുസ്ലിംലീഗ് പിളര്‍ന്നപ്പോള്‍ ഖാദര്‍ കുന്നില്‍ അഖിലേന്ത്യാ ലീഗിലാണ് പ്രവര്‍ത്തിച്ചത്. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രവര്‍ത്തനത്തിന് ബി.എസ് അബ്ദുല്ലയുടെ ഗണ്യമായ സ്വാധീനം തനിക്കുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്, ബാഫഖി തങ്ങള്‍ തുടങ്ങിയ നേതാക്കളെ നേരിട്ട് കണ്ടിട്ടുണ്ട്. കാസര്‍കോട് എസ്.ടി.യുവിന്റെ രൂപീകരണത്തില്‍ സജീവ സാന്നിധ്യമുണ്ടായിരുന്നു. ചന്ദ്രഗിരപാല ആക്ഷന്‍ കമ്മിറ്റിയില്‍ ടി.കെ മാഷിനോടൊപ്പം പ്രവര്‍ത്തിച്ചു. മാപ്പിളകലയെ വേണ്ടുവോളം പ്രോത്സാഹിപ്പിക്കുകയും വൈ.എം.എം.എയുടെ ബാനറില്‍ നിരവധി കഥാപ്രസംഗങ്ങളും ഗാനമേളകളും സംഘടിപ്പിക്കുകയും ചെയ്തു. വൈ.എം.എം.എയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.ബി ഷംസുദ്ദീന്റെ വീട്ടിലും കുന്നില്‍ പീടികയിലും മറ്റുമായി മാപ്പിളപ്പാട്ട് പഠനവേദി രൂപീകരിച്ച് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ചെമനാട് മുസ്ലിം സാധു സംരക്ഷണ സംഘം സംഘടിപ്പിച്ച വയള് പരിപാടിയില്‍ മുന്‍നിരയിലുണ്ടായിരുന്നു. വോളിബോള്‍ മത്സരത്തിലും ടൂര്‍ണ്ണമെന്റിലും ഖാദര്‍ കുന്നിലിന്റെ കമണ്ടറി കാണികളെ ആവേശഭരിതമാക്കിയിരുന്ന കാലം മനസ്സില്‍ തെളിഞ്ഞുവരുന്നു. മുസ്ലിംലീഗ് കെട്ടിടോദ്ഘാടനത്തിന് സുലൈമാന്‍ സേട്ട് ബടക്കംബാത്ത് വന്ന് പ്രസംഗിച്ച പരിപാടിയില്‍ ജീപ്പ് പ്രൊപഗണ്ടയിലെ ഖാദറിന്റെ ആവേശം തുടിക്കുന്ന വാക്കുകള്‍ ഇന്നും ചെമനാട്ടുകാര്‍ക്ക് മറക്കാനാവില്ല. ജനങ്ങളെ പിടിച്ചിരുത്തുന്ന തരത്തില്‍ പ്രസംഗിക്കാന്‍ കഴിവുള്ള, സംഘടനാ പാടവമുള്ള, കെല്‍പുള്ള പ്രവര്‍ത്തകനായിരുന്നു ഖാദര്‍. അദ്ദേഹത്തിന് എന്നോടുള്ള വ്യക്തിപരമായ സ്‌നേഹവും ബഹുമാനവും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
2021-2024 വര്‍ഷത്തെ ചെമനാട് ജമാഅത്ത് കമ്മിറ്റിയിലേക്ക് ഞാന്‍ വരണമെന്ന് വളരെയധികം നിര്‍ബന്ധിച്ചിരുന്നു. മരണസമയത്ത് അദ്ദേഹം ചെമനാട് ജമാഅത്തിന്റെ വൈസ് പ്രസിഡണ്ടായിരുന്നു.
സകല രംഗത്തും സേവനം അടയാളപ്പെടുത്തിയ ഖാദര്‍ കുന്നിലിന്റെ ബര്‍സഖിയായ ജീവിതം സുഖകരമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Related Articles
Next Story
Share it