കേരളത്തിന്റെ വിപ്ലവ നക്ഷത്രം മാഞ്ഞു...

കേരളത്തിന്റെ വിപ്ലവനക്ഷത്രം കെ.ആര്‍ ഗൗരിയമ്മ ഇനി ഹൃദയങ്ങളില്‍ ജ്വലിക്കുന്ന അഗ്നി നക്ഷത്രം. വിപ്ലവത്തിന്റെ കനല്‍ വഴികള്‍ താണ്ടി ഗൗരിയമ്മ യാത്രയാകുമ്പോള്‍ കേരളം കേള്‍ക്കുന്നത് ഒരു രണഗീതിയുടെ അലയൊലികളാണ്. ചേര്‍ത്തല പാണക്കാട് വിയാത്ര കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 മിഥുനത്തിലെ തിരുവോണ നാളിലാണ് ഗൗരിയമ്മ പിറന്നത്. അവരുടെ സമ്പൂര്‍ണ്ണ ജീവിതം കേരള രാഷ്ട്രീയത്തിന്റെയും കമ്മ്യൂണിസ്റ്റ് ഇടത് പ്രസ്ഥാനങ്ങളുടെയും കൂടി ചരിത്രമാണ്. കേരളം കണ്ട ഏറ്റവും ശക്തയായ വനിതാ രാഷ്ട്രീയ നേതാവും ഗൗരിയമ്മ തന്നെയാണ്. തുറവൂര്‍ തിരുമല ദേവസ്വം […]

കേരളത്തിന്റെ വിപ്ലവനക്ഷത്രം കെ.ആര്‍ ഗൗരിയമ്മ ഇനി ഹൃദയങ്ങളില്‍ ജ്വലിക്കുന്ന അഗ്നി നക്ഷത്രം. വിപ്ലവത്തിന്റെ കനല്‍ വഴികള്‍ താണ്ടി ഗൗരിയമ്മ യാത്രയാകുമ്പോള്‍ കേരളം കേള്‍ക്കുന്നത് ഒരു രണഗീതിയുടെ അലയൊലികളാണ്. ചേര്‍ത്തല പാണക്കാട് വിയാത്ര കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 മിഥുനത്തിലെ തിരുവോണ നാളിലാണ് ഗൗരിയമ്മ പിറന്നത്. അവരുടെ സമ്പൂര്‍ണ്ണ ജീവിതം കേരള രാഷ്ട്രീയത്തിന്റെയും കമ്മ്യൂണിസ്റ്റ് ഇടത് പ്രസ്ഥാനങ്ങളുടെയും കൂടി ചരിത്രമാണ്.
കേരളം കണ്ട ഏറ്റവും ശക്തയായ വനിതാ രാഷ്ട്രീയ നേതാവും ഗൗരിയമ്മ തന്നെയാണ്. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. സി.പി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളും പുന്നപ്ര വയലാര്‍ സമരവും വെടിവെപ്പും ഗൗരിയമ്മയെ സജീവരാഷ്ട്രീയത്തിലേക്ക് നയിച്ചു. പി. കൃഷ്ണപിള്ളയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച അവര്‍ 1948ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് 1952ലും 54ലും തിരുകൊച്ചി നിയമസഭയിലേക്ക് വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിന് ശേഷം 1957ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിക്കുകയും കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ റവന്യുവകുപ്പ് മന്ത്രിയായി നിയമിതയാകുകയും ചെയ്തു. ഇതേ മന്ത്രി സഭയില്‍ അംഗമായിരുന്നു ടി.വി തോമസിനെയാണ് വിവാഹം ചെയ്തത്. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോല്‍ സി.പി.എമ്മിനോടൊപ്പം നിന്നു. എന്നാല്‍ സി.പി.ഐ.യില്‍ തുടര്‍ന്ന ടി.വി തോമസുമായി അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായതോടെ ഇരുവരും വേര്‍പിരിഞ്ഞു. 1994 ജനുവരി 1ന് ഗൗരിയമ്മ സി.പി.എമ്മില്‍ നിന്ന് പുറത്തായി തുടര്‍ന്ന് ജെ.എസ്.എസ് രൂപീകരിച്ചു. യു.ഡി.എഫിലായിരുന്ന അവര്‍ 2016ല്‍ ഇടഞ്ഞ് മുന്നണി വിട്ടു. 1957, 67, 80, 87 കാലത്തെ ഇടത് പക്ഷ മന്ത്രി സഭകളിലും 2001-2006 കാലത്തെ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗമായിരുന്നു.
സി.പി.എമ്മിനോട് അകലം പാലിക്കാന്‍ പല കാരണങ്ങളുമുണ്ടായിരുന്നു. ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സി.പി.എം വിജയത്തിനു ശേഷം നിയമസഭാ കക്ഷി നേതാവായി ഇ.കെ. നായനാരെ തിരഞ്ഞെടുത്തതോടെയാണ് പാര്‍ട്ടിയും ഗൗരിയമ്മയും തമ്മില്‍ അകലം ഏറിയത്. സംസ്ഥാന കമ്മിറ്റിയില്‍നിന്നു ക്ഷോഭിച്ച് ഇറങ്ങിപ്പോയ ഗൗരിയമ്മയെ അനുനയിപ്പിച്ചു വ്യവസായം, എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയാക്കി.
പക്ഷേ, ദൂരപരിധി കണക്കാക്കി കള്ളുഷാപ്പുകള്‍ നിലനിര്‍ത്തിയതിന്റെ പേരില്‍ സി.ഐ.ടി.യു വിഭാഗം പിണങ്ങിയതോടെ എക്‌സൈസ് വകുപ്പ് ടി.കെ. രാമകൃഷ്ണനിലേക്കു മാറ്റി. തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളിലും കല്ലുകടിച്ചു. വിവിധ വ്യവസായ മേഖലകളില്‍ സി.ഐ.ടി.യു.വിന്റെ താല്‍പര്യത്തിനു വിരുദ്ധമായി ഗൗരിയമ്മ നടപ്പാക്കിയ പദ്ധതികള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഏറ്റവുമധികം സമ്മര്‍ദ്ദം അനുഭവിച്ച നാളുകളായിരുന്നു അത്. ആ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്ക് ആയ ടെക്നോപാര്‍ക്ക് ഉള്‍പ്പെടെ കേരളത്തിന്റെ തലവര മാറ്റിയ പല വ്യവസായ സംരംഭങ്ങളും ഗൗരിയമ്മ കൊണ്ടുവന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം രൂപം നല്‍കിയ സ്വാശ്രയസമിതിയില്‍ ഗൗരിയമ്മ അധ്യക്ഷയായത് പാര്‍ട്ടിയെ ചൊടിപ്പിച്ചു. ഈ സ്ഥാനം ഒഴിയാത്തതിനെത്തുടര്‍ന്ന് ഗൗരിയമ്മയെ ആദ്യം ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയും തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഒരുക്കിയ 'കുറ്റപത്രം' സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെ പാര്‍ട്ടിയില്‍നിന്നു തന്നെ പുറത്താക്കുകയുമായിരുന്നു. പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് അന്നു രൂപംനല്‍കിയ ജനാധിപത്യ സംരക്ഷണ സമിതിയാണു പില്‍ക്കാലത്ത് ജെ.എസ്.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയായത്.
പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണ് പരാജയപ്പെട്ടത്.

Related Articles
Next Story
Share it