കാഞ്ഞങ്ങാട്: ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാഞ്ഞിരപ്പൊയില്‍ ഗവ. ഹൈസ്കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതുകൊണ്ടാണ് മാറുന്ന കാലത്തിനനുസരിച്ച് പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുന്നത്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക രംഗത്തും ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ ഇക്കാലയളവില്‍ സര്‍ക്കാരിനു കഴിഞ്ഞു.
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളെ പൊതുവിദ്യാഭ്യാസരംഗത്ത് അനുകരണീയമായ നിലയില്‍ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. വിദ്യാകിരണം പദ്ധതി മുഖേന 47,613 ലാപ്ടോപ്പുകളും ഹൈടെക് പദ്ധതി മുഖേന 16,500 ലാപ്ടോപ്പുകളും കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് നല്കി. മലയോര പിന്നോക്ക മേഖലകളില്‍ മാത്രം 45,710 ഡിജിറ്റല്‍ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഇതിന്റെയൊക്കെ ഫലമായാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്സില്‍ കേരളം ഒന്നാമതെത്തിയത്. നീതി ആയോഗ് നടത്തിയ സ്കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സിലും, ഐക്യരാഷ്ട്ര സഭയും നീതി ആയോഗും നടത്തിയ സസ്റ്റെയ്നബിള്‍ ഡവലപ്പ്മെന്റ് ഗോള്‍സ് (എസ്.ഡി.ജി) ഇന്ത്യ ഇന്‍ഡക്സിലും കേരളം ഒന്നാമതെത്തി-മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ സ്കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിച്ചിട്ട് 15 വര്‍ഷമായി. ഈ പശ്ചാത്തലത്തിലാണ് സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒന്ന്, മൂന്ന്, അഞ്ച് ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്ക്കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത അക്കാദമിക വര്‍ഷം സ്കൂളുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനോടൊപ്പം അധ്യാപക സഹായി, ഡിജിറ്റല്‍ ടെക്സ്റ്റ്, രക്ഷിതാക്കള്‍ക്കുള്ള ടെക്സ്റ്റ് എന്നിവയും തയ്യാറാക്കും. കുട്ടികള്‍ക്ക് സ്വയംപഠിക്കാന്‍ കൂടി ഉതകുന്ന തരത്തിലാവും ഡിജിറ്റല്‍ ടെക്സ്റ്റ് വികസിപ്പിക്കുക. കൂടാതെ ഭിന്നശേഷി കുട്ടികള്‍ക്കായി ഓഡിയോ ടെക്സ്റ്റ് പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചരിത്രത്തെയും സമൂഹത്തെയും ശാസ്ത്രത്തെയും വസ്തുനിഷ്ഠമായി മനസ്സിലാക്കിക്കൊണ്ടല്ലാതെ വിദ്യാഭ്യാസം എന്ന പ്രക്രിയ പൂര്‍ണ്ണമാവില്ല. ചരിത്രബോധവും ശാസ്ത്രബോധവുമില്ലാത്ത ഒരു തലമുറയ്ക്കു രാഷ്ട്രത്തെ മുന്നോട്ടു നയിക്കാനുമാവില്ല. ഈ കാഴ്ചപ്പാടോടെയാണ് എന്‍.സി.ഇ.ആര്.ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനായി പ്രത്യേക പാഠപുസ്തകം തയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു. ഇവ പഠിക്കുന്നതിലൂടെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉത്തമ പൗരന്മാരും മൂല്യങ്ങളുള്ള മനുഷ്യരുമായി തീരും. അത്തരത്തിലുള്ള വ്യക്തികളെയും അവരടങ്ങുന്ന സമൂഹത്തെയും വാര്‍ത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം.
ജനാധിപത്യബോധവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹമാണ് കേരളം. ഈ മൂല്യങ്ങള്‍ നമ്മുടെ പുതുതലമുറയിലേക്കും പകരേണ്ടതുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷതവഹിച്ചു. കെ.രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന് സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ.വിജേഷ് നന്ദിയും പറഞ്ഞു.
നബാര്‍ഡിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.