തിരുവന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലും ജാഗ്രത ശക്തമാക്കി. ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്.
കേരളത്തിലും തമിഴ്നാട്ടിലും പ്രാദേശിക അക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകള്‍ പോയതും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-ഉമ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ട്.
കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്നാട്ടിലെ മറ്റ് തെക്കന്‍ ജില്ലകള്‍ തുടങ്ങിയവിടങ്ങളിലെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഏജന്‍സി നിരീക്ഷിച്ച് വരികയാണെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എഎന്‍.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റേയും തെക്കന്‍ തീരദേശ മേഖലയില്‍ നാവികസേനയും തീരസുരക്ഷാസേനയും നിരീക്ഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.