വഖഫ് ബോര്‍ഡിന്റെ ചരിത്രവും നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നിലപാടും

ലോകത്ത് ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാചകന്‍ മുഹമ്മദ് മുസ്തഫയുടെ (സ:അ) കാലത്ത് തന്നെ വിശ്വാസികളില്‍ സമ്പന്നരായവരുടെ സമ്പത്തും ഇസ്ലാമിക ഭരണമുള്ള സ്ഥലത്ത് ബൈത്തുല്‍ മാലിലെ സമ്പത്തും ഉപയോഗിച്ചായിരുന്നു ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തിയിരുന്നത്. ഇസ്ലാമിക ഭരണമില്ലാത്ത രാജ്യത്ത് ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള വഴിയാണ് വഖഫ് സ്വത്തുക്കള്‍. വഖഫ് എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അല്ലാഹുവിന് നല്‍കുന്ന പാരിതോഷികമാണ്. അങ്ങനെ നല്‍കുന്ന പാരിതോഷികമായ സ്വത്ത്, ധനം, സ്വര്‍ണ്ണം, മറ്റു വില മതിക്കുന്നവയുടെ അവകാശം അല്ലാഹുവിന് മാത്രമാണ്-അതാണ് വഖഫ്. വഖഫില്‍ പലതരം […]

ലോകത്ത് ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാചകന്‍ മുഹമ്മദ് മുസ്തഫയുടെ (സ:അ) കാലത്ത് തന്നെ വിശ്വാസികളില്‍ സമ്പന്നരായവരുടെ സമ്പത്തും ഇസ്ലാമിക ഭരണമുള്ള സ്ഥലത്ത് ബൈത്തുല്‍ മാലിലെ സമ്പത്തും ഉപയോഗിച്ചായിരുന്നു ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തിയിരുന്നത്.
ഇസ്ലാമിക ഭരണമില്ലാത്ത രാജ്യത്ത് ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള വഴിയാണ് വഖഫ് സ്വത്തുക്കള്‍. വഖഫ് എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അല്ലാഹുവിന് നല്‍കുന്ന പാരിതോഷികമാണ്. അങ്ങനെ നല്‍കുന്ന പാരിതോഷികമായ സ്വത്ത്, ധനം, സ്വര്‍ണ്ണം, മറ്റു വില മതിക്കുന്നവയുടെ അവകാശം അല്ലാഹുവിന് മാത്രമാണ്-അതാണ് വഖഫ്.
വഖഫില്‍ പലതരം വഖഫ് ഉണ്ട്. പള്ളി, മദ്രസ, യത്തീംഖാന തുടങ്ങിയവയും ഇവകള്‍ക്ക് വരുമാന ആവശ്യത്തിനായി നല്‍കുന്ന ഹലാല്‍ ആയ വസ്തു. ഉദാഹരണം: ഭൂമി, സ്വര്‍ണ്ണം, പള്ളം കെട്ടിടം, കൃഷി സ്ഥലം ഇങ്ങനെ തുടങ്ങിയവയെയാണ് വഖഫ് ചെയ്യുക.
വഖഫ് ബോര്‍ഡ് 1956ലാണ് ഇന്ത്യയില്‍ ആദ്യമായി നിലവില്‍ വന്നത്. പിന്നീട് സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ നിലവില്‍ വന്നു. 1956ല്‍ രൂപീകരിച്ച ഇന്ത്യന്‍ സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ കീഴിലായാണ് നിലവില്‍ വന്നത്. ഹരിയാന സംസ്ഥാന വഖഫ് ബോര്‍ഡ് ഇന്ത്യയില്‍ തന്നെ പ്രത്യേകതയുള്ള ബോര്‍ഡാണ്. 1964ലാണ് ഹരിയാന സംസ്ഥാനത്ത് നിലവില്‍ വന്നത്. കേരള സംസ്ഥാനത്ത് വഖഫ് ബോര്‍ഡ് നിലവില്‍ വന്നത് 1960ലാണ്. പിന്നീട് പലസംസ്ഥാനങ്ങളുടെ വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമത വരുത്തുന്നതിന് വേണ്ടി 1970ല്‍ ഇന്ത്യന്‍ സെന്‍ട്രല്‍ വഖഫ് ആക്ട് നിലവില്‍ വന്നു.
ഹരിയാന സംസ്ഥാന വഖഫ് ബോര്‍ഡിന്റേത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധികാരങ്ങളും ഉത്തരവാദിത്വങ്ങളും കൂടുതലാണ്. പള്ളിയിലെ ഖത്തീബ്, മുദരിസ് മദ്രസ, യത്തീംഖാന മറ്റു മതപരമായ സ്ഥാപനങ്ങള്‍ ഇവയില്‍ എല്ലാ നിയമനവും വഖഫ് ബോര്‍ഡ് നേരിട്ടാണ് നടത്തുക. വഖഫ് ബോര്‍ഡിന്റെ സമ്മതം ഇല്ലാതെ ഒരു മതസ്ഥാപനവും പ്രവര്‍ത്തിപ്പിക്കാന്‍ അധികാരമില്ല.
വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന ഘടകങ്ങളാണ് നിലവില്‍ ഉള്ളത്. സെന്‍ട്രല്‍ വഖഫ് ആക്ട്, സംസ്ഥാന വഖഫ് ആക്ട്. ഇതിന് രണ്ടിനും ഭരണഘടന സ്ഥാപനമെന്ന നിലയില്‍ സ്റ്റാറ്റൂട്ടറി ബോര്‍ഡും നിലവിലുണ്ട്.
2013ലെ വഖഫ് ആക്ട് ഭേദഗതി മുതവല്ലിമാരെയും ചില വഖഫ് സ്ഥാപനങ്ങള്‍ക്കും മൂക്ക് കയറിടാന്‍ വേണ്ടിയായിരുന്നു. ചില വിഷയങ്ങളില്‍ വഖഫ് ആക്ടിന്റെ പരിരക്ഷ വഖഫ് സ്ഥാപനങ്ങള്‍ക്ക് സഹായമായെങ്കിലും പല ബുദ്ധിമുട്ടുകളും മതസ്ഥാപനങ്ങള്‍ നേരിടേണ്ടി വന്നു. അത്‌വരെ വഖഫ് ബോര്‍ഡിന്റെ അനുമതിയും ഇസ്ലാമിക കര്‍മ്മ ശാസ്ത്രം അനുവദനീയമായതും വില്‍ക്കാനുള്ള അവകാശം എടുത്ത് കളഞ്ഞത് പ്രത്യേകം എടുത്ത് പറയണം.
വഖഫ് ബോര്‍ഡ് ആക്ട് ഭേദഗതിയില്‍ പ്രധാനപ്പെട്ടത് 1995ലേതും 2013ലേതുമാണ്. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സംഘടന വാങ്ങിയ സ്വത്തുക്കള്‍ ഈ ഭേദഗതികള്‍ക്ക് ശേഷം ഒരു നിലക്കും കൈമാറ്റം പാടില്ല (വില്‍പന) എന്നതും വലിയ കീറാമുട്ടി തന്നെയാണ്.
1995ന് മുമ്പ് വാങ്ങിയ വഖഫ് സ്വത്തുക്കള്‍ വില്‍ക്കാനുള്ള അവകാശം ആവശ്യപ്പെട്ടും പ്രസ്തുത ഭേദഗതിയെ ചോദ്യം ചെയ്തും സുപ്രിംകോടതിയെ സമീപിക്കാമായിരുന്നു. ഇത്‌വരെ ആരും മുതിര്‍ന്നില്ല എന്നത് ദു:ഖകരം തന്നെ. അങ്ങനെ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുമായിരുന്നു.
വഖഫ് ബോര്‍ഡിലെ ജോലിക്കാരുടെ നിയമനം പി.എസ്.സിക്ക് വിടും എന്ന് കേരള സര്‍ക്കാര്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. നല്ല ഉദ്യോഗാര്‍ത്ഥികളെ ലഭിക്കും എന്നതാണ് പറഞ്ഞ കാരണം. പാലോളി മുഹമ്മദ് കുട്ടി വഖഫ് മന്ത്രിയായിരുന്നപ്പോള്‍ ആണ് അവസാനമായി വഖഫ് ബോര്‍ഡില്‍ നിയമനം വന്നത്. ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഓഫീസും ജോലിക്കാരും ബോര്‍ഡും ഉള്ളത് കേരളത്തിലാണ് എന്നതിനുള്ള അവാര്‍ഡ് വാങ്ങാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ബോര്‍ഡിന് സാധിച്ചതും നാം മറക്കരുത്. അതിന് കാരണം നിലവില്‍ സെന്‍ട്രല്‍ വഖഫ് ആക്ട് അനുസരിച്ച് വഖഫ് ബോര്‍ഡിലെ ജോലിക്കാരുടെ നിയമനം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ബോര്‍ഡും സെക്രട്ടറി, വകുപ്പ് സെക്രട്ടറി, പ്രതിനിധി തുടങ്ങിയ ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ച് ആവശ്യമുള്ള തസ്തിക, യോഗ്യത, വയസ് എന്നിവ ഉള്‍പ്പെടുത്തി പത്രത്തില്‍ പരസ്യം നല്‍കി പരീക്ഷ നടത്തി മെരിറ്റ് അനുസരിച്ചാണ് നിയമനം നടക്കുക. ഇത്രയും സുതാര്യമായ സംവിധാനത്തെ അട്ടിമറിക്കാന്‍ മാത്രമാണ് പി.എസ്.സി നിയമനം എന്ന കോലാഹലം കൊണ്ടുള്ള ഉദ്ദേശം.
വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന്റെ സാമ്പത്തിക ഉറവിടം വഖഫ് സ്വത്തുക്കളില്‍ നിന്ന് ലഭിക്കുന്ന വിഹിതമാണ്. സര്‍ക്കാരുകള്‍ പലപ്പോഴായി വഖഫിനോട് കടം വാങ്ങിയ പണം ഇത് വരെ തിരിച്ച് നല്‍കിയില്ല എന്നത് സര്‍ക്കാര്‍ ഓര്‍ക്കണം.
വഖഫ് ബോര്‍ഡിന്റെ ഉദ്യോഗസ്ഥരുടെ നിയമനം പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം മുസ്ലിങ്ങളില്‍ എതിര്‍പ്പ് ഉണ്ടാക്കി. മുസ്ലിം സംഘടനകള്‍ യോഗം ചേര്‍ന്ന് ജുമുഅ ദിവസം പള്ളിയില്‍ ഈ വിഷയത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചു. ആ തീരുമാനം രാഷ്ട്രീയമായി നിയമസഭയിലും പുറത്ത് വിവാദമായ വിഷയം എന്നതിലേക്ക് പള്ളിയില്‍ പറയണ്ട എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രിമുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കേരള സംസ്ഥാനത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത പ്രസിഡണ്ട് ജിഫ്‌രി തങ്ങളെ വിളിച്ച് സംസാരിച്ചു. മതനേതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമേ തീരുമാനം എടുക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു. അടിയന്തിരമായി മതസംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചര്‍ച്ച ചെയ്തു. നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിന് മതനേതാക്കള്‍ എതിരാണ് എന്ന് കേരള സര്‍ക്കാര്‍ മനസിലാക്കി. കേരള സംസ്ഥാന വഖഫ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ സമസ്ത പ്രസിഡണ്ട് ജിഫ്‌രി തങ്ങളുടെ വീട്ടില്‍ പോയി ആശയവിനിമയം നടത്തി. സമസ്തയുടെ തീരുമാനത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട് കടപ്പുറത്ത് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി വഖഫ് റാലിയും സംഘടിപ്പിച്ചിരുന്നു. മുസ്ലിംങ്ങളും മുസ്ലിം സംഘടനകളും സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരാണ് എന്ന് മനസിലാക്കിയ സര്‍ക്കാര്‍ 20-ാം തീയ്യതി നടന്ന നിയമസഭാ യോഗത്തില്‍, വഖഫ് ബോര്‍ഡ് ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മുസ്ലിം ബഹുജന സമാജത്തിന്റെ വികാരം മനസിലാക്കി സര്‍ക്കാര്‍ എടുത്ത തീരുമാനം ഏറെ പ്രശംസനീയം തന്നെ.

-ഇബ്രാഹിം മുണ്ട്യത്തടുക്ക

Related Articles
Next Story
Share it