തിരുവനന്തപുരം: വീണാ വിജയന്‍ വിഷയത്തില്‍ നിയമസഭ ഇന്ന് പ്രക്ഷുബ്ധമായി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത് ബഹളത്തിനും ഒടുവില്‍ ഇറങ്ങിപ്പോക്കിനും ഇടവരുത്തി. നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തുകയായിരുന്നു. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിന്റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്.ചട്ടം ലംഘിക്കുന്നില്ലെന്നും ചട്ട പ്രകാരമാണെന്നും സതീശന്‍ മറുപടി നല്‍കിയെങ്കിലും റൂള്‍ 53 പ്രകാരം ചട്ട പ്രകാരം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു. കോടതി പരിഗണനയിലുള്ള വിഷയം പരിഗണിക്കരുതെന്നാണ് ചട്ടമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയം തള്ളുകയായിരുന്നു. തുടര്‍ന്ന് അതിവേഗം മറ്റു നടപടികളിലേക്ക് സ്പീക്കര്‍ കടന്നു. ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഭരണപക്ഷ എം.എല്‍.എമാരും പ്രതിപക്ഷത്തിനെതിരെ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് നേര്‍ക്കുനേരുള്ള വാക്ക്പോരാണുണ്ടായത്.പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.കേരളം കൊള്ളയടിച്ച് പിവി ആന്‍ഡ് കമ്പനി എന്നെഴുതിയ ബാനറുമേന്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍നിന്നും പുറത്തേക്ക് വന്നത്.
സഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി പ്രതിപക്ഷാംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തന്റെ കൈകള്‍ ശുദ്ധം ആണെന്നും മകള്‍ക്കെതിരായ കണ്ടെത്തലുകള്‍ ആരോപണങ്ങള്‍ മാത്രമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐഡിസി കൂടി അന്വേഷണ പരിധിയിലുള്ള സാഹചര്യത്തിലാണ് ഇന്ന് രാവിലെ സഭയില്‍ വലിയരീതിയിലുള്ള പ്രതിഷേധത്തിലേക്ക് പ്രതിപക്ഷം കടന്നത്.