സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം; കുട്ടികളെ കൊണ്ടുപോകുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പരിചയം വേണം; സുരക്ഷ പോലീസ് ഉറപ്പുവരുത്തണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതിയകലുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടി കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പോലീസിന് ആയിരിക്കും. ഇക്കാര്യത്തില്‍ മോട്ടോര്‍ […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതിയകലുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടി കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പോലീസിന് ആയിരിക്കും. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായവും തേടാവുന്നതാണ്. സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര് 20ന് മുമ്പ് പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങള്‍ ആയാലും സ്‌കൂള്‍ വാഹനങ്ങള്‍ ആയാലും അവ ഓടിക്കുന്നവര്‍ക്ക് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്‌കൂളിലെത്തി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അധ്യാപക രക്ഷാകര്‍തൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മ തല ആസൂത്രണം സ്‌കൂള്‍ തുറക്കുന്നതിനു മുമ്പേ നടത്തേണ്ടതാണ്. കുട്ടികളില്‍ കോവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണെങ്കിലും കുറച്ച് കുട്ടികള്‍ക്കെങ്കിലും കോവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അത് മുന്കൂട്ടി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Related Articles
Next Story
Share it